ലാറ്റിന്‍ അമേരിക്കന്‍ രാഷ്ട്രമായ വെനസ്വേലയുടെ പ്രസിഡന്റായിരുന്നു ഊഗോ റാഫേല്‍ ചാവെസ് ഫ്രയസ് എന്ന ഊഗോ ചാവെസ് ( ഹ്യൂഗോ ഷാവെസ് എന്ന് മലയാളികള്‍ക്ക് പരിചിതമായ പേര് ) (ജ. 28 ജൂലൈ 1958 - മ. 5 മാര്‍ച്ച് 2013). 1999 മുതല്‍ 2013 -ല്‍ തന്റെ മരണംവരെ 14 വര്‍ഷം വെനിസ്വേലയുടെ പ്രസിഡന്റായി തുടര്‍ന്ന ചാവെസ് രാജ്യത്ത് സോഷ്യലിസ്റ്റ് ഭരണക്രമം ലക്ഷ്യമിട്ട് പ്രവര്‍ത്തിച്ചു. [1] ഫിഫ്ത്ത് റിപ്പബ്ലിക്കന്‍ മൂവ്മെന്റ് എന്ന ഇടതുപക്ഷ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ നേതാവായാണ് ചാവെസ് വെനസ്വേലയുടെ രാഷ്ട്രീയരംഗത്ത് സജീവമാകുന്നത്. പിന്നീട് ഈ പാര്‍ട്ടി സമാനചിന്താഗതിക്കാരായ മറ്റ് ചില പാര്‍ട്ടികളുമായുള്ള ലയനത്തിലൂടെ രൂപംകൊണ്ട യുണൈറ്റഡ് സോഷ്യലിസ്റ്റ് പാര്‍ട്ടി ഓഫ് വെനസ്വേല എന്ന പാര്‍ട്ടിയുടെ നേതൃസ്ഥാനവും ചാവെസിനായിരുന്നു. മേഖലയിലെ വന്‍ശക്തിയായ അമേരിക്കയെ തുറന്നെതിര്‍ത്തുകൊണ്ട്, ഇടതുപക്ഷാഭിമുഖ്യമുള്ള ബൊളിവേറിയന്‍ വിപ്ലവം എന്ന ആശയം മുന്നോട്ടുവെച്ച് സോഷ്യലിസത്തിലേക്കുള്ള ലാറ്റിനമേരിക്കന്‍ പാത അഥവാ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ സോഷ്യലിസം എന്ന ആശയവും അദ്ദേഹം നടപ്പാക്കാന്‍ ശ്രമിച്ച ലാറ്റിന്‍ അമേരിക്കന്‍ മേഖലയില്‍ സമീപദശകങ്ങളില്‍ ദൃശ്യമായ സോഷ്യലിസ്റ്റ് പരിവര്‍ത്തനത്തിലേക്കുള്ള തനത് പാതയുടെ തുടക്കക്കാരാനായും ഊഗോ ചാവെസ് കരുതപ്പെടുന്നു. ഇതിലൂടെ ലാറ്റിനമേരിക്കയുടെ ഏകീകരണവും ചാവെസ് ലക്ഷ്യമാക്കിയിരുന്നു. ചാവെസ് മത്സരിച്ചപ്പോഴൊക്കെ തിരഞ്ഞെടുപ്പിന്റെ ഫലം അറിയാന്‍ ലോകരാഷ്ട്രങ്ങള്‍ക്ക് ആകാംക്ഷയുണ്ടായിരുന്നു.
സാമ്രാജ്യത്വ ഇടപെടലുകള്‍ക്ക് കീഴടങ്ങാതെ ഊഗോ ചാവെസ് വെനസ്വെലയുടെ വികസനത്തിലും മുഖ്യപങ്കുവഹിച്ചു വെനിസ്വെല സര്‍ക്കാരിനെതിരേ നടത്തിയ അട്ടിമറി ശ്രമത്തിലൂടെയാണ് ഊഗോ ചാവെസ് ശ്രദ്ധേയനാകുന്നത്. 1992-ല്‍ നടന്ന ആ സംഭവത്തില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രവര്‍ത്തനം ആരോപിച്ച് അദ്ദേഹത്തെ ജയിലിലടച്ചു. പരാജയപ്പെട്ട ഈ ശ്രമത്തിനുശേഷം ഇടതുപക്ഷാഭിമുഖ്യമുള്ള ഫിഫ്ത്ത് റിപബ്ലിക്ക് മൂവ്മെന്റ് എന്ന സംഘടന രൂപവത്കരിച്ച് 1998-ല്‍ വെനിസ്വലയില്‍ അധികാരത്തിലെത്തി. 2002-ല്‍ നടന്ന ഭരണ അട്ടിമറിയില്‍ പുറത്തായെങ്കിലും രണ്ടുദിവസത്തിനകം അധികാരത്തില്‍ തിരിച്ചെത്തി. വെനിസ്വെലയിലെ ഭൂരിപക്ഷം വരുന്ന ദരിദ്രജനവിഭാവങ്ങള്‍ക്കായി ക്ഷേമപദ്ധതികള്‍ വാഗ്ദാനം ചെയ്താണ് ചാവെസ് പ്രസിഡന്റ് പദവിയിലെത്തിയത്.
വെനസ്വെലയിലെ മധ്യവര്‍ഗ, ഉപരിവര്‍ഗ വിഭാഗങ്ങള്‍ ചാവെസിന്റെ കടുത്ത വിമര്‍ശകരായിരുന്നു[1]. തിരഞ്ഞെടുപ്പ് വഞ്ചന, രാഷ്ട്രീയ അടിച്ചമര്‍ത്തല്‍, മനുഷ്യാവകാശ ലംഘനങ്ങള്‍ എന്നിങ്ങനെ വിവിധ ആരോപണങ്ങള്‍ വിമര്‍ശകര്‍ ചാവെസിനെതിരേ ഉയര്‍ത്തിയിരുന്നു. 2002-ല്‍ ചാവെസിനെതിരെ ഒരട്ടിമറി ശ്രമവും നടക്കുകയുണ്ടായി. ദീര്‍ഘകാലമായി ക്യാന്‍സര്‍ രോഗബാധിതനായിരുന്ന ഊഗോ ചാവെസ് 2013 മാര്‍ച്ച് അഞ്ചിന് നിര്യാതനായി