ദലൈലാമയുടെ അസാധാരണ ആത്മകഥ

by

ബുദ്ധമതത്തിൻ്റെ ആത്മീയാചാര്യനും തിബത്തിൻ്റെ രാഷ്ട്രീയ നേതാവുമായ ദലൈലാമയുടെ ആത്മകഥ. പ്രണത ബുക്സ് പ്രസിദ്ധീകരിച്ചിരിക്കുന്ന പുസ്തകത്തിൻറെ മലയാളവിവർത്തനം സ്വാതന്ത്ര്യം രാജ്യഭ്രഷ്ടിൽ, ദലൈലാമ എന്ന തലക്കെട്ടിലാണ്. നമുക്ക് സങ്കീർണമായ ടിബത്തൻ ജീവിതരീതിയും, ബുദ്ധമതത്തിലെ പുനർജന്മ വിശ്വാസങ്ങളും മാന്ത്രികതയും നിഗൂഡതകളും പരിഭാഷയുടെ മുറുക്കിക്കെട്ടില്ലാതെ ആർ കെ ബിജുരാജ് മനോഹരമായി നിർവഹിച്ചിരിക്കുന്നു.

ടിബത്തൻ ജീവിതം, ബുദ്ധമത വിശ്വാസം, ചൈനയുടെ അധിനിവേശം, ഇന്ത്യയിലെ പ്രവാസം എന്നിങ്ങനെ, 1990 വരെയുള്ള കാലഘട്ടമാണ് പുസ്തകത്തിലുള്ളത്. ടിബത്തൻ ബുദ്ധമതത്തിൻ്റെ 14-ാമത്തെ ദലൈലാമയാണ് തെൻസിൻ ഗ്യാസ്റ്റോ.  രണ്ടാം വയസ്സിൽ 13-ാം ദലൈലാമയുടെ പുനർജന്മമായി അംഗീകരിക്കപ്പെട്ടു. 15 വയസ്സിലാണ് ടിബത്തൻകാരുടെ രാഷ്ട്രീയ- ആത്മീയ നേതാവായി അവരോധിക്കപ്പെട്ടത്. 

ചൈനീസ് അധിനിവേശത്തിൻ്റെ തുടക്കാകാലത്ത് പെക്കിംഗിൽ മാവോ സെ തൂങുമായുള്ള ദലൈലാമയുടെ സന്ധി സംഭാഷണങ്ങൾ ഏറെ ശ്രദ്ധേയമാണ്. കാർക്കശ്യക്കാരനായ മാവോ തുടക്കകാലത്ത് ദലൈലാമയോട് ഏറെ അടുപ്പം കാണിച്ചു.  എന്നാൽ പിന്നീടത് നേർത്തുവന്നു.  1959ലാണ് ഇന്ത്യയിലേക്കുള്ള പലായനം. ശേഷം ടിബത്തിലുണ്ടായ സമ്പൂണമായ അധിനിവേശത്തിൻ്റെയും രക്തച്ചൊരിച്ചലിൻ്റെയും ചരിത്രം ചരിത്ര-രാഷ്ട്രീയ താത്പര്യമുള്ളവർ ഉറപ്പായും വായിച്ചിരിക്കേണ്ടതാണ്.

മാവോയുള്ള കാലം തൊട്ടേയുള്ളതാണ് ജവഹർലാൽ നെഹ്റുവുമായുള്ള പരിചയം.അന്ന് ചൈനയും ഇന്ത്യയും അടുത്ത സുഹൃദ് രാജ്യങ്ങളാണ്.  അക്കാലത്ത് ദലൈലാമയ്ക്ക് രാഷ്ട്രീയ അഭയം നൽകാൻ നെഹ്റു മടി കാണിച്ചില്ല. പ്രവാസത്തിന് വർഷങ്ങൾക്കുള്ളിലായിരുന്നു ഇന്ത്യാ- ചൈനാ യുദ്ധം. തൻ്റെ പ്രവാസി സർക്കാരിന് ഇന്ത്യൻ ഭരണാധികാരികൾ നൽകിയ നിസ്തുലമായ പങ്കിനെക്കുറിച്ച് ദലൈലാമ വാചാലനാകുന്നുണ്ട്.

ദലൈലാമ, പഞ്ചൻലാമ, റിംപോച്ചെ തുടങ്ങിയവരുടെ തെരഞ്ഞെടുപ്പുകളും,ടിബത്തൻ- ബുദ്ധമത ആചാരങ്ങളും, ഉത്സവങ്ങളും, മാംസം ഉൾപ്പെടെ ഭാഗമായ ടിബത്തൻ ഭക്ഷണ രീതിയുമെല്ലാം വിശദമാക്കുന്ന മലയാളത്തിലെ അപൂർവ പുസ്തകമായിരിക്കും ഇത്.

-Sarun Jose

Buy Online : https://keralabookstore.com/book/swathanthryam-rajyadristriyil/20416/