reviewed by null Date Added: Monday 6 Nov 2017

🍃 *പച്ചയുടെ തുക* 🍃 കേവലമൊരു നിറം എന്നതിനപ്പുറത്തേക്ക്‌ 'പച്ച'യുടെ ആഴം അളക്കാനുള്ള മുഴക്കോലും, അത്‌ അനുഭവിക്കാനുള്ള ഒരു മണിമുഴക്കവുമാണ് മനോജ്‌ വീട്ടിക്കാടിന്റെ 'തുക പൂജ്യമാകുന്ന കളികൾ'. നോവൽ സാമൂഹികമാവുകയാണോ അതോ, ഒരു സമൂഹംതന്നെ നോവലായതാണോ എന്ന സമസ്യതന്നെയാവും ആസ്വാദകനെ ആദ്യം നേരിടുന്നത്‌. വെറുമൊരു വാക്കിനും നിറത്തിനും സംഭരിച്ചുവയ്ക്കാവുന്ന അർത്ഥവ്യാപ്തത്തെ പരിശോധനാവിധേയമാക്കുകയാണ് തീർച്ചയായും ഈ നോവലിലെ ഗ്രാമം - പച്ച. എങ്ങനെയാണ് പച്ച ഒരു ഗ്രാമമാകുന്നതെന്നും എന്തിനൊക്കെവേണ്ടിയാണ് പച്ചപ്പ്‌ പച്ചയാകുന്നതെന്നും എല്ലാം ആദ്യഭാഗങ്ങളിൽതന്നെ നോവൽ വലിയൊരു ചർച്ചയ്ക്ക്‌ വാതിൽ തുറക്കുന്നുണ്ട്‌. പ്രകൃതിയിലെ പച്ചയ്ക്കപ്പുറം മനുഷ്യമനസ്സിലെ പച്ചപ്പിലേക്ക്‌ ഈ ഗ്രാമം വിരൽചൂണ്ടുന്നു.*അർത്ഥഗർഭപാത്രങ്ങൾ* അമൂല്യവിത്തുകളെ ആത്മഗർഭത്തിൽ വഹിക്കുന്ന പ്രകൃതിയിൽനിന്നും തുടങ്ങി ആധുനികതയുടെയും അധിനിവേശത്തിന്റെയും ഷണ്ഡത്വത്തിലേക്ക്‌ സാവധാനം ചലിപ്പിക്കുന്ന ഒരു കണ്ണാടിയായി നോവൽ അവതരിക്കുമ്പോൾ, അവിടെ കഥാപാത്രങ്ങൾപോലും പലപ്പോഴും മൗനിയാവുന്നു. അമ്മനാടിന്റെ ഗന്ധവും വർണ്ണവും അപ്രത്യക്ഷമാകുമെന്ന് വിലപിക്കുന്ന ആദിത്യനും പൂർണ്ണിമയും ചർച്ചകളുടെ പൂർണ്ണതയ്ക്ക്‌ കൂട്ടുപിടിക്കുന്നത്‌ നിശ്ശബ്ദതയെയാണ്. അതെ, നിശ്ശബ്ദതകൊണ്ടും ഗ്രന്ഥകാരൻ പലതും സംവദിക്കുന്നുണ്ട്‌.*വർത്തമാനസിദ്ധാന്തം* അധിനിവേശത്തിന്റെ കടന്നുകയറ്റ ഘട്ടങ്ങളെ അതിസൂക്ഷ്മമായി നിരീക്ഷിക്കുകയും, അതുവഴി ഭൂതത്തെക്കൊണ്ട്‌ ഭാവിയെക്കുറിച്ച്‌ വർത്തമാനം പറയിപ്പിക്കുകയും ചെയ്യുന്ന ഒരു തന്ത്രം ഈ നോവലിൽ പയറ്റിയിട്ടുണ്ട്‌. "ലാഭം എന്ന ആശയമാണ് അധിനിവേശത്തിന്റെ പ്രധാന ആയുധം" എന്ന കഥാബിന്ദുവിൽ അത്‌ പ്രതിഫലിക്കുകയും ചെയ്യുന്നുണ്ട്‌. അധിനിവേശങ്ങൾക്കുമുന്നിൽ അടിയറവുപറയാൻപോകുന്നതിന്റെ ആദ്യ സൂചനയായി 'ഭീതി'യുടെ ഉത്ഭവം സൈദ്ധാന്തികമായി വാദിച്ചുജയിക്കാനും നോവലിസ്റ്റിനു സാധിച്ചിരിക്കുന്നു.*അദൃശ്യതയിലെ ദൃശ്യത* പച്ചയിൽ വസിച്ച്‌ പട്ടണത്തിൽ ജോലിചെയ്യുന്ന പാവം ഗുമസ്തനായ സദാശിവൻ ദിവസവും പോകുമ്പോൾ കുപ്പിയിൽ നിറയ്ക്കുന്ന പുഴവെള്ളത്തിൽനിന്നും തുടങ്ങുന്ന കഥ പിന്നീട്‌ പച്ചയുടെതന്നെ പതനത്തിന് വഴിയൊരുങ്ങുമ്പോൾ അതിന് ഇടയിക്കിടെ സൂചനകളുടെ വെടിമരുന്ന് പാകിയിട്ടുണ്ട്‌ കഥാകൃത്ത്‌. സദാശിവൻ പുഴയിൽനിന്നും കുപ്പിയിൽ വെള്ളം നിറയ്ക്കുമ്പോൾ എവിടെനിന്നോ പുഴയുടെ ദിശയിൽ കുത്തിയൊലിച്ചുവന്ന് പ്രത്യക്ഷപ്പെടുന്ന നാടകക്കാരൻ, സദാശിവനെ താക്കീത്‌ ചെയ്യുന്നുണ്ട്‌ - 'ഒറ്റുകാരൻ! നീ ഈ നാടിനെ ഒറ്റുകൊടുക്കും..' എന്ന്. അതൊരു അശരീരിപോലെ കഥയെ പിന്തുടരുന്നുമുണ്ട്‌. ഒരുതവണ മാത്രം പ്രത്യക്ഷപ്പെട്ട്‌ പിന്നീടൊരിക്കലും പരാമർശ്ശിക്കപ്പെടാതെ എങ്ങോ പോയ്മറയുന്ന ആ നാടകക്കാരൻ ആരായിരുന്നെന്ന ചോദ്യം നോവലിന്റെ മർമ്മമായി കാണണം. അയാൾ അദൃശ്യതയിലെന്ന് സ്വയം വിശ്വസിച്ച്‌ ദൃശ്യതയിൽ നിറയുന്ന നോവലിസ്റ്റ്‌ ആവാനല്ലേ സാധ്യത ? 'അതെ' എന്നല്ലാതെ മറ്റൊരുത്തരം എങ്ങനെ കണ്ടെത്തും.!*ജോസഫിന്റെ പലായനങ്ങൾ* കമ്മ്യൂണിസത്തിന്റെ അകവും കമ്മ്യൂണിസ്റ്റുകാരന്റെ പുറവുമുള്ള ഒരു കഥാപാത്രത്തെ അതിവിദഗ്ദമായി നോവലിൽ കോർത്തൊരുക്കുന്നുണ്ട്‌ - ജോസഫ്‌. പച്ചയുടെമേൽ പട്ടണവർഗ്ഗത്തിന്റെ പിടിവീഴുന്ന സമയം മുതൽ ദൃക്സാക്ഷിയാണ് അയാൾ. പച്ചവാസികളെ സംഘടിപ്പിക്കാനും പ്രതികരിപ്പിക്കാനും ഒരു ശ്രമവും നടത്തുന്നുണ്ട്‌. എന്നാൽ പ്രത്യയശാസ്ത്രങ്ങളും പ്രായോഗിക രാഷ്ട്രീയശാസ്ത്രങ്ങളും കൊമ്പുകോർക്കുന്ന ഒരു സമസ്യയെത്തിപ്പെടുമ്പോൾ ജോസഫ്‌ കഥയിൽനിന്നുംതന്നെ നാടുകടത്തപ്പെടുന്നുണ്ട്‌. എങ്കിലും ഇടയ്ക്കിടെ ആദിത്യൻ, ജോസഫ്‌ കൊളുത്തിപ്പോയ ആശയ തീപ്പന്തങ്ങളുടെ വെളിച്ചത്തെക്കുറിച്ച്‌ സ്മരിക്കുന്നുണ്ട്‌, ഇരുട്ടിൽ ഇരുന്നുകൊണ്ട്‌.ജോസഫിലെ യഥാർത്ഥ കമ്മ്യൂണിസ്റ്റുകാരന്റെ ദീർഘവീക്ഷണം ആ സന്ദർഭങ്ങളിലെല്ലാം വെളിപ്പെടുന്നുമുണ്ട്‌. ജോസഫിന്റെ പലായനങ്ങൾ എങ്ങോട്ടേക്കായിരുന്നു, എന്തിനായിരുന്നു എന്നീ ആദിത്യചോദ്യങ്ങൾക്ക്‌ കഥാവസാനത്തിൽ മറുപടി മൗനം മാത്രമാണ്. ആ മൗനത്തിൽ ഒരു മുദ്രാവാക്യത്തിന്റെ തേങ്ങൽ നിറഞ്ഞുനിൽപ്പുണ്ട്‌.*പ്രകൃതിയ്ക്കുവേണ്ടി* വെള്ളവും മണ്ണും വായുവും ആകാശവുമെല്ലാം ജീവൻ തുടിക്കുന്ന കഥാപാത്രങ്ങളായി നോവലിൽ എത്തുന്നു. കുങ്കുമം വാരിപ്പൂശി കിടക്കുന്ന പുഴയിൽ നിന്നും, അണക്കെട്ടിനാൽ വേർതിരിക്കപ്പെട്ട്‌ അർദ്ധ-വാർദ്ധക്യം അനുഭവിക്കുന്ന പുഴയിലേക്ക്‌ പരിണാമപ്പെടുമ്പോൾ പച്ച എന്ന ഗ്രാമം സമകാലിക കേരളത്തിന്റെ ഏത്‌ പ്രദേശത്തും കണ്ടെത്താവുന്ന ഒന്നായി മാറുന്നു. പാടത്ത്‌ നികത്താനായി തുരന്നെടുത്തുകൊണ്ടുവന്ന മണ്ണിനെ "ജീവൻ പോയിട്ടില്ലാത്ത, പിടയുന്ന മണ്ണാക്കി" മാറ്റുന്നവിടെ നോവൽ പ്രകൃതിക്കുവേണ്ടിയും സംസാരിക്കുന്നു, സമരം ചെയ്യുന്നു.*പൂർണ്ണിമയിലൂടെ പൂർണ്ണത* ജലയുദ്ധങ്ങൾ വരുന്ന കാലത്തിലേക്ക്‌ തങ്ങളുടെ സംഭാഷണം വിപുലീകരിച്ച ആദിത്യനും പൂർണ്ണിമയ്ക്കും പക്ഷേ പ്രതികരണത്തിന്റെ ജ്വാല തീവ്രമാക്കാൻ സാധിക്കുന്നില്ല. അവർ ഒരു ജോസഫിന്റെ വരവിനായി കാത്തിരിക്കുന്നു. പതുക്കെ അവളിലൂടെ ജോസഫ്‌ വെറുക്കപ്പെട്ടവനാകുന്നു. സമരത്തിന്റെ ശക്തികാണിച്ച്‌ മുന്നേറുന്നതിനുപകരം ഗ്രാമവാസികൾ സന്ധി ഉടമ്പടികൾക്ക്‌ സമ്മതം മൂളുമ്പോൾ ആദിത്യന്റെ കണ്ണുകളിൽ പടർന്ന രോഷത്തിന്റെ അലകൾക്ക്‌ പുഴമണലിൽ തനിയെകിടന്ന് തണുത്തുറയുവാനേ സാധിക്കുന്നുള്ളൂ.. ഒടുവിൽ, ആദിത്യനും ജോസഫിനും പൂർണ്ണമാക്കാനാവത്ത പച്ചയുടെ കഥ തന്റേടത്തിലൂടെ പൂർണ്ണിമ സാധ്യമാക്കുന്നുണ്ട്‌. നോവലിന്റെ അവസാനഘട്ടംവരെ തണുത്തതെന്നൽ പോലെ തെന്നിനടന്ന പെണ്മയെ അവസാനമൊരു കൊടുംകാറ്റായി വീശിയടിപ്പിക്കുന്നതിലെ യുക്തിയും വ്യാപ്തിയും പഠിക്കപ്പെടേണ്ടതാണ്. മൺകലം നിറയെ വെള്ളവുമായി പുഴയോരത്തേക്ക്‌ ഒരു ജാഥപോലെ പായുന്ന പെണ്ണുങ്ങൾ കഥയുടെ അതുവരെയുള്ള മാനങ്ങൾ അട്ടിമറിച്ചുകൊണ്ടാണ് കഥാന്ത്യം ഉജ്ജ്വലമാക്കുന്നത്‌.*സദാശിവപ്പാലം* നോവലിന്റെ അന്ത്യത്തിൽ അമ്പരപ്പിച്ചുകൊണ്ട്‌ ഒറ്റ വാക്യത്തിൽ അറുത്തുമാറ്റിയ പച്ചയ്ക്കും പട്ടണത്തിനുമിടയിലെ പൊക്കിൾക്കൊടിയായ പാലം, കഥയുടെ ആദ്യത്തിൽ ഒരു പാലമിട്ടാൽ അങ്ങോട്ടും ഇങ്ങോട്ടും എന്ന സദാശിവസൂത്രത്തിൽ മിന്നിമാഞ്ഞപ്പോൾ ഒരു മൂകതയിൽ നോവൽ അവസാനിച്ചു.സ്വാഭാവികതയുടെ സമ്പന്നലോകത്തുനിന്നും ആധുനികതയുടെ വികസനലോകത്തേക്ക്‌ (അങ്ങനെയൊന്നില്ലെങ്കിലും) സ്വപ്നംകാണുന്ന ഗ്രാമീണർ, സ്വന്തം സ്വത്വംപോലും നഷ്ടപ്പെട്ട്‌ പട്ടിണികൊണ്ട്‌ 'സമ്പൂർണ്ണരാവുന്ന!' ദുരവസ്ഥ 'തുക പൂജ്യമാകുന്ന കളികളെ' ഒരു പാഠപുസ്തകമാക്കി മാറ്റുന്നു. ഭാവിയ്ക്കുവേണ്ടി നിർബന്ധമായും വായിക്കപ്പെടേണ്ട പുസ്തകങ്ങളുടെ ഗണത്തിലേക്ക്‌ ഞാൻ ഈ പുസ്തകത്തെ കൂട്ടിച്ചേർക്കുന്നു. നിങ്ങളും വായിച്ചുനോക്കൂ..*- മുരളി എസ്‌ കുമാർ*

Rating: 5 of 5 Stars! [5 of 5 Stars!]