reviewed by null Date Added: Saturday 24 Mar 2018

വായനാനുഭവം..മുഖപുസ്തക കൂട്ടായ്മകളില്‍ ഖണ്ഡശ്ശ: പ്രസിദ്ധീകരിക്കുകയും ഒരു പരിപൂര്‍ണ്ണ നോവലായ് പുസ്തകരൂപത്തില്‍ പ്രകാശനം നടത്തുകയും ചെയ്ത ശ്രീ രഘുചന്ദ്രന്‍ ആര്‍ കേളക്കൊമ്പില്‍ രചിച്ച 'ഈയാം പാറ്റകള്‍' എന്ന കൃതിഎന്തുകൊണ്ട് ഈ നോവലിന് ഇത്തരമൊരു പേരു സ്വീകരിച്ചു എന്നുള്ളതായിരുന്നു നോവല്‍ വായിച്ചു കഴിഞ്ഞയുടനെ മനസ്സിലുദിച്ച ചിന്ത.നോവലിന്റെ തുടക്കമദ്ധ്യായങ്ങളില്‍ കേട്ടുപഴകിയ പ്രവാസജീവിതവൈഷമ്യങ്ങളുടെ പ്രതിപാദനം കഥ ഇത്തരത്തിലൊരു മാറ്റം ഉള്‍ക്കൊള്ളുമെന്നൊരു സൂചനപോലും വായനക്കാരനേകുന്നില്ല. സുരേഷ്-ശാലു ദമ്പതികള്‍ക്കിടയിലുണ്ടാവുന്ന ചില്ലറ അസ്വാരസ്യങ്ങളും സുരേഷിന്റെ ജോലിസ്ഥലത്തെ യാതനകളും, ബന്ധുവും അളിയനുമായ വിശ്വനാഥന്റെയും കുടുംബത്തിന്റേയും ജീവിതരീതിയും സ്ത്രീകള്‍ക്കുള്ളില്‍ മാനസികമായുണ്ടാവുന്ന സ്പര്‍ദ്ധകളുടെ അലയൊലികളും സാമാന്യം വിശദമായ്ത്തന്നെ പ്രതിപാദിച്ചിട്ടുണ്ട് തുടക്കം ഭാഗങ്ങളില്‍. അച്ഛനുമമ്മയുമെത്തുന്ന ഭാഗത്തു കുറച്ചുകൂടി ജീവിതപ്രാരബ്ദങ്ങളിലേക്ക് അച്ഛന്റെ ചിന്തകളിലൂടെ ഹൃദയസ്പര്‍ശമായ രീതിയില്‍ രഘു കടന്നുചെല്ലുന്നുമുണ്ട്.കേരളത്തിലേക്കു കുഞ്ഞുങ്ങളുമായെത്തുന്ന മേനോന്‍-സാവിത്രി ദമ്പതികളുടെ ഗൃഹാതുരത്വസ്മരണകളും,കുട്ടികള്‍ക്കവ പകര്‍ന്നേകുന്നതിലൂടെയുമാണ് പിന്നീടു കഥ വളരുന്നത്. നാട്ടിലെ പുന്നയൂര്‍ മനയെ ചുറ്റിപ്പറ്റി ഇതള്‍ വിടര്‍ത്തുന്ന കഥ,അവിടെ നടക്കുന്ന ഒരു പൈശാചിക കൊലപാതകത്തിലൂടെ ആകാംഷാഭരിതമാവുകയാണ്. കഥയിലെ ദുരൂഹതക്ക് ആക്കം കൂട്ടുന്ന തരത്തില്‍ വിനയ് എന്ന കഥാപാത്രത്തില്‍ പുലര്‍ത്തുന്ന ദുരൂഹതയും വായനക്കു ആകാംഷയേകുന്നു.മിസ്റ്ററിയും ശാസ്ത്രവും ഒരേപോലെ ഉപയുക്തമായ് അവലംബിക്കാനുള്ള ശ്രമം പരിപൂര്‍ണ്ണമായി വിജയം കണ്ടുവെന്ന് അവകാശപ്പെടാനാവുന്നില്ല നോവലില്‍.തുടര്‍വായനക്കു പ്രേരണയേകാത്ത ഒന്നാമദ്ധ്യായത്തെത്തുടര്‍ന്ന് കഥയക്കു ജീവന്‍ വക്കുന്നതും കഥയുടെ രസബീജങ്ങള്‍ വായനക്കാരിലുണര്‍ത്തുവാന്‍ ശ്രമിക്കുന്നതും രണ്ടാമദ്ധ്യായത്തിലെ മോനോന്‍-സാവിത്രി ദമ്പതികളുടെ കുട്ടികളോടൊത്തുള്ള നാട്ടിലേക്കുള്ള യാത്രയിലൂടെയാണ്. ഇത്തരം നോവലുകളില്‍ പ്രവാസജീവിതപര്‍വ്വവും വിവരണങ്ങളും മടങ്ങിവരുന്നതിനിടക്കുള്ള ഓര്‍മ്മയായ് പറയാമായിരുന്നെങ്കില്‍ തുടക്കത്തിലെ വായനക്കു പ്രേരകമായ് ഭവിക്കുമായിരുന്നേനേ.വെറുമൊരു കഥയെന്ന നിലയിലാണ് പുന്നയൂര്‍ മനയും എെതിഹ്യവും മൂന്നാമധ്യായത്തിലും തുടരുന്നത്. കുഞ്ഞാത്തോലിന്റെ കഥയിലൂടെ നാലാമധ്യായത്തിന്റെ അവസാനം വരെയതു നിലനില്കുന്നു. എന്നാല്‍ പൊടുന്നനെ കഥ പറയുന്നയാള്‍ തന്നെ കഥാപാത്രമാകുന്നതിലൂടെ നാലാമധ്യായത്തിലൂടെ നോവല്‍ ജീവന്‍ വക്കുകയാണ്. അവിടെ നിന്നങ്ങോട്ട് ഇനിയെന്തെന്ന് വായനക്കാരനെക്കൊണ്ടു ചിന്തിപ്പിക്കുന്ന തരത്തിലേക്കു കഥ ഉയിര്‍ത്തെഴുന്നേല്ക്കുകയാണ്. വിനയ് എന്ന കഥാപാത്രത്തിന്റെ ദുരൂഹതയും പുന്നയൂര്‍മനയില്‍ നടക്കുന്ന സംഭവവികാസങ്ങളിലെ ദുരൂഹതയും ഇഴപിരിക്കാനാവതെ മുന്നേറുകയാണ് കഥയിലുടനീളം.കഥയിലേക്കു പരിപൂര്‍ണ്ണമായും കടന്നു ചെല്ലുന്നത് ഭാവി വായനക്കാര്‍ക്കതു പ്രതികൂലമായ് ബാധിക്കാനിടയുള്ളതിനാല്‍ അത്തരം സാഹസത്തിന് മുതിരുന്നില്ല.അനാവശ്യമായ് നോവലില്‍ ഒരു കഥാപാത്രം പോലും പ്രത്യക്ഷപ്പെടുന്നില്ലെന്നത് എടുത്തു പറയേണ്ട വിഷയമാണ്. പുന്നയൂര്‍ മനയും അവിടത്തെ സര്‍പ്പക്കാവും, ആളൊഴിഞ്ഞ വീട്ടിലെ,താമസക്കാരായ കടവാവലും വരെ കഥയുമായ് താദാത്മം പ്രാപിക്കുന്ന രീതിയിലാണവതരിപ്പിക്കപ്പെട്ടിരിക്കുന്നത്.രാജ്യത്തെ പരമോന്നത രഹസ്യാന്വേഷണ ഏജന്‍സിയെ ഇത്തരമൊരു വ്യക്തിപരമായ അന്വേഷണത്തിനുപയോഗപ്പെടുത്തുന്നതിലെ യുക്തിയില്ലായ്മ, വടക്കന്‍ കേരളത്തിലെ ഭീകരവാദത്തിന്റെ അന്വേഷണത്തിലൂടെയും വിനയ് എന്ന അന്വേഷണോദ്യോഗസ്ഥന് ഏജന്‍സിയുടെ തലവനുമായുള്ള ബന്ധുത്വത്തിലൂടെയും മറികടക്കാന്‍ രഘുവിനാവുന്നുണ്ട്.അപൂര്‍വ്വം ചിലയിടങ്ങളിലെ സ്ത്രീ കഥാപാത്രവര്‍ണ്ണന കഥാപാത്രങ്ങളുമായി നീതിപുലര്‍ത്തുന്നില്ലെന്നത് എടുത്തു പറയേണ്ടതാണ്. ആറാമദ്ധ്യായത്തില്‍ മനയിലെത്തുന്ന കുഞ്ഞുങ്ങള്‍ കാണുന്ന മനയിലെ യുവതിയുടെ വര്‍ണ്ണന,അതു കുഞ്ഞുങ്ങളുടെ കാഴ്ചയിലൂടെയാണ് കാണുന്നതെന്ന യാഥാര്‍ത്ഥ്യം മറന്ന് കഥാകാരനിലൂടെ തന്നെ വെളിവാക്കപ്പെടുന്ന അവസ്ഥ,ഏഴാമദ്ധ്യായത്തില്‍ സ്റ്റാലിനെന്ന പോലീസുദ്യോഗസ്ഥനിലൂടെ വരച്ചു കാട്ടപ്പെടുന്ന കാര്‍ത്തികയുടെ ശരീരവര്‍ണ്ണന തുടങ്ങിയയിടങ്ങളില്‍ എഴുത്തില്‍ കുറച്ചു കൂടി മിതത്വം പുലര്‍ത്താമായിരുന്നില്ലേയെന്ന തോന്നലുളവാക്കുന്നുണ്ട്.ഒരു നോവലെന്ന നിലയില്‍ പുസ്തക രൂപത്തില്‍ വായനക്കാരന്റെ കൈയിലെത്തപ്പെടുന്ന കൃതിയുടെ രൂപഘടനയില്‍ ഗൗരവകരമായ സമീപനം ഈ പുസ്തകം പ്രഥമദൃഷ്ടാ നല്‍കുന്നില്ലെന്നതും, അനാവശ്യ തിടുക്കത്താല്‍ സംഭവിച്ചതാകാം ഒഴിവാക്കപ്പെടേണ്ട വളരെയധികം ന്യൂനതകള്‍ പ്രസിദ്ധീകരണത്തില്‍ തിരുത്തപ്പെടേണ്ടതായിരുന്നു.ഒരു തുടക്കക്കാരനെന്ന പോരായ്മ വായനയിലനുഭവപ്പെടാതെ നല്ലൊരു വായന സമ്മാനിക്കുന്ന ഈ നോവല്‍ ശ്രീ. രഘുചന്ദ്രന്റെ തുടര്‍ന്നുള്ള രചനകള്‍ക്ക് ഊര്‍ജ്ജമായ് ഭവിക്കുമെന്നത് നിസ്തര്‍ക്കമായ കാര്യമാണ്. വീണ്ടും നല്ല രചനകള്‍ക്കായി കാത്തിരിക്കുന്നു.സുരേഷ് ജി

Rating: 4 of 5 Stars! [4 of 5 Stars!]