പുരാതന ഗ്രീസില്‍ ജീവിച്ചിരുന്ന അന്ധകവിയാണ് ഹോമര്‍. ലോകപ്രശസ്തമായ ഗ്രീക്ക് ഇതിഹാസങ്ങളായ ഇലിയഡ് , ഒഡീസി എന്നിവ രചിച്ചത് ഹോമറാണെന്നു വിശ്വസിക്കപ്പെടുന്നു. എങ്കിലും പല ഗവേഷകരും ഈ മഹാകാവ്യങ്ങള്‍ ഒരാളുടെ സൃഷ്ടിയല്ല, മറിച്ച് ഒരു കൂട്ടം ആളുകളുടെ സൃഷ്ടിയാണെന്ന് വാദിക്കുന്നുണ്ട്. ഹോമറിന്റെ ജനനമരണങ്ങളെപ്പറ്റിയുള്ള വിവരങ്ങളൊന്നും ലഭ്യമല്ല. ബി.സി ഒമ്പതാം നൂറ്റാണ്ടിലാണ് ഹോമര്‍ ജീവിച്ചിരുന്നതെന്നു (തന്റെ കാലഘട്ടത്തിന് 400 വര്‍ഷം മുന്‍പ്) പുരാതന ഗ്രീക്ക് ചരിത്രകാരനായ ഹെറഡോട്ടസ് പറയുന്നു. ബി.സി. എട്ട്,ഒമ്പത് നൂറ്റാണ്ടുകളിലേതെങ്കിലുമാവും ഹോമര്‍ ജീവിച്ചതും ഇലിയഡും ഒഡീസ്സിയും സൃഷ്ടിച്ചതെന്നുമാണ് ഇന്നു പൊതുവെ അംഗീകരിക്കപ്പെട്ടിട്ടുള്ളത്. ട്രോജന്‍ യുദ്ധത്തിനടുപ്പിച്ച് ബി.സി. പന്ത്രണ്ടാം നൂറ്റാണ്ടിന്റെ ആദ്യഭാഗത്താണ് ഇദ്ദേഹം ജീവിച്ചിരുന്നതെന്ന് ചില പുരാതന സ്രോതസ്സുകള്‍ അവകാശപ്പെടുന്നുണ്ട്.
ഗ്രീക്ക് സംസ്കാരത്തെ രൂപപ്പെടുത്തുന്നതില്‍ ഹോമറിന്റെ ഇതിഹാസങ്ങള്‍ വഹിച്ച പങ്ക് പ്രധാനമാണ്. ഇദ്ദേഹത്തെ ഗ്രീസിന്റെ അദ്ധ്യാപകന്‍ എന്ന് വിശേഷിപ്പിക്കാറുണ്ട്.
ആരാണ് ഹോമര്‍ എന്നതിനെപ്പറ്റിയുണ്ട് പല കഥകള്‍. ബാബിലോണിയക്കാരനായ ടൈഗ്രനസ് ആണ് ഹോമര്‍ എന്നും ഗ്രീക്കുകാര്‍ യുദ്ധത്തില്‍ തടവുകാരനാക്കിക്കൊണ്ടുവന്ന ടൈഗ്രനസ്, ഹോമര്‍ എന്ന പേരു സ്വീകരിക്കുകയായിരുന്നു എന്നാണ് ഒരു കഥഹൊമേറോസ് എന്ന വാക്കിന് ബന്ദി എന്ന അര്‍ത്ഥവുമുണ്ട്. റോമാ സാമ്രാജ്യത്തിന്റെചക്രവര്‍ത്തിയായിരുന്ന ഹഡ്രിയന്‍, ഹോമര്‍ ആരാണെന്നറിയാന്‍ ഒരിക്കല്‍ ഡെല്‍ഫിയിലെ പ്രവാചകയെ സമീപിച്ചുവത്രെ. അപ്പോള്‍ കിട്ടിയ ഉത്തരം ഒഡീസ്യുസിന്റെ മകന്‍ ടെലിമാക്കസിന്റേയും എപ്പിക്കസ്തെയുടേയും മകനാണ് ഹോമറെന്നാണ്ഏഷ്യാമൈനറിലെ (ഇന്നത്തെതുര്‍ക്കി)അയോണിയന്‍ മേഖലയിലുള്ള സ്മിര്‍ണയിലോ ചിയോസ് ദ്വീപിലോ ആണു ഹോമര്‍ ജനിച്ചതെന്ന് മറ്റോരു കഥ. ഇയോസ് ദ്വീപില്‍ വെച്ച് ഹോമര്‍ മരിച്ചുവത്രെ. ഈ പ്രദേശങ്ങളുടെ വിശദചിത്രം ഹോമര്‍ തന്റെ ഇതിഹാസകാവ്യങ്ങളില്‍ അവതരിപ്പിക്കുന്നതുകൊണ്ട് ഈ കഥക്ക് വിശ്വാസ്യത നേടാന്‍ കഴിഞിട്ടുണ്ട്.
ഹോമര്‍ അന്ധനായിരുന്നു എന്ന വിശ്വാസത്തിനു കാരണം, ഹോമര്‍ ഹൊമേറോസ് എന്നീ വാക്കുകള്‍ തമ്മിലുള്ള ധ്വനിസാമ്യമാണ്. ബന്ദി,പണയവസ്തു എന്നൊക്കെ അര്‍ത്ഥമുള്ള ഹൊമേറോസ് എന്ന പദം കൂടെപ്പോകുന്നവന്‍ അനുഗമിക്കാന്‍ നിര്‍ബന്ധിതനായവന്‍ എന്നീ അര്‍ത്ഥങ്ങളിലാണ് പ്രയോഗിക്കാറുള്ളത്. ചില ഭാഷാഭേദങ്ങളില്‍ അന്ധന്‍ എന്നും അതിനര്‍ത്ഥമുണ്ട്. ഇയോണിക് ഭാഷാഭേദത്തില്‍ ഹൊമേറുവോ എന്നാല്‍ അന്ധനെ നയിക്കല്‍ എന്നാണര്‍ത്ഥം ഫിഷ്യന്‍ രാജാവിന്റെ സദസ്സിലുള്ള ദിമോദോക്കസ് എന്ന അന്ധനായ ഗായകന്‍ ട്രോയിയുടെ കഥകള്‍ കപ്പല്‍ ചേതം വന്നു എത്തിച്ചേര്‍ന്ന ഒഡീസ്യുസിനോടു വര്‍ണിക്കുന്നതായി ഒഡീസ്സിയില്‍ ഹോമര്‍ എഴുതിയിട്ടുണ്ട്. ഇതു കവിയുടെ ആത്മാംശസൂചനയാണെന്ന് ചില പണ്ഡിതര്‍ വ്യാഖ്യാനിക്കുന്നു[15][16]. ഹൊമേറിയോ എന്ന ക്രിയാപദത്തിന് പാട്ടുകള്‍ കൂട്ടിയിണക്കുന്നവന്‍ എന്നും അര്‍ത്ഥമുണ്ട്. അതുകൊണ്ട് ഹോമര്‍ ഗാനങ്ങള്‍ ഈണത്തില്‍ പാടിയിരുന്നയാളായിരുന്നുവെന്നാണു മറ്റോരു വാദം ഇലിയഡും ഒഡീസ്സിയും വാമൊഴി ഗാനങ്ങളായി പ്രചരിച്ചിരുന്നതുകൊണ്ട് ഈ വാദവും തള്ളിക്കളയാന്‍ വയ്യ.