സമാനതകളില്ലാത്ത സമരജീവിതത്തിൻ്റെ അടയാളപ്പെടുത്തൽ

കേവലമൊരു ജീവചരിത്രമല്ല സി കെ ജാനുവിൻ്റെ ആത്മകഥയായ അടിമമക്ക. ആദിവാസി ജനത ഇന്നും നേരിടുന്ന ചൂഷണത്തിൻ്റെ നേർ സാക്ഷ്യവും,  തീക്ഷ്ണമായ, ഇന്നും തുടരുന്ന സമരജീവിതത്തിൻ്റെ അടയാളപ്പെടുത്തലുമാണിത് . ഓൺലൈൻ മാധ്യമം ട്രൂകോപ്പി തിങ്കിൻ്റെ പുസ്തക പ്രസാധകവിഭാഗമായ റാറ്റ് ബുക്സ് ആദ്യമായി പുറത്തിറക്കിയ പുസ്തകമാണ് അടിമമക്ക. 

ഒന്നാം ക്ലാസിൽ കയറേണ്ട കാലത്ത് സി കെ ജാനു എത്തിയത് ജന്മിയുടെ വീട്ടുമുറ്റത്താണ്. മുറ്റമടിക്കാനും പാത്രം കഴുകാനും വെള്ളം കോരാനും വിറകെടുക്കാനും. അന്ന് വയസ്സ് ആറ്! ജന്മിയുടെ വീട്ടിൽ നാല് ചെമ്പിൽ നെല്ലു പുഴുങ്ങുന്നതിനിടെ ആറ് വയസ്സുകാരി സമരം പ്രഖ്യാപിച്ചു. വെന്ത നെല്ല് കോരാതെ ജാനുവും കൂട്ടുകാരിയും മാറിനിന്നു. ജന്മിയുടെ ഭാര്യ പണിക്കാരിയായ ആറ് വയസ്സുകാരിയെ അന്വേഷിച്ചെത്തിയപ്പോൾ അവൾ പറഞ്ഞു. ' എപ്പോഴും ദോശയുണ്ടാക്കി നിങ്ങള് തന്നെയല്ലേ തിന്നുന്നത്, ഞങ്ങൾക്ക് പഴങ്കഞ്ഞിയല്ലേ തരുന്നത്, അതുകൊണ്ട് നിങ്ങളുടെ പണി നിങ്ങൾ തന്നെ ചെയ്തോ'.

ആ കലഹം ഇപ്പോഴും സി കെ ജാനു തുടരുകയാണ്. ജന്മിയുടെ റോളിൽ വരുന്നത് വെവ്വേറെ ആളുകളെന്ന് മാത്രം. 

ജനാധിപത്യഭരണകൂടവും പൊലീസും കേരളത്തിൽ വംശീയതയ്ക്ക് തുല്യമായി നടത്തിയ അതിക്രമമായിരുന്നു മുത്തങ്ങയിലേതെന്ന് പുസ്തകത്തിൻ്റെ അവതാരികയിൽ കമൽറാം സജീവ് പറയുന്നുണ്ട്. ഇത് ശരിവയ്ക്കുന്ന, ചോരയിറ്റുവീഴുന്ന മുത്തങ്ങ സമരത്തെ സി കെ ജാനു ഓർത്തെടുക്കുന്നു. കൈക്കുഞ്ഞുങ്ങളുടെ പോലും തലയടിച്ച് പൊട്ടിച്ച് നടത്തിയ പൊലീസ് വേട്ടയും ആദിവാസി സ്ത്രീകൾക്ക് നേരെ നടത്തിയ ലൈംഗിക അതിക്രമങ്ങളും അന്ന് കേരളവും മാധ്യമങ്ങളും വേണ്ടവിധം ചർച്ച ചെയ്തില്ല. 

ഒറ്റുകാരാൽ മുളങ്കൂട്ടത്തിനുള്ളിൽ തീവച്ചുകൊല്ലാനുള്ള ശ്രമത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടതും, പൊലീസുകാരൻ വിനോദിൻ്റെ മരണവും,  ഭീകരമായ പൊലീസ് മർദനത്തിൻ്റെ മണിക്കൂറുകളും വൈകാരികതയ്ക്കപ്പുറം വസ്തുതകളായി അവതരിപ്പിക്കുകയാണ് പുസ്തകത്തിൽ. അന്നത്തെ മുഖ്യമന്ത്രി എ കെ ആൻ്റണിയുടെയും വനംമന്ത്രിയായിരുന്ന കെ സുധാകരൻ്റെയും കെപിസിസി പ്രസിഡൻ്റായിരുന്ന കെ മുരളീധരൻ്റെയും നിലപാടുകൾ  മുത്തങ്ങ വെടിവയ്പ് മുഖ്യമന്ത്രിയുടെ അറിവോടെ തന്നെ എന്ന അധ്യായത്തിൽ ജാനു വിശദമാക്കുന്നു.

 പതിനഞ്ച് വയസ്സിൽ സിപിഐഎം അംഗവും കർഷകത്തൊഴിലാളി യൂണിയൻ ജില്ലാ കമ്മിറ്റി അംഗവുമായിരുന്നു സി കെ ജാനു. ഒടുവിൽ ഇപ്പോൾ ബിജെപി പാളയത്തിലായി എന്ന വിമർശനത്തിനും പരിഹാസത്തിന് സി കെ ജാനുവിന് കൃത്യമായ മറുപടിയുണ്ട്. ജാനുവിൻറെ ജനാധിപത്യ രാഷ്ട്രീയ പാർട്ടി എൽഡിഎഫുമായി ചർച്ച നടത്തുന്ന അതേ സമയത്തായിരുന്നു കേരളാ കോൺഗ്രസ് എം മുന്നണിയിലെത്തിയത്. കുറച്ചുകാലം മുന്നണിയുമായി സഹകരിച്ച് കാത്ത് നിൽക്കൂ എന്നായിരുന്നു ജാനുവിനോടുള്ള സമീപനം.

ഇത്തരമൊരു ജീവിതാനുഭവം കേരളത്തിന് അന്യമാണ്.ആദിവാസിയുടെ അരികജീവിതം മുഖ്യധാരാ കേരളത്തിൻ്റെ പരിഗണനാ വിഷയമല്ലാത്തതാണ് കാരണം. ജീവിതസമരം കൊണ്ടും പോരാട്ടവീര്യം കൊണ്ടും  ഇന്ന് കേരളത്തിലെ ഏതൊരു രാഷ്ട്രീയനേതാവിനെക്കാളും തലപ്പൊക്കമുണ്ട് സി കെ ജാനുവിന്. അതംഗീകരിക്കാൻ സമൂഹം പാകപ്പെട്ടില്ല എന്നതാണ് യാഥാർഥ്യം.

 

Buy Online : https://keralabookstore.com/book/adimamakka/1001399/

By 

Sarun Jose