അടഞ്ഞ വാതിലുകൾക്ക് മുൻപിൽ

2012 സെപ്തംബറിൽ അസാധാരണയായ ഒരമ്മയുടെ മുന്നിൽ ഞാൻ ഇരുന്നു. അർപ്പുതമ്മാൾ എന്ന പേരറിവാളന്റെ അമ്മ. ചെന്നൈ വടപളനിയിലെ ഒരു വീടിന്റെ പിൻഭാഗത്തിരുന്ന് അവർ പറഞ്ഞ കഥകൾ കേട്ട്, അവരുടെ കരച്ചിൽ കണ്ട് ഒന്നു സമാധാനിപ്പിക്കാൻ പോലുമാകാതെ പകച്ചിരിക്കാനെ എനിക്ക് സാധിച്ചുള്ളൂ. അത്രയും നിസ്സഹായമായ ഒരു കരച്ചിൽ അന്നുവരെ ഞാൻ കണ്ടിട്ടില്ലായിരുന്നു. കൃത്യം നടന്ന് 32 വർഷങ്ങൾക്കു ശേഷം ആ അമ്മക്ക് ഒരു കത്ത് കിട്ടി. മകനെ  തൂക്കിലേറ്റുകയാണ്, മൃതദേഹം ഏറ്റുവാങ്ങുക എന്ന് അറിയിക്കുന്ന സർക്കാരിന്റെ കത്ത് ഒപ്പിട്ടു വാങ്ങിയ ആഘാതത്തിലായിരുന്നു അവർ. അന്ന് അർപ്പുതമ്മാൾ എന്ന അമ്മയോടൊപ്പം നിരവധി തമിഴ് സംഘടനകൾ പ്രതിഷേധത്തിനെത്തിയപ്പോൾ ഏതായാലും സർക്കാർ മുട്ടുമടക്കി. വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചു. പിന്നീട് ഏറെ നിയമ പോരാട്ടങ്ങൾക്കൊടുവിൽ സുപ്രീംകോടതി തന്നെ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ചു. ഒരേ കേസിൽ 32 വർഷം ജയിൽ ശിക്ഷയും പീഡനങ്ങളും അനുഭവിച്ചതിന് പുറമെ തൂക്കിലിടാൻ അധികാരമില്ല എന്നായിരുന്നു കോടതി അന്ന് കണ്ടെത്തിയത്.

പിന്നീട് വർഷങ്ങൾക്ക് ശേഷം അറിവെന്ന പേരറിവാളന് പരോൾ ലഭിച്ചു. ഒരുമാസം താൻ മകനോടൊപ്പം തന്നെ ഉണ്ടാകുമെന്ന് പറയുന്നു, അർപ്പുതമ്മാൾ. മകനെ ചൊല്ലിയുള്ള അവരുടെ ആധികൾക്ക് ഒരു മാസത്തെ വിശ്രമം ലഭിക്കുകയാണ്. അവരുടെ 26 വർഷം നീണ്ടു നിന്ന പോരാട്ടത്തിന് ലഭിച്ച ചെറിയൊരു സമ്മാനം. അത്രയേ ആകുന്നുള്ളൂ പേരറിവാളന് ഇപ്പോൾ ലഭിച്ചിരിക്കുന്ന ഈ 30 ദിവസത്തെ പരോൾ. ഇന്നുവരെ കണ്ടിട്ടില്ലാത്ത ഒരു അമ്മയുടെ ജീവിതം പകർത്തണമെന്ന ആഗ്രഹമാണ് അടഞ്ഞ വാതിലുകൾക്ക് മുൻപിൽ എന്ന പുസ്തകം എഴുതാൻ എന്നെ പ്രേരിപ്പിച്ചത്. രാജീവ് ഗാന്ധിയെ വധിച്ച സംഘത്തിന് രണ്ട് ബാറ്ററി വാങ്ങിയെന്നതായിരുന്നു പത്തൊമ്പതുകാരനായ പേരറിവാളൻ ചെയ്ത കുറ്റം. മകനുവേണ്ടിയുള്ള അമ്മയുടെ പോരാട്ടം നീതിക്കുവേണ്ടിയുള്ള പോരാട്ടം കൂടിയാണ്. ബെൽറ്റ് ബോംബ് തയ്യാറാക്കിയവൻ, കൊടുകുറ്റവാളി എന്നെല്ലാമുള്ള വിശേഷണങ്ങൾക്കപ്പുറത്ത് അറിവിന്റെയും അമ്മയുടേയും 26 വർഷത്തെ ജീവിതമാണ് പുസ്തകത്തിലുള്ളത്.
19-ാമത്തെ വയസ്സില് ശിക്ഷിക്കപ്പെട്ട് തൂക്കുമരം കാത്തു കഴിയുന്ന മകന്റെ പിറകെ പോലീസ് അധികാരികള്ക്കും രാഷ്ട്രീയ നേതൃത്വങ്ങള്ക്കും ഇടയില്, ജയിലുകള്ക്കും കോടതികള്ക്കും ഇടയില് അര്പ്പുതാമ്മാള് എന്ന അമ്മ വെന്ത കാലുമായി നടന്നു തീര്ത്ത ദൂരം അളന്നു തീര്ക്കാവുന്നതല്ല. നിരന്തരമായ പോരാട്ടത്തിന്റെയും പ്രതീകമാണ് ആ അമ്മ.