ഹൃദയം തൊട്ട്

ഡോക്ടർമാരിലെ സൂപ്പർ സ്റ്റാറുകളാണ് ഹൃദ്രോഗ വിദഗ്ധർ. സർജൻമാർ പ്രത്യേകിച്ചും. ഓപ്പറേഷൻ തീയേറ്ററിന് പുറത്ത്  കാത്തിരിക്കുന്ന ബന്ധുക്കളും അവരുടെ ഇടയിലേക്ക് ഇറങ്ങിവരുന്ന ഡോക്ടറും സിനിമയിലും ജീവിതിത്തിലും ഒരു പോലെ സംഭവിക്കുന്ന ക്ലൈമാക്സ് രംഗമാണ്.  ജീവിത്തിലേതിന്  സസ്പെൻസ് അൽപം കൂടിയാലേ ഉള്ളു.അത്തരമൊരു കാർഡിയാക് സർജൻറെ ജീവത കഥയാണ് 'ഹൃദയം തൊട്ട്'.

മുഖത്ത് എപ്പോഴും ഒരു പുഞ്ചിരിയുമായി ഒപ്പറേഷൻ തീയേറ്ററിന് പുറത്ത് കാത്തുനിൽക്കുന്ന ബന്ധുക്കളെ അഭിമുഖീകരിക്കാറുള്ള ജോസ് ചാക്കോ പെരിയപ്പുറത്തേക്കുറിച്ച് അവർക്ക് പറയാനുള്ളത് ഒരു പുസ്തകത്തിനുള്ള വകയുണ്ട്. ഇതുപക്ഷെ അദ്ദേഹം രോഗികളേക്കുറിച്ച് പറയുന്ന പുസ്തകമാണ്. അവരിലേക്ക് എത്തിയ കഥയും.

പാസ്പോർട്ട് വഴിയിൽ നഷ്ടപ്പെട്ട്, വിദേശത്ത് ഉപരിപഠനം നടത്താനുള്ള അവസരം മുടങ്ങുമായിരുന്ന  സംഭവത്തിൽ  നിന്നാണ് തുടക്കം. ഭാഗ്യം കൊണ്ട് മാത്രം അത് ഒഴിവായ കഥയിൽ കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ  രാധാകൃഷ്ണനും ഒരു കഥാപാത്രമാണ്. 

ചികിത്സാ വിജയങ്ങളുടെ ജൈത്രയാത്രയും ഡോക്ടർ വിവരിക്കുന്നുത് ഭാഗ്യങ്ങളുടെ, യാദൃശ്ചികതകളുടെ അകമ്പടിയോടെയാണ്. വായിച്ചാൽ തോന്നും എല്ലാം എങ്ങനെയോ അങ്ങ് സംഭവിച്ചതാണെന്ന്. ആദ്യമായി ഹൃദയശസ്ത്രക്രിയാ വിഭാഗത്തിലേക്ക്  എത്തിയ രോഗി ഒരു അത്ഭുതം. വലിയ അനുഭവപരിചയമുള്ള ഒരാളും ഇല്ലാത്ത ഡിപ്പാർട്ട് മെൻറിലേക്ക് ആര് വരാൻ എന്ന് വിചാരിച്ചിരുന്നത്രെ.  അതിന് അടുത്ത ദിവസങ്ങളിൽ പിന്നെയും രണ്ട്  പേർ കൂടി വന്നു. അതും ആകസ്മികം. അവരുടെ പേരുകൾ കുറിച്ചുകൊണ്ട് ഡോക്ടർ പറയുന്നതാണ് രസം.

" ഷംസുദീൻ, ഷമീറ, ഷിംല. തുടക്കക്കാർക്ക് എഴുതാൻ ബുദ്ധിമുട്ടുള്ള അക്ഷരങ്ങളിലൊന്നായ 'ഷ'യിൽ പേര് തുടങ്ങുന്നവർ. എൻറെ ഹൃദയ ശസ്ത്രക്രിയകളുടെ ആദ്യാക്ഷരം എഴുപ്പത്തിൽ എഴുതാൻ സഹായിച്ച ത്രിമൂർത്തികൾ".

കേരളത്തിലെ ആദ്യത്തെ ഹൃദയ മാറ്റിവയ്കൽ ശസ്ത്രക്രിയക്ക് വിധേയനായ എബ്രഹാമിൻറെ കഥ, സെലിബ്രിറ്റി ആയി മാറിയ രോഗിയുടേതാണ്.  ശസ്ത്രക്രിയക്ക് ശേഷം ഒരു ചാനലിന് വേണ്ടി  പുഴ നീന്തികടന്നും കടുപ്പമുള്ള ജോലികൾ ചെയ്തതും എബ്രഹാം ജീവിതം ആഘോഷിച്ചു. പിന്നെ നടന്നത് മറ്റൊരു കഥ. എന്ത് വന്നാലും നേരിടാൻ രോഗികൾക്ക്  ധൈര്യം കൊടുത്ത  അദ്ദേഹത്തിന് ധൈര്യം കൊടുത്ത രോഗികളുമുണ്ട്.

സങ്കീർണമായ ഒരു ശസ്ത്രക്രിയ തീരും വരെ,  കുരിശ് രൂപം പോക്കറ്റിൽ സൂക്ഷിച്ച കഥ പറയുന്നുണ്ട് പുസ്തകത്തിൽ. ശാസത്രജ്ഞനും ശാസ്ത്രബോധവും രണ്ടും രണ്ടാണെന്ന പ്രശസ്ത വാചകമാണ് അത് ഓർമിപ്പിച്ചത്. ശാസ്ത്രജ്ഞനായതുകൊണ്ട് ഒരാൾക്ക്  ശാസ്ത്രാവബോധം ഉണ്ടാകണമെന്നില്ല. പക്ഷെ മനുഷ്യൻറെ ജീവിതവും മരണവും തീരുമാനിക്കുന്ന നിമിഷത്തിൽ ഓപ്പറേഷൻ കത്തിയുമായി നിൽക്കുന്ന ആളെ വിധിക്കാൻ നമ്മളാര് ?

ഇതുവരെ  ഇരുപത്തിയേഴ് ഹൃദയമാറ്റ ശസ്ത്രക്രിയകൾ, ഇരുപതിനായിരത്തോളം ഹൃദയ ശസ്ത്രക്രിയകൾ. ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിനുള്ള ബഹുമതികളിൽ പത്മശ്രീയൊക്കെ ഇതിന് പിന്നിലേ വരൂ

Buy Book Online : https://keralabookstore.com/book/hrudayam-thottu/18623/