reviewed by null Date Added: Friday 10 Apr 2020

അധ്യാപിക, സാഹിത്യ പ്രവർത്തക സഹകരണ സംഘം ഭരണസമിതി അംഗം, കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് എന്നീ നിലകളിൽ പ്രശസ്തയായ ശ്രീമതി വത്സലയുടെ 2012 പ്രസിദ്ധീകൃതമായ നോവലാണ് 'ആദിജലം 'അനാഥയായി വളർന്ന ശ്രീരാധ എന്ന പെൺകുട്ടിയുടെ യൗവനത്തിലെ കുറച്ച് കാലമാണ് ഈ നോവലിൽ കഥാകാരി വരച്ചുകാട്ടുന്നത് . മാസംതോറും എത്തുന്ന പണത്തിലൂടെ മാത്രം പരിചയപ്പെടുന്ന മാതൃസ്നേഹം . കോളേജ് പഠനം കഴിഞ്ഞ് ശ്രീരാധയെ അമ്മയുടെ ജേഷ്ഠത്തിയും അവിവാഹിതയുമായ സുശീല ആന്റി സ്വന്തം തറവാട്ടിലേക്ക് തിരിച്ചു കൊണ്ടു വരികയും, അമ്മ വഴി ലഭ്യമായ സ്വത്ത് കൈവശം വെച്ച് വിവാഹം ചെയ്തു കുടുംബിനിയായി ജീവിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു. എങ്കിലും അനാഥത്വവും അനുഭവവും സമ്മാനിച്ച ഒറ്റപ്പെടലുകൾ മൂലം സ്വയം അധ്വാനിച്ച് സ്വന്തം കാലിൽ നിൽക്കാനുള്ള അതിയായ ആഗ്രഹത്താൽ ജന്മാന്തര ബന്ധങ്ങളെ ആദിജലത്തിൽ ലയിപ്പിച്ച് , അന്തമില്ലാത്ത പ്രയാണത്തിൽ ഒഴുകിച്ചേരാൻ ആഗ്രഹിക്കുന്ന ശ്രീരാധ യിലേക്കാണ് കഥ നമ്മളെ കൊണ്ടു പോകുന്നത് ഒറ്റനോട്ടത്തിൽ ഇത് ഒരു സ്ത്രീപക്ഷ നോവൽ ആണെന്ന് പറയാം. സമൂഹത്തിൽ വ്യത്യസ്ത തലത്തിലുള്ള കുറച്ചു സ്ത്രീകളുടെ ആത്മസംഘർഷങ്ങളും ചിന്തകളും സ്വപ്നങ്ങളും ഇതിൽ വിവരിക്കുന്നു. ഒരു ലക്ഷൃത്തിൽ എത്തിച്ചേരാൻ വേണ്ടി ഒരുപാട് വൃഥകൾ അനുഭവിക്കുന്ന കുറച്ചു ജീവിതങ്ങൾ. പുരുഷ കഥാപാത്രങ്ങൾ ഉണ്ടെങ്കിലുംഅവർ സ്ത്രീ മനസ്സുകളിൽ ചെലുത്തുന്ന സ്വാധീനം വിവരിക്കാനാണ് കഥാകാരി കൂടുതൽ ശ്രദ്ധിക്കുന്നത് .ഉദ്യോഗസ്ഥയായിരുന്നു എങ്കിലും റിട്ടയർമെന്റ് നുശേഷം ശേഷം സ്വന്തം മുറിയുടെ ജനാലകൾ പോലും തുറക്കാതെ വീട്ടിൽ താമസിക്കുന്ന സുശീല ആന്റിയുടെ ഭാഷയിൽ "പുരുഷന്മാരില്ലാത്ത വീട്ടിൽ എപ്പോഴും ഒരു വിടവ് തുറന്നു കിടക്കും . ആരും അവിടേക്ക് ഓരോ ന്യായം പറഞ്ഞു കയറിവരും . കഠിനമായ എതിർപ്പില്ലെങ്കിൽ കയറിയിരിക്കും പിന്നെ പതുക്കെപ്പതുക്കെ ഓരോന്ന് പാട്ടിലാക്കും " എന്ന വരികളിലൂടെ സമൂഹത്തിൽ നിലനിൽക്കുന്ന ചില സത്യങ്ങൾ വിളിച്ചു പറയുകയും ചെയ്യുന്നുണ്ട് .ആദ്യവായനയിൽ ഈ നോവൽ വായനക്കാരിൽ അധികം സ്വാധീനം ചെലുത്തുന്നില്ലെങ്കിലും കഥാപാത്രത്തിലേക്ക് ഒരു തിരിച്ചുപോക്ക് നടത്തിയാൽ അവരുടെ മനസ്സിൽ നിറഞ്ഞു കത്തുന്ന ബന്ധങ്ങൾ, ഒറ്റപ്പെടലുകൾ സ്വാന്തനം എന്നിവയെല്ലാം മനസ്സിലാക്കാൻ കഴിയും .അദ്ധ്യാപികയായ എഴുത്തുകാരിയുടെ വാക്കുകളിലൂടെ ഇപ്പോഴത്തെ സാമൂഹിക വ്യവസ്ഥയെ ഒരു സ്ത്രീയുടെ കണ്ണുകളിലൂടെ നോക്കി കാണാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു

Rating: 4 of 5 Stars! [4 of 5 Stars!]