reviewed by null Date Added: Monday 20 Jul 2020

റമീസയ്ക്ക് ഒരായിരം പ്രണയലേഖനങ്ങൾ(കവിതാസമാഹാരം)സൂര്യശങ്കർ.എസ്Love is definitely one of the most powerful feelings that people can ever experience in their lives... അതെ! പ്രണയം നമുക്ക് എന്തിനോടും തോന്നാം... പ്രണയത്തെ പറ്റി പറയുമ്പോ എന്റെ മനസ്സിൽ ആദ്യം ഓടിയെത്തുന്ന കവി ചങ്ങമ്പുഴയാണ്. അദ്ദേഹത്തെ പറ്റി പറയുവാൻ തുടങ്ങിയാൽ ചിലപ്പോൾ ഞാൻ ഉദ്ദേശിച്ച കാര്യം എഴുതുവാൻ കഴിയാതെ പോയേക്കാം! ജീവിതത്തിൽ ഉടനീളം പ്രണയം തോന്നാറുണ്ട്.. ബാല്യത്തിൽ നമ്മുടെ പ്രണയിനി അമ്മ തന്നെയാണ്.. ബാല്യവും കൗമാരവും കഴിഞ്ഞു ജീവിതത്തിലെ വസന്തകാലമാണ് യൗവനം! കലാലയ ജീവിതമാണ് ഏറ്റവും വർണാഭമെന്ന് ഇടയ്ക്കൊക്കെ തോന്നാറുണ്ട്. സൗഹൃദവും പ്രണയവും നമുക്ക് സുഖദുഃഖസമ്മിശ്രമായഅനുഭവലോകങ്ങളെയാണ് സമ്മാനിയ്ക്കാറുള്ളതെങ്കിലും ഇവരണ്ടും മറക്കാത്ത അനുഭവമായി മനസ്സിൽ എപ്പോഴുമുണ്ടാകും! യൗവനത്തിൽ ഒരു വ്യക്തിയ്ക്ക് ഉണ്ടായ പ്രണയം.. അതു തന്റെ പ്രണയിനിയോട് വെളിപ്പെടുത്തുന്ന നായകൻ.. കവിതയുടെ തുടക്കം വളരെ വ്യത്യസ്തമാണ്. കുറച്ചധികം ചോദ്യങ്ങളും ഉത്തരങ്ങളുമാണ് ആരംഭഘട്ടത്തിൽ നമുക്ക് കവിതയെ പറ്റി നൽകുന്ന സൂചന.. 4 ദിവസം കൊണ്ട് 4000 വർഷങ്ങൾ കടന്നു പോയ അനുഭവമാണ് കവി 143 കവിതകളിലൂടെ നമുക്കു നൽകുന്നത്! കവിതയുടെ പേര് "റമീസയ്ക്ക് ഒരായിരം പ്രണയ ലേഖനങ്ങൾ""143 കവിതകളോ? " എന്ന് തെല്ലൊരു സംശയം തോന്നാമെങ്കിലും മൂന്നു നാല് വരികൾ ചേർത്ത ഓരോ കവിതകളും നൽകുന്ന അനുഭവപ്രപഞ്ചം അതിലുമെത്രയോ വലുതാണ്!ഞാൻ വായിച്ച മറ്റുകവിതകളിൽ നിന്ന് ഈ കവിതകളെ വ്യത്യസ്‍തമാക്കുന്നത് ഈയൊരു രചനാശൈലിയാണ്.. അതുകൊണ്ടുതന്നെ സുഗമമായ വായനാനുഭവവും അതിലൂടെയുള്ള ആശയവിനിമയവും ഈ കവിതകൾ നമുക്ക് നൽകുമെന്നത് തീർച്ചയാണ്!തലക്കെട്ടുകൾ നൽകി കവിതകളെഴുതുന്ന പതിവ് ശൈലിയിൽനിന്നും അങ്ങേയറ്റം വ്യത്യസ്തമായി ഖണ്ഡകാവ്യങ്ങളുടെ ശൈലിയിൽ എന്നു തോന്നിപ്പിയ്ക്കുന്ന തരത്തിൽ നമ്പറുകൾ ഇട്ടും, ഒരൊറ്റ അനുഭത്തിന്റെ തീവ്രതയെ മുഴുവൻ കവിതകളിലേയ്ക്കും ഒഴുക്കിയുമാണ് കവി ഇതിന്റെ രചന നിർവഹിച്ചിരിക്കുന്നത്.എങ്കിലും മണ്ണിൽ കാലുറപ്പിച്ചു നിൽക്കുന്ന ഈ പ്രണയകാവ്യം ചിലപ്പോഴെങ്കിലും നമ്മെ കാല്പനികതയുടെ മായാലോകത്തേയ്ക്കും കൂട്ടിക്കൊണ്ടുപോകുന്നുണ്ട്. 'ഞാൻ മരം നീ ആകാശം എത്ര വളർന്നിട്ടും നിന്നെത്തൊടാനായില്ല.' (1)അതിസുന്ദരവും ഗഹനവുമായ ഉപമയിൽ നിന്നുമാണ് കവിതയാരംഭിയ്ക്കുന്നത്. ലളിതമായ ഭാഷാശൈലി പ്രയോഗിച്ചിരിക്കുന്നതുകൊണ്ടുതന്നെ കവിതയിലെ ഓരോ വരികളും ഏത് വൈകാരിക മുഹൂർത്തം ആണ് നൽകുന്നത് എന്ന് ദൃശ്യമാക്കി തരുന്നു.നായകനെ കൂടാതെ താമരക്കുളവും, കുരുവികളും, മരങ്ങളും, പക്ഷികളും എന്നുവേണ്ട കൊതുകുവരെ അനേകം പ്രണയ സന്ദർഭങ്ങൾക്കു സാക്ഷിയാവുകയും ഇതിലെ കേന്ദ്ര കഥാപാത്രങ്ങളായി മാറുന്നുമുണ്ട്. പ്രണയത്തോടൊപ്പം പ്രകൃതിയെയും ചേർത്തുപിടിയ്ക്കുന്ന കവിയുടെ ഈ പ്രണയം ഈ കാലഘട്ടത്തിൽ തന്നെ നടന്നതാണോ എന്നു തെല്ലൊരു സംശയം ഇല്ലാതില്ല!കവി ഇവിടെ പ്രണയാനുഭങ്ങളുടെ സാഹിത്യചരിത്രത്തിലെപൂർവ്വ മാതൃകകളെ ഒട്ടുമേ പിൻപറ്റാതെ തന്റെ അനുഭങ്ങളുടെ മനോഹരിതകളെ സത്യസന്ധമായും സ്വഭാവികമായും അനുഗമിയ്ക്കുക മാത്രമാണ്‌ ചെയ്യുന്നത്. അതിനാൽ ഈ കവിതാ സമാഹാരത്തിൽ പതിവ് പ്രണയകവിതകളിൽ കണ്ടുവരുന്ന മഹാപ്രണയകാവ്യങ്ങളിൽ നിന്നും ഊറ്റിയെടുത്തതെന്നു തോന്നിയ്പ്പിക്കുന്ന അപരാനുഭങ്ങളുടെ അതിപ്രസരം ഒട്ടുമേ ഇല്ല എന്ന് എടുത്തു പറയട്ടെ! അതുപോലെ തന്നെ "ഇങ്ങനെയും പ്രണയമോ?" എന്നു ചോദിച്ചുപോകാവുന്ന ഒരു പ്രണയമാണ് ഇതിലുള്ളതെന്നും എടുത്തു പറയേണ്ടതുതന്നെയാണ്.സുനിൽ മാഷ് ബ്ലർബിൽ എഴുതിയതുപോലെ "പ്രണയാനുഭവത്തിന്റെ സൂക്ഷ്മഭേദങ്ങളെ ഇതൾവിടർത്തുന്ന വാഗ്മയങ്ങളിലൂടെ" കവി വായനക്കാരനെ ആനയിയ്ക്കുന്നത് പ്രണയം പൂത്തുനിൽക്കുന്ന താമരക്കുളത്തിലേയ്ക്കാണ്. അവിടെ ഒരു വാക്കിന്റെ അകലത്തിൽ ചെറുവിരലുകൾ പോലും തൊടാതെ ആ സിമന്റു കസേരയുടെ രണ്ടറ്റങ്ങളിലും പുഞ്ചിരിയ്ക്കുന്ന മുഖവുമായി ഇരിയ്ക്കുന്ന റമീസയെയും കവിയെയും വരികൾക്കിടയിലൂടെ നോക്കിയാൽ തെളിഞ്ഞു കാണാവുന്നതാണ്!കാമുകീകാമുകന്മാർ പ്രണയാനുഭവങ്ങളെ സാമാന്യവൽക്കരിയ്ക്കാനോ മറ്റൊന്നുമായി താരതമ്യം ചെയ്യുവാനോ ആഗ്രഹിയ്ക്കാത്തവരാണ്. കവിയുമിവിടെ സാമാന്യവൽക്കരണത്തിനു തീർത്തും എതിരായിത്തീരുന്നു.ഇന്നോളമുണ്ടായിട്ടുള്ള എല്ലാ പ്രണയങ്ങളിലും എഴുതാതെപോയ എണ്ണമറ്റ കവിതകൾ ഉണ്ടെന്നുള്ള പ്രഖ്യാപനംകൂടിയാണ് ഈ കവിതാസമാഹാരം.വൈകാരിക വേളകളിൽ ചിലപ്പോഴെങ്കിലും പ്രണയിനിയിൽ നിന്നും കവി അകലുവാൻ ശ്രമിയ്ക്കുന്നതായി കാണാമെങ്കിലും തന്റെ നിലനിൽപ്പിനുതന്നെ കാരണമായ പ്രണയത്തെ ഉപേക്ഷിയ്ക്കുവാൻ കവി ഒരിയ്ക്കലും തയ്യാറാകുന്നില്ല. കവിതയിലുടനീളമുള്ള തീക്ഷ്ണമായ വൈകാരികാനുഭൂതികളുമായി ചിലപ്പോഴെങ്കിലും വായനക്കാർക്ക് തന്മയീഭാവം സംഭവിയ്ക്കുന്നുണ്ടെങ്കിൽ അതു സ്വാഭാവികം എന്നു മാത്രം പറയട്ടെ! കാരണം പ്രണയത്തെ വസ്തുനിഷ്ഠമായി വിശകലനം ചെയ്യുവാനുള്ള യാതൊരു ശ്രമങ്ങളും ഇവിടെയില്ല. പുസ്തകത്തിന്റെ മുഖവുരയുടെ അവസാനം കവി പറയുന്നതുപോലെ "മനസ്സിൽ പ്രണയം സൂക്ഷിയ്ക്കുന്ന" എല്ലാ മനുഷ്യരും ഒരുവട്ടമെങ്കിലും ഈയൊരു പുസ്തകം വായിച്ചിരുന്നെങ്കിലെന്ന് ആശിച്ചുപോകുന്നു!നല്ലൊരു പ്രണയകവിതയ്ക്ക് ജീവൻ നൽകിയ സൂര്യശങ്കറിന്‌ ഒരായിരം നന്ദിയും ആശംസകളും നേർന്നുകൊള്ളുന്നു.

Rating: 5 of 5 Stars! [5 of 5 Stars!]