നിരഞ്ജന Author

Niranjana

കന്നഡ പുരോഗമന നോവലിസ്റ്റും ചെറുകഥാകൃത്തും. ശരിയായ പേര് കുളകുന്ദ ശിവരായ. 1923-ല്‍ ഉത്തര കര്‍ണാടകയിലെ കുളകുന്ദ എന്ന സ്ഥലത്തു ജനിച്ചു. ഹൈസ്കൂള്‍ വിദ്യാഭ്യാസത്തിനുശേഷം വിവിധ പത്രമാസികകളില്‍ പ്രവര്‍ത്തിച്ചു. ജ്ഞാനാംബിക എന്ന ബാലവിജ്ഞാനകോശത്തിന്റെ എഡിറ്ററായും സേവനമനുഷ്ഠിച്ചു.

പുരോഗമന സാഹിത്യകാരനായ നിരഞ്ജന നോവല്‍, ചെറുകഥ, ലേഖനം, വിവര്‍ത്തനം എന്നീ വിഭാഗങ്ങളിലായി നിരവധി കൃതികള്‍ രചിച്ചു. കല്യാണസ്വാമി, വിമോചനനെ, ചിരസ്മരണെ, ബനശങ്കര, രംഗമ്മനവഠാരെ, നാസ്തിക കൊട്ട ദേവരു, ഒണ്ഡി നക്ഷത്ര നക്കിതു, അഭയാശ്രമ ദൂരദ നക്ഷത്ര, മൃത്യുഞ്ജയ എന്നിവയാണ് പ്രധാന നോവലുകള്‍. ചരിത്രനോവലാണ് കല്യാണസ്വാമി. ബ്രിട്ടീഷുകാര്‍ കൈവശപ്പെടുത്തിയ കുടകിന്റെ ആധിപത്യം പുനഃസ്ഥാപിക്കുന്നതിന് കല്യാണസ്വാമിയുടെ നേതൃത്വത്തില്‍ നടത്തിയ അസഫലസാഹസത്തിന്റെ ചിത്രമാണ് ഇതിലെ പ്രതിപാദ്യം.

സ്വാതന്ത്ര്യസമരത്തില്‍ കേരളജനത വഹിച്ച പങ്കാണ് ചിരസ്മരണെയില്‍ ഹൃദയഭേദകമായി അവതരിപ്പിച്ചിരിക്കുന്നത്. കയ്യൂരില്‍ നടന്ന തൊഴിലാളി സമരമാണ് ഇതിലെ പ്രതിപാദ്യം. രാഷ്ട്രീയ പ്രാധാന്യവും ചരിത്രപ്രാധാന്യവും ഏറെയുള്ള നോവലാണിത്. സാമൂഹിക നോവലുകളാണ് മറ്റുള്ളവ. പരിതഃസ്ഥിതിക്കു വശംവദരായി വഴിതെറ്റിയവര്‍, ബാലവിധവകള്‍, കഷ്ടതകളില്‍ അകപ്പെട്ട അധ്യാപകര്‍ തുടങ്ങി സാമുദായികവും സാമ്പത്തികവുമായ ചുറ്റുപാടുകളില്‍പ്പെട്ടു നരകിക്കുന്ന നിസ്സഹായരായ ജനതയുടെ ജീവിതത്തിന്റെ ചില മുഖങ്ങളാണ് ഇവയില്‍ പ്രധാനമായും ചിത്രീകരിക്കുന്നത്. മാതാപിതാക്കള്‍ നഷ്ടപ്പെട്ട അനാഥനും നിസ്സഹായനുമായ ചന്ദ്രശേഖരനെ പോക്കറ്റടിക്കാരനെന്നു മുദ്രകുത്തി ജയിലിലാക്കുന്ന ആത്മകഥാരൂപത്തിലുള്ള നോവലാണ് വിമോചനെ. ശില്പഭംഗിയിലും പാത്രാവിഷ്കരണത്തിലും ഉള്ള നിരഞ്ജനയുടെ സവിശേഷ കഴിവിന്റെ ഉത്തമോദാഹരണമായി നിരൂപകര്‍ ഈ കൃതിയെ വിശേഷിപ്പിക്കുന്നു.

ഒരു ബാലവിധവയുടെ കരുണാര്‍ദ്രമായ ജീവിതമാണ് ബനശങ്കരിയില്‍ ഇഴപിരിച്ചു കാണിച്ചിരിക്കുന്നത്. പ്രതിപാദ്യത്തിന്റെ സ്വഭാവം കൊണ്ടും സൂക്ഷ്മതകൊണ്ടും മികച്ച നോവലായി ഇതു വിലയിരുത്തപ്പെട്ടിട്ടുണ്ട്. താഴ്ന്നവരും ഇടത്തരക്കാരുമായ പതിനാലു കുടുംബങ്ങളുടെ വ്യത്യസ്തവും എന്നാല്‍ സമ്മിളിതവുമായ യഥാതഥ ചിത്രമാണ് രംഗമ്മനവഠാറയില്‍ ചിത്രീകരിച്ചിരിക്കുന്നത്. ജീവിതത്തിന്റെ യഥാര്‍ഥദര്‍ശനം, ആദര്‍ശവാദം, ആശാവാദം, പ്രഭാവകാരിയായ വര്‍ണനം, ശൈലി എന്നിവ ഇദ്ദേഹത്തിന്റെ നോവലുകളുടെ സവിശേഷതകളാണ്. സാമ്യവാദത്തില്‍ വിശ്വസിക്കുന്ന ഒരു രാഷ്ട്രീയകക്ഷിയുടെ പ്രവര്‍ത്തകനായിരുന്നു നിരജ്ഞന. ആ ചിന്താഗതിയുടെ പശ്ചാത്തലവും കൃതികളില്‍ അങ്ങിങ്ങു നിഴലിക്കുന്നതു കാണാം.

രാഷ്ട്രീയവും സാഹസികവുമായ ജീവിതത്തിന്റെ യഥാര്‍ഥ ചിത്രങ്ങള്‍ വരച്ചുകാട്ടുന്ന നിരവധി കഥകളും നിരഞ്ജന രചിച്ചിട്ടുണ്ട്. രക്തസരോവര, അന്നപൂര്‍ണ, ജന്മദശാപ, സന്ധികാല എന്നിവയാണ് പ്രധാന കഥാസമാഹാരങ്ങള്‍. കഥകളില്‍ ചൂഷണത്തിനും ദാരിദ്യ്രത്തിനും സാമൂഹികമായ അസമത്വത്തിനും നിക്ഷിപ്തതാത്പര്യങ്ങള്‍ക്കുമെതിരെ പ്രചണ്ഡമായ പ്രതിഷേധവും അമര്‍ഷവും പ്രകടമാണ്. കൊനയ ഗിരാക്കി, (ഒടുവിലത്തെ പതിവുകാര‌ന്‍) ആണ് ഏറെ ശ്രദ്ധേയമായ കഥ. ഇതിനെ പുരോഗമനപ്രസ്ഥാനത്തിലുള്ള കഥകള്‍ക്ക് മികച്ച ഉദാഹരണമായി നിരൂപകര്‍ എടുത്തുകാട്ടിയിട്ടുണ്ട്. ഒരു ഊമപെണ്‍കുട്ടിയാണ് ഇതിലെ കേന്ദ്രകഥാപാത്രം. മനസ്സാക്ഷിയില്ലാത്ത കാമവെറിയന്മാരുടെ കൈകളില്‍ അകപ്പെട്ട് അവള്‍ നിര്‍ലജ്ജമായ ചൂഷണത്തിനു വിധേയയായി അവസാനം പട്ടിണിയും രോഗങ്ങളും പിടിപെട്ട് മരിക്കുന്നതും ഒരു കഴുക‌ന്‍-അവസാനത്തെ പതിവുകാര‌ന്‍-അവളുടെശേഷിച്ച മാംസത്തിനുവേണ്ടി വട്ടമിട്ടുപറക്കുന്നതുമാണ് ഇതില്‍ അവതരിപ്പിച്ചിരിക്കുന്നത്. മരണംകൊണ്ടുപോലും അവസാനിക്കാത്ത ചൂഷണത്തിന്റെ ഭീഷണമായ ചിത്രമാണിത്.

യഥാതഥ പ്രസ്ഥാനത്തിലേക്ക് കന്നഡ വായനക്കാരുടെ ശ്രദ്ധ തിരിച്ചുവിട്ടു എന്നതാണ് നിരഞ്ജനയുടെ പ്രത്യേകത.

ബുദ്ധഭാവ ബഡുക (1984), അങ്കണ എന്നിവയാണ് മറ്റു പ്രധാന കൃതികള്‍. പുരോഗമന പ്രസ്ഥാനവുമായി ബന്ധപ്പെട്ടു നടത്തിയ പ്രഭാഷണങ്ങളുടെയും ലേഖനങ്ങളുടെയും സമാഹാരമാണ് ബുദ്ധഭാവ ബഡുക. പത്രമാസികകളില്‍ പ്രസിദ്ധീകരിക്കപ്പെട്ട ലേഖനങ്ങളുടെ സമാഹാരമാണ് അങ്കണ. ഗോര്‍ക്കിയുടെ അമ്മ തുടങ്ങിയ നിരവധി റഷ്യ‌ന്‍ നോവലുകള്‍ കന്നഡയിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുമുണ്ട്, നിരഞ്ജന

1979-ലെ സോവിയറ്റ് ലാ‌ന്‍ഡ് നെഹ്റു അവാര്‍ഡ് നിരഞ്ജനക്കു ലഭിച്ചു. നിരഞ്ജനയുടെ നോവലുകള്‍ മലയാളം ഉള്‍പ്പെടെ നിരവധി ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.

1992-ല്‍ നിരഞ്ജന അന്തരിച്ചു.



Need some editing or want to add info here ?, please write to us.

Other Books by Author Niranjana