reviewed by null Date Added: Tuesday 23 Mar 2021

മനസ്സറിയും യന്ത്രം \r\n\r\nമുന്നിലുള്ള ആൾക്ക്, വള്ളിപുള്ളി വിടാതെ നമ്മുടെ മനസ്സ് അറിയാൻ കഴിഞ്ഞാൽ എന്തായിരിക്കും അവസ്ഥ! ഒന്ന് ആലോചിച്ചുനോക്കൂ. നമ്മളിൽ ചിലരെങ്കിലും സാധാരണ മനുഷ്യരായതുകൊണ്ട് ഒരുപക്ഷേ വലിയ കുഴപ്പമൊന്നും ഉണ്ടാകാൻ സാധ്യതയില്ല. എന്നാൽ, ഒരേ രാഷ്ട്രീയപാർട്ടിയിലെ രണ്ട് നേതാക്കന്മാർക്ക് പരസ്പ്പരം മനസ്സ് വായിക്കാനായാലോ? ഭാര്യക്ക് ഭർത്താവിന്റെയോ തിരിച്ചോ മനസ്സ് പൂർണ്ണമായും അറിയാൻ സാധിച്ചാലോ? ഓഫീസിലെ സുന്ദരിയായ സഹപ്രവർത്തകക്ക് നിങ്ങളുടെ മനസ്സിലിരിപ്പ് അതേപോലെ വായിക്കാൻ കഴിഞ്ഞാലോ? എന്തിന് ബോസിന് നിങ്ങളുടെ മനസ്സിന്റെ ചെറിയ ഭാഗമെങ്കിലും കാണാൻ കഴിഞ്ഞാലോ? അയ്യയ്യോ.... ആലോചിക്കാൻ പറ്റുമോ? പണ്ടാരോ പറഞ്ഞതുപോലെ ഭൂലോകം തവിടുപൊടി എന്ന അവസ്ഥയാകും പിന്നെ. \r\n\r\nയശ:ശ്ശരീരനായ ബാലസാഹിത്യകാരൻ പി.നരേന്ദ്രനാഥ് പണ്ട് കുട്ടികൾക്കായി അങ്ങനെയൊരു യന്ത്രം എഴുത്തിലൂടെ അവതരിപ്പിച്ചിരുന്നു. അതാണ് "മനസ്സറിയും യന്ത്രം”. \r\n\r\nകുട്ടിനാരായണന്റെ വീട്ടിലെ കഥയാണ് നോവലിലെ പ്രമേയം. തറവാട്ടിലെ കാരണവർ വല്യമ്മാമനാണ്. മൂപ്പർക്ക് മൂക്കത്താണ് ശുണ്ഠി. മറവിയും വേണ്ടുവോളമുണ്ട്. പോരാത്തതിന് പ്രായം കൂടുംതോറും രണ്ടും കൂടിവരുന്നുമുണ്ട്! വല്യമ്മാമക്ക് ദേഷ്യം വരുമ്പോൾ കുട്ടിനാരായണന് കലശലായ പേടിയാണ്. എന്നാലും അവൻ ഒളിച്ചുനിന്ന് നോക്കും. അദ്ദേഹം കലിതുള്ളുമ്പോൾ ഉച്ചിയിലെ കുടുമ തുള്ളിക്കളിക്കും. അത് കാണാൻ നല്ല രസമാണ്. ഓർമ്മക്കുറവ് നല്ലവണ്ണമുള്ളതിനാൽ വല്യമ്മാമന് അബദ്ധങ്ങൾ പറ്റിക്കൊണ്ടേയിരിക്കും. ശുണ്ഠിയില്ലാത്ത നേരം കുറവാണെന്നർത്ഥം. \r\n\r\nഒരുദിവസം പണിക്കാർ പറമ്പിൽ കിളയ്ക്കുകയായിരുന്നു. അതും നോക്കി വല്യമ്മാമനും പിന്നിലായി കുട്ടിനാരായണനുമുണ്ട്. അപ്പോഴാണ് പണിക്കാരന്റെ കൈക്കോട്ടിൽ ഒരു സാധനം തടയുന്നത്! കുഴലുപോലെ ഒരു സാധനം. നല്ല തിളക്കമുണ്ട്. അറ്റത്ത് ചെറിയ പന്തിന്റെ ആകൃതിയിൽ ഒരു ഉണ്ടയും. ഉണ്ടയിൽനിന്ന് തിളങ്ങുന്ന ഒരു കമ്പി കുഴലിന്റെ മറ്റേ അറ്റത്ത് ഘടിപ്പിച്ചിരിക്കുന്നു. ഉണ്ടയുടെ കീഴ്ഭാഗത്ത് "മനസ്സറിയും യന്ത്രം" എന്ന് എഴുതിവച്ചിരിക്കുന്നു. ആരുണ്ടാക്കിയതാണാവോ ഈ കിടിലൻ യന്ത്രം! \r\n\r\nമനസ്സറിയും യന്ത്രം കുട്ടിനാരായണന്റെ വീട്ടിൽ ഉണ്ടാക്കുന്ന പുകിലുകളാണ് നോവലിൽ രസകരമായി വിവരിച്ചിരിക്കുന്നത്. യന്ത്രം വല്യമ്മാമന്റെ കൈയ്യിൽ വന്നതോടെ അമ്മായിക്കും, കുട്ടിനാരായണന്റെ അച്ഛനും അമ്മക്കും, പണിക്കാർക്കും എല്ലാം അങ്കലാപ്പായി. വല്യമ്മാമൻ വലിയ കണിശക്കാരനാണ്. ആരുടെയൊക്കെ കള്ളത്തരങ്ങളാണ് യന്ത്രത്തിന്റെ ശക്തിയിലൂടെ പുറത്തു വരാൻ പോകുന്നത്? ആരൊക്കെ കരയേണ്ടിവരും? വല്യമ്മാമന്റെ കലിതുള്ളലിൽ ആരൊക്കെ നിലംപരിശാകും! ഇക്കാര്യങ്ങളെല്ലാം അറിയണമെങ്കിൽ മനസ്സറിയും യന്ത്രം എന്ന നോവൽ സ്വസ്ഥമായി ഇരുന്ന് വായിക്കുകതന്നെ വേണം. \r\n\r\nവളർന്നുവരുന്ന കൊച്ചുകൂട്ടുകാർക്ക് വായിച്ചുകൊടുക്കാൻ പറ്റിയ പുസ്തകം. മലയാളം വായിക്കാൻ പഠിച്ച കൂട്ടുകാർക്ക് വായിച്ചുരസിക്കാൻ നൂറുശതമാനം യോജിച്ച കൃതി. മലയാളഭാഷയോട് കുട്ടികളെ അടുപ്പിക്കാനും, വായന വളർത്താനും ഇത്തരം കൃതികൾക്ക് അനന്യമായ ഒരു ശക്തിയുണ്ട്. സ്നേഹത്തിന്റെയും, പിണക്കത്തിന്റെയും, നിഷ്ക്കളങ്കമായ കുട്ടിക്കാലത്തിന്റെയും സ്വാദ് വായനക്കാർക്ക് പകർന്നു കൊടുക്കാൻ നരേന്ദ്രനാഥിന്റെ രചനകൾക്ക് അപൂർവ്വമായ പാടവമുണ്ട്. നന്ദനാരും സിപ്പി പള്ളിപ്പുറവും നരേന്ദ്രനാഥുമൊക്കെയല്ലേ നമ്മുടെ കുട്ടിക്കാലത്തെ ത്രസിപ്പിച്ചിരുന്നത്! \r\n\r\nവർഷങ്ങൾക്കു മുൻപ് മനസ്സറിയും യന്ത്രം എന്ന കുട്ടികളുടെ ഈ നോവലിനെ ആസ്‌പദമാക്കി ആവിഷ്‌ക്കരിച്ച ഒരു നാടകം കാണാനിടയായി. ഇതേ പേരുതന്നെയാണ് ആ നാടകത്തിനും ഉണ്ടായിരുന്നത്. ഒരു യുവശാസ്ത്രജ്ഞൻ മറ്റുള്ളവരുടെ മനസ്സറിയാൻ ഒരു ഉപാധി കണ്ടുപിടിക്കുന്നു. ഈ മനസ്സുവായനയിലൂടെ തകർന്നുപോകുന്ന ഒരുപാട് ജീവിതങ്ങൾ. കുടുംബബന്ധങ്ങളുടെ തകർച്ചകൾ കണ്ട് മനം മടുത്ത ആ ശാസ്ത്രജ്ഞൻതന്നെ അവസാനം തന്റെ കണ്ടുപിടുത്തത്തെ നശിപ്പിച്ചുകളയുന്നു. ഓർമ്മ ശരിയാണെങ്കിൽ പ്രസിദ്ധ സിനിമാ നിരൂപകനും നാടകപ്രവർത്തകനുമായിരുന്ന യശ:ശ്ശരീരനായ നാദിർഷ(ടി.എം.പി.നെടുങ്ങാടി)യാണ് ആ നാടകം തയ്യാറാക്കുകയും സംവിധാനം നിർവ്വഹിക്കുകയും ചെയ്തത്.\r\n\r\nഎന്റെ ചെറുപ്പം ബാലസാഹിത്യ കൃതികൾക്ക് ധാരാളിത്തമില്ലാത്ത കാലമായിരുന്നു. അന്നത്തെ മുഖ്യധാരാ ആഴ്ചപ്പതിപ്പുകളിലെ കുട്ടികൾക്കായുള്ള വിഭാഗത്തിലാണ് നരേന്ദ്രനാഥിന്റെ രചനകൾ ഖണ്ഡശ്ശയായി വന്നുകൊണ്ടിരുന്നത്. അന്നത് വായിക്കുന്നതിന് കുട്ടികളും മുതിർന്നവരും കാണിച്ചിരുന്ന ഉത്സാഹം ഇന്നും ഓർമ്മകളിലുണ്ട്. നരേന്ദ്രനാഥിന്റെ ആദ്യത്തെ ബാലസാഹിത്യകൃതി വികൃതിരാമനായിരുന്നു. ഇതിന്‌ കേരള സാഹിത്യ അക്കാദമിയുടെ അവാർഡ്‌ ലഭിച്ചു. കുഞ്ഞിക്കൂനൻ എന്ന ബാലസാഹിത്യഗ്രന്ഥത്തിന്‌ കേന്ദ്ര വിദ്യാഭ്യാസവകുപ്പ്‌ അവാർഡും അന്ധഗായകന്‌ സാഹിത്യ പ്രവർത്തക സഹകരണസംഘ പുരസ്‌കാരവും ലഭിച്ചു. ഞാൻ ജനിച്ചുവളർന്ന പാലക്കാടു ജില്ലയിലെ ചെർപ്പുളശ്ശേരിക്കടുത്തുള്ള നെല്ലായ എന്ന അന്നത്തെ കുഗ്രാമത്തിലാണ് യശ:ശ്ശരീരനായ പി.നരേന്ദ്രനാഥും ജനിച്ചതെന്ന് ലേശം അഹങ്കാരത്തോടെ പറയട്ടെ!\r\n\r\n*******************\r\nശ്രീപ്രസാദ്‌ വടക്കേപ്പാട്ട്

Rating: 5 of 5 Stars! [5 of 5 Stars!]