തെക്കൻകഥാഗാനങ്ങളിൽ ചരിത്രപ്രാധാന്യമുള്ളവയാണ് തമ്പുരാൻപാട്ടുകൾ. അവയെ വേണാടിൻ്റെ വീരഗാഥകളെന്നു വിശേഷിപ്പിക്കാം. മരണത്തെപ്പോലും മധുരീകരിച്ച അയനിയൂട്ടു തമ്പുരാനായ രവിവർമ്മ സംഗ്രാമധീരൻ, ഉലകുടയപെരുമാൾ, അഴകൻതമ്പുരാൻ, കുലശേഖരപ്പെരുമാൾ, കോട്ടയം വീരകേരളവർമ്മത്തമ്പുരാൻ മുതലായ വീരകേസരികളുടെ ഐതിഹാസിക ചരിത്രാവിഷ്കാരങ്ങളാണ് തമ്പുരാൻ പാട്ടുകൾ. വേണാടിൻ്റെ ചരിത്രം, ഭാഷ, സംസ്കാരം എന്നിവയെക്കുറിച്ചറിയാൻ ശ്രമിക്കുന്നവർക്ക് പ്രസ്തുതഗാനങ്ങൾ അമൂല്യ നിധികളാകുന്നു. തെക്കൻതിരുവിതാങ്കൂറിലെ ജനജീവിതവുമായി ബന്ധപ്പെട്ട ചരിത്രപരവും ഐതിഹ്യാധിഷ്ഠിതവുമായ അനുഭവങ്ങളുടെ സ്തോഭജനകമായ അപദാനങ്ങളാൽ സമ്പന്നമായ തമ്പുരാൻ പാട്ടുകളെക്കുറിച്ച് അറിവുനൽകുന്ന ഈടുറ്റ പഠനഗ്രന്ഥം.