ഒരു സ്വപ്ന യാത്ര. 27 രാജ്യങ്ങളിലൂടെ, രണ്ട് ഭൂഖണ്ടങ്ങൾ താണ്ടി, 75 ദിവസങ്ങൾ നീളുന്ന യാത്ര. 2014 ജൂണിൽ ലണ്ടൻ ലക്ഷ്യമാക്കി പുറപ്പെട്ട അവർ ചില്ലറക്കാരായിരുന്നില്ല. സംവിധായകൻ ലാൽ ജോസ്, ഓട്ടോ ജേർണലിസ്റ്റ് ബൈജു എൻ നായർ, നിരവധി സാഹസിക യാത്രകൾ നടത്തി പേരെടുത്ത സുരേഷ് ജോസഫ്.
വലിയ മാധ്യമ പ്രാധാന്യത്തോടെയാണ് കേരളം ഇവരെ യാത്രയാക്കിയത്. ഇടയ്ക്കിടെ യാത്രാ വിശേഷങ്ങൾ പത്രത്തിലും ടിവിയുലുമൊക്കെ വന്നു. പ്രവാസം രക്തത്തിലുള്ള മലയാളി അൽപം അസൂയയോടെ അതെല്ലാം കണ്ടു. ലണ്ടനിൽ എത്തുമ്പോൾ, റോഡ് മാർഗ്ഗം ഇന്ത്യയിൽ നിന്ന് ആദ്യമായി അവിടെ എത്തിവരായി മാറുമല്ലോ ഈ പഹയൻമാർ.
പക്ഷെ നാൽപത്തിരണ്ടാം ദിവസം സംഘം രണ്ടായി. ബൈജു എൻ നായരും സുരേഷ് ജോസഫും തമ്മിൽ തെറ്റി. ലാൽ ജോസ് നിഷ്പക്ഷൻ. വണ്ടി സുരേഷിന്റെസ കൈയ്യിലായിരുന്നതുകൊണ്ടാവണം, ലാൽ ജോസ് സുരേഷിനൊപ്പം യാത്ര തുടർന്നു. റഷ്യയിൽ, സെന്റ്പീ റ്റേഴ്സ് ബർഗിലെ തണുപ്പിൽ, പുലർച്ചെ ഒരു വലിയ പെട്ടിയും രണ്ട് ബാഗുകളുമായി അന്തിച്ചുനിന്ന ബൈജുവും യാത്ര തുടരാനാണ് തീരുമാനിച്ചത്.
അനുഭവങ്ങളുടെ ലോകം അതോടെ മറ്റൊരു വഴിക്ക് സഞ്ചരിച്ചു തുടങ്ങി. വാഴ്സോ നഗരത്തിലെ ഷോപ്പിംഗ് മാളിൽ മുത്രമൊഴിക്കാൻ പോയി തിരിച്ചെത്തുമ്പോൾ പെട്ടികൾ ഒന്നൊഴിയാതെ അപ്രത്യക്ഷമായത്, മോശമായി പെരുമാറുക എന്ന വിചിത്രമായ ആചാരമുള്ള പ്രാഗിലെ പബ്ബിൽ നിന്ന് വയറുനിറയെ ചീത്ത കേട്ടത്...
ബസ്സിലും ലിഫ്റ്റ് ചോദിച്ചുമൊക്കെയുള്ള യാത്രയിൽ പലതവണ മടങ്ങിയാലോ എന്ന് ചിന്തിച്ച യാത്രികൻ ഒടുവിൽ അറുപത്തിയേഴാം ദിവസം ലണ്ടനിലത്തി. സർവ ലോക മലയാളികളെ, ഇതാ ഞാൻ വരുന്നു എന്ന തന്ത്രമാണ് പല ഇടത്തും രക്ഷിച്ചത്. ഫെയ്സ്ബുക്കിന് കൊടുക്കണം കൈ. എഴുപത്തിമൂന്നാം ദിവസം വണ്ടിക്കാരുമെത്തി.
ആ കഥയാണ് ലണ്ടനിലേക്ക് ഒരു റോഡ് യാത്ര എന്ന പുസ്തകം. സുരേഷ് ജോസ്ഫും തിരിച്ചുവന്ന് പുസ്തകമെഴുതി. വണ്ടി ഫോർഡ് എൻഡവറായത് കൊണ്ടാണോ എന്നറിയില്ല, പേര് A GLORIOUS ENDEAVOUR എന്നാണ്.
ഒരു യാത്രാ വിവരണത്തിന് അപ്പുറം ഡയറികുറുപ്പുപോലെ, പ്രസ്തകമായത് ഒന്നും വിട്ടുകളയാത്ത വിവരണമാണ് സുരേഷ് ജോസഫിന്റേയത്. യാത്രയിൽ ശ്രദ്ധയിൽ പെട്ടതെല്ലാം പുസ്തകത്തിലുണ്ട്. കാലവാസ്ഥ മുതൽ രാഷ്ട്രീയംവരെ, ഭൂമിയുടെ പ്രത്യേകത മുതൽ വാസ്തുവിദ്യ വരെ
ലാൽ ജോസ് ഇതിലും നിഷ്പക്ഷനാണ്. പുസ്തകമൊന്നും ഇല്ല.
ലണ്ടനിൽ നിന്ന് മടങ്ങിയെത്തി ഒരു മാസം തികയും മുൻപ് ബൈജുവിന് ഒരു ഫോൺ കോൾ. സുരേഷ് ജോസഫാണ്. മുഖവുരയൊന്നും കൂടാതെ പുള്ളി കാര്യം പറഞ്ഞു. യാത്രയ്ക്ക് ഉപയോഗിച്ച് വണ്ടി വിൽക്കണം. പകരം ഏത് വാങ്ങണം?
അതാണ്... യാത്ര ആണ് മുഖ്യം. യാത്ര മാത്രം. അതിന്റെണ മാസ്മരികതയ്ക്ക് മുന്നിൽ പിണക്കങ്ങളൊക്കെ എന്ത്....
അവരിപ്പോഴും ഒരേ നഗരത്തിൽ പരസ്പരം കാണാതെ താമസിക്കുന്നുണ്ട്. അടുത്ത യാത്രവരെയുളള ഇടവേള ആകാനെ തരമുള്ളു.