reviewed by Mukthar Udarampoyil Date Added: Monday 3 Oct 2016

ഇതാ ഒരു കള്ളരാമൻ...........................................വഹീദ സുബി.ഒരു കഥ വായിച്ച് അത് ഒരിക്കല്‍ കൂടി മറിച്ചുനോക്കാന്‍ വായനക്കാരനെ പ്രേരിപ്പിക്കുന്നുണ്ടെങ്കില്‍ അത് മികച്ച സൃഷ്ടിയാണെന്ന കാര്യം ഉറപ്പിക്കാം. മുഖ്താര്‍ ഉദരംപൊയിലിന്റെ കഥാ സമാഹാരമായ കള്ളരാമനിലെ കഥകളെല്ലാം ഇത്തരത്തില്‍ വായനക്കാരനെ വീണ്ടും വീണ്ടും ആകര്‍ഷിക്കുന്നവയാണ്. കള്ളരാമനിലെ കഥകളെയൊന്നും വെറും കഥകളായി കാണാനാവില്ല. അതിലൊരു നാട് മുഴുവന്‍ നിഴലിക്കുന്നുണ്ട്. നാടിന്റെ നന്മകളും നര്‍മങ്ങളുമാണ്. വേദനകളും വ്യസനങ്ങളുമാണ്. കഥാകാരന്റെ ബാല്യകാല സ്മരണകളെ പകര്‍ത്തിവെച്ച പറച്ചിലുകളാണവ. വായിക്കുന്നവന്‍ വായിക്കുകയല്ല. വായനയിലൂടെ കഥാകാരനെ കേള്‍ക്കുകയാണ്. ഏറനാടന്‍ ഭാഷാ ശൈലിയിലേക്ക് വായനക്കാരനെയും കൂട്ടിക്കൊണ്ടുപോകുന്ന വാക്കുകളുടെ ഇന്ദ്രജാലം. കഥാപാത്രങ്ങളുടെ ചുണ്ടിനൊപ്പിച്ച് വായനക്കാരനും ചുണ്ടനക്കുന്ന ഒരു ഇന്ദ്രജാലമുണ്ട് മുഖ്താറിന്റെ കഥകള്‍ക്ക്. കഥകളിലെ നായകന്‍ എഴുത്തുകാരന്‍ തന്നെ ആയിരിക്കണം. കഥകളിലെവിടെയും ഞാനെന്ന ആള്‍ക്ക് പേര് വിളിച്ചിട്ടില്ല. അത് വായിക്കുന്ന ഓരോരുത്തരും കഥകളിലെ ഞാനാണ്. അതിലെ ഓരോ സംഭവങ്ങളും ഓരോ മനുഷ്യന്റെയും ബാല്യകാലങ്ങളാണ്. പാട്ടുപാടി ഓടുന്ന പൊട്ടത്തി സുഹ്‌റയും മൈലങ്കോടന്‍ റഹ്മത്തലിയും അബുമാഷും ഓമന ടീച്ചറുമൊക്കെ നമ്മുടെയൊക്കെ സ്കൂള്‍ ജീവിതത്തില്‍ പല ഘട്ടങ്ങളിലായി കടന്നുവന്നവരാണ്. ചേരട്ടയെ തിന്ന് വായ പൊള്ളിയ ഹസീന നമ്മുടെ കളിക്കൂട്ടുകാരിലെവിടെയോ ഒളിച്ചിരിപ്പുണ്ട്. അങ്ങാടിയില്‍ മീന്‍ വില്‍ക്കുന്ന കുട്ട്യാപ്പുവിനെപ്പോലൊരാള്‍ അടുത്തുള്ള അങ്ങാടിയിലുണ്ടാകും. പല കഥകളും രസകരമായ സംഭവ വികാസങ്ങളിലൂടെ കടന്ന് പോയി അവസാനിക്കുന്നത് ചെറിയ വേദനകള്‍ നെഞ്ചില്‍ കൊളുത്തിവെച്ചാണ്. വൈക്കം മുഹമ്മദ് ബഷീറിന്റെ ഭാഷയില്‍ പറഞ്ഞാല്‍ അച്ചാലും മുച്ചാലും തല്ല് കിട്ടി ക്ഷീണിച്ചപ്പോള്‍ കണ്ണീരുപ്പില്‍ കലര്‍ന്ന ചോറ് വാരിക്കൊടുക്കുന്ന റഹ്മത്തലിയും അത് കണ്ട് ചോറ് തിന്നാതെ കൊട്ടിക്കളഞ്ഞ പൊട്ടത്തിസ്സൂറയും, കിറ്ക്കത്തി സൈനക്ക് പൊള്ളലേല്‍ക്കുന്നതും, മഞ്ഞീലിന്റെ രുചിയും കഥയും അറിയുന്നതിന്റെ മുമ്പ് വല്യുപ്പ യാത്രയാവുന്നതും, ഓമന ടീച്ചറുടെ ദുരവസ്ഥയും, നായയെ ഒറ്റക്കാക്കി കൊട്ടംചുക്കാദിയുടെ മണം ബാക്കിവെച്ച് ബാപ്പ മണ്ണിലേക്ക് മറഞ്ഞതും, ബാല്യകാല സുഹൃത്തായ ഹസീനയുടെ ദാമ്പത്യ ജീവിതവുമെല്ലാം മനസ്സിലിത്തിരി നോവു പടര്‍ത്താതിരുന്നില്ല. എങ്കിലും കള്ളരാമനെ ഒരാള്‍ക്കും പേടി തോന്നാത്ത കള്ളനായി വരച്ചു വെക്കാന്‍ കഥാകൃത്തിന് കഴിഞ്ഞിട്ടുണ്ട്. ഒരു കോണകത്തിലൂടെ കണ്ട കള്ളരാമനെ പിന്നെ കാണുന്നത് വെള്ളത്തുണിയും കുപ്പായവുമിട്ട നാസര്‍രാമനായിട്ടാണ്. വാതില്‍പടി കടന്ന് അകത്തുകയറാതെ ആകാശത്തുനിന്നും താഴേക്കിറങ്ങുന്ന ഭര്‍ത്താവിനെ കാത്തു നില്‍ക്കുന്ന ആമിനുവിലവസാനിക്കുന്നു ഒരുനാടിന്റെ തന്നെ ഇതിഹാസമായി മാറിയ കള്ളരാമന്‍. തന്റെ അടുത്ത കഥയിലേക്ക് ഇരയെക്കിട്ടിയ സന്തോഷമുണ്ട് ഗുലാഫി സുലാഫി കഥയുടെ അവസാനത്തില്‍. മനുഷ്യരുടെ ദുരന്തങ്ങളെ എങ്ങനെ ആഘോഷിക്കാനാവുമെന്ന ഒരെഴുത്തുകാരന്റെ സ്വാര്‍ത്ഥത അതിലൊളിഞ്ഞു കിടക്കുന്നുണ്ട്.മഞ്ഞീലിലെ മീന്‍പിടിത്തവും മീനുകളും ഹായ് കൂയ് പൂയിലെ പൊട്ടത്തിസ്സൂറയുടെ പാട്ടുകളുംകിറ്ക്കത്തിയിലെയും കുര്‍സും കുര്‍സൂംലെയും ബാല്യകാല കളികളും നമുക്കൊട്ടും അപരിചിതമായി തോന്നില്ല. അതുകൊണ്ടുതന്നെ കളളരാമന്‍ വായിക്കുന്നൊരാള്‍ കഥാകാരനിലൂടെ തന്റെകൂടി ബാല്യകാലങ്ങളിലൂടെ, സ്കൂള്‍ ജീവിതങ്ങളിലൂടെ കടന്ന് പോവുകയാണ്. കഥകളുടെ പേരുകള്‍ തികച്ചും വ്യത്യസ്തതയാര്‍ന്നതാണ്. കൃത്യമായി അര്‍ത്ഥങ്ങളില്ലാത്ത കുറെ വാക്കുകള്‍. ഗുലാഫി സുലാഫി, കുര്‍സും പുര്‍സും, ഹായ് കൂയ് പൂയ് എന്നിവയൊക്കെ ഉദാഹരണം. ഈ വാക്കുകള്‍ക്ക് കഥയുമായുള്ള ബന്ധം കഥ പൂര്‍ണ്ണമായും വായിച്ചെങ്കിലേ മനസ്സിലാകൂ. ആദ്യ കാഴ്ചയിലും വായനയിലും ഏതാനും അക്ഷരങ്ങള്‍ കൂട്ടിക്കുഴച്ചിട്ട അര്‍ത്ഥമില്ലാത്ത കഥാ പേരുകള്‍ കഥ മുഴുവന്‍ വായിക്കുന്നതോടുകൂടി ഒരുപാട് അര്‍ത്ഥങ്ങളും മാനങ്ങളുമുള്ളതാണെന്ന് എളുപ്പത്തില്‍ മനസ്സിലാക്കാം. ഏറനാടന്‍ ഭാഷയില്‍ മാത്രം കണ്ടുവരുന്ന പല പ്രയോഗങ്ങള്‍ കഥയിലെല്ലായിടത്തും ഉണ്ട്. ഹലാക്കന്‍ പാറയും ഗുദാമിന്റെ മരവും കീറി മാലാച്ചിലും ജദബ് ഇളകലുമൊക്കെ ഉദാഹരണങ്ങള്‍.നാട്ടിന്‍പുറത്തിന്റെ ചൂടും ചൂരുമുള്ള, നന്മയും തമാശകളും നിറഞ്ഞ ഒട്ടേറെ കഥാപാത്രങ്ങള്‍ വായനക്കാരനെ തുടക്കം മുതല്‍ ഒടുക്കം വരെ നയിക്കുന്നുണ്ട്. ലളിത മനോഹരമായ ഭാഷയും പ്രയോഗങ്ങളും കാരണം കുറഞ്ഞ സമയം കൊണ്ട് വായിച്ചുതീര്‍ക്കാവുന്ന കഥകള്‍. അത്രയും ആയാസരഹിതമായിട്ടാണ് കഥകളെ ചിട്ടപ്പെടുത്തിയിട്ടുള്ളത്.പി. സുരേന്ദ്രന്റെ മനോഹരമായ അവതാരികയോടു കൂടി തുടങ്ങുന്ന കള്ളരാമന്‍ എന്ന പുസ്തകം വായനക്കാരന്റെ ഉള്ളില്‍ ചലനമുണ്ടാക്കുമെന്നുറപ്പ്.(മലയാളം ന്യൂസ് സൺഡേപ്ലസ് - 2016 ഒക്ടോബർ 2 ഞായർ)

Rating: 5 of 5 Stars! [5 of 5 Stars!]