Author Archives: Kerala Book Store

About Kerala Book Store

Kerala Book Store is for every Malayali whose passion is reading. Our aim is to bring all books published under one roof. We dream of it as a readers' republic.

ജയിലുകളിൽ ഏറ്റവും കൂടുതൽ വായിക്കുന്ന പുസ്തകം ഏതാണ്?

ഒരു പുസ്തകം പലവണ വായിക്കുമ്പോൾ പലതായി തോന്നുമോ? വായിക്കുന്ന കാലം അതിനെ പലതാക്കുമോ?എം ശിവശങ്കറിൻറെ ‘അശ്വദ്ധാമാവ് വെറും ഒരു ആന ‘ ഉണ്ടാക്കിയ വിവാദങ്ങൾ ഏതാണ് കെട്ടടങ്ങിക്കഴിഞ്ഞു. ഒന്നുകൂടി ആപുസ്തം വായിച്ചാലോ? സാജൻ ഗോപാലൻ ഫെയ്സ് ബുക്കിൽ പങ്കുവച്ച കുറിപ്പ്—-

ശിവശങ്കറിന്റെ പുസ്തകം ഇപ്പോഴാണ് വായിക്കുന്നത് .
പലപ്പോഴും തുടർച്ചയായ സംഭവങ്ങളുടെ നടുവിൽ അതിനെ മനസ്സിലാക്കാൻ ശ്രമിക്കുന്നതിനേക്കാൾ നല്ലത് കാലം നൽകുന്ന ദൂരത്തിന്റെ വ്യക്തതയിൽ വായിക്കാൻ ശ്രമിക്കുന്നതാണ്.കേരളം ഏറെ വായിക്കുകയും ചർച്ച ചെയ്യുകയും ചെയ്തതാണ് ഈ പുസ്തകം. അതുകൊണ്ടു തന്നെ അതിന്റെ സമീപകാല രാഷ്ട്രീയ പ്രസക്തിയെക്കുറിച്ചു വീണ്ടും പറയേണ്ടതില്ല. ഈ കുറിപ്പിൽ ഈ രാഷ്ട്രീയം ചർച്ച ചെയ്യുന്നുമില്ല.
എന്നാൽ നമ്മുടെ മാധ്യമപ്രവർത്തകർ അവരുടെ ഒരു പാഠപുസ്തകമായി ഇതിനെ കാണുകയും അപഗ്രഥിക്കുകയും ചെയ്യണം. നമ്മുടെ മാധ്യമ സംസ്കാരത്തിൽ അതുകൊണ്ട് എന്തെങ്കിലും മാറ്റം ഉണ്ടാവും എന്നതുകൊണ്ടല്ല.

മാറ്റം കൊണ്ടുവരാൻ സാധിക്കാത്ത വിധം നമ്മുടെ മുഖ്യ ധാരാ മാധ്യമ പരിസരം സങ്കീർണമായി കഴിഞ്ഞു. എങ്കിലും നമ്മുടെ പ്രവർത്തന മണ്ഡലത്തെ സ്വയം വിമർശനപരമായി മനസ്സിലാക്കാൻ ഇതൊരല്പം സഹായിച്ചേക്കും എന്നതുകൊണ്ട് മാത്രം.
എന്നാൽ ഈ പുസ്തകത്തിൽ എന്നെ ഏറെ ആകർഷിച്ചത് ഇതിന്റെ പകുതിയോളം കേരളത്തിലെ ജയിലുകളെക്കുറിച്ചു ശിവശങ്കർ നടത്തുന്ന അപഗ്രഥനമാണ്.
ജയിലിലെ കഠിന ജീവിതത്തിനിടയിലും തന്നെ ഇത്രയും കാലം പ്രചോദിപ്പിച്ച സാമൂഹിക മാറ്റങ്ങളെക്കുറിച്ചുള്ള ചിന്തകൾ തുടരാനും അതിനു സഹായകരമായ നിർദേശങ്ങൾ നൽകാനുമാണ് ശിവശങ്കർ ശ്രമിക്കുന്നത്.
നമ്മുടെ ജയിലുകളിൽ വലിയൊരു ശതമാനം വിചാരണ തടവുകാരാണ്. ഇവരിൽ വലിയ പങ്കും ദരിദ്രരും യാതൊരു വിധ സാമൂഹിക സ്വാധീനവും ഇല്ലാത്തവരുമാണ്. കേസിന്റെ അവസ്ഥ എന്താണ് എന്നുപോലും അവർക്ക് അറിയില്ല. കേസ് നടത്താൻ വക്കീലിനെ സമീപിക്കാൻ വേണ്ട പണമില്ല.
ഈ സാഹചര്യത്തിലാണ് അവസാന വർഷ നിയമ വിദ്യാർത്ഥികളെ ഉപയോഗിച്ച് ഒരു സ്ഥാപന തല സ്ഥാപനസംവിധാനം ഉണ്ടാക്കണം എന്ന ആകർഷകമായ നിർദേശം ശിവശങ്കർ മുന്നോട്ടുവെക്കുന്നത്. ഡോക്ടർമാരുടെ ഹൌസ് സർജൻസി പോലെയാവാം ഇതെന്ന് അദ്ദേഹം സൂചിപ്പിക്കുന്നു.ലീഗൽ സർവീസ് സൊസൈറ്റിയുമായി വിചാരണ തടവുകാരെ ബന്ധിപ്പിക്കാനുള്ള ഒരു സംവിധാനമായി ഇത് മാറണം. വിചാരണ തടവുകാരുടെ എണ്ണം കുറയ്ക്കാൻ കഴിഞ്ഞാൽ ജയിലുകളിലെ തിരക്ക് കുറയ്ക്കാനും അതുവഴി ജയിൽ സംവിധാനത്തിന്റെ കാര്യക്ഷമത കൂട്ടാനും കഴിയും. സ്ഥിരം കുറ്റവാളികളുമായി ബന്ധപ്പെട്ടു കൂടുതൽ കുറ്റകൃത്യങ്ങളിലേക്ക് പോകാനുള്ള സാധ്യതയും കുറയ്ക്കാം.

ഒരു സെല്ലിൽ നാലോളം സഹതടവുകാരാണ് ശിവശങ്കറിന് ഉണ്ടായിരുന്നത്. ഏതോ സാഹചര്യത്തിൽ ജയിലിലായി എന്നതല്ലാതെ അവരിൽ പലരും കുറ്റവാളികളല്ല എന്ന് അദ്ദേഹം എഴുതുന്നു. അവരുടെ കേസിനെക്കുറിച്ചോ വിചാരണയെക്കുറിച്ചോ അവർക്ക് യാതൊരു അറിവുമില്ല. ജയിലുകളെക്കുറിച്ചു കൗതുകകരമായ ധാരാളം നിരീക്ഷണങ്ങൾ ഈ പുസ്തകത്തിൽ ഉണ്ട് ജയിലിൽ ഏറ്റവുമധികം വായിക്കപ്പെടുന്ന ഒരു പുസ്തകം ആനന്ദിന്റെ ആൾക്കൂട്ടമാണ് എന്നറിയുമ്പോൾ നമുക്ക് അത്ഭുതം തോന്നിയേക്കും. അവിടെ പ്രിയപ്പെട്ട ഒരു എഴുത്തുകാരൻ ബെന്യാമിൻ ആണ്.
ഈ പുസ്തകത്തിലൂടെ ശിവശങ്കർ എന്ന വ്യക്തിയെക്കുറിച്ചും നമ്മൾ കൂടുതൽ മനസ്സിലാക്കും
എനിക്ക് ഔദ്യോഗികമായ പരിചയം മാത്രമേ ശിവശങ്കറുമായി ഉണ്ടായിട്ടുള്ളൂ എന്നാൽ ഈ പുസ്തകത്തിലൂടെ ഉരുത്തിരിയുന്നത് നമുക്ക് ഏറെ ഇഷ്ടം തോന്നുന്ന ഒരു വ്യക്തിത്വമാണ്. ആദ്യത്തെ ഷോക്ക് കഴിഞ്ഞപ്പോൾ താരതമ്യേന നിസ്സംഗനായാണ് ശിവശങ്കർ ഈ പ്രക്രിയയിലൂടെ കടന്നു പോകുന്നത്. തന്നെ നിരന്തരം വേട്ടയാടിയ മാധ്യമങ്ങളോട് പോലും തീക്ഷ്ണമായ വെറുപ്പോ വിദ്വേഷമോ അദ്ദേഹം കാണിക്കുന്നില്ല. മനസ്സ് ക്ഷോഭിച്ചിരിക്കുമ്പോൾ വായന എളുപ്പമല്ലല്ലോ. എന്നാൽ തൊണ്ണൂറ് ദിവസത്തെ ജയിൽ ജീവിതത്തിൽ അദ്ദേഹം വായിച്ചു തീർത്തത് നൂറോളം പുസ്തകങ്ങളാണ്. മാത്രമല്ല, ഈ നൂറു ദിവസം തനിക്ക് ചുറ്റുമുള്ള തടവുപുള്ളികളുടെ ജീവിതവുമായി ഏറെ ഇഴചേർന്നാണ് ജീവിച്ചത്. ജയിലിൽ നിന്ന് പുറത്തു വന്നിട്ടും ആ ബന്ധങ്ങൾ തുടരുകയും തനിക്ക് കഴിയുന്നത് പോലെ അവരെ സഹായിക്കുകയും ചെയ്തു.
എന്തായാലും ഈ സത്യാനന്തര കാലഘട്ടത്തിന്റെ ഒരു ഏടായി ഈ പുസ്തകം അവശേഷിക്കും

ശിവശങ്കറിൻ്റെ ‘അശ്വത്ഥാമാവ് വെറും ഒരു ആന ഓൺലൈനായി വാങ്ങുവാൻ ക്ലിക്ക് ചെയ്യുക….