ആ പുസ്തകം തിരിച്ചുവരുന്നു

ഒരു കാലത്ത് മാധ്യമഓഫീസുകളിലും രാഷ്ട്രീയ കുതുഹികളുടെ കൈയ്യിലും റഫറൻസ് ഗ്രന്ഥം പോലെ  ഒരു പുസ്തകം ഉണ്ടായിരുന്നു. ചെറിയാൻ ഫിലിപ്പ് എഴുതിയ കാൽ നൂറ്റാണ്ട്. 
 കേരളപ്പിറവി മുതൽ 1983 വരെയുള്ള കേരള രാഷ്ട്രീയത്തിൻറെ കഥ. വീട്ടിലെ വരവ് ചിലവ് കണക്ക് എഴുതുന്നത് പോലെ  സംഭവങ്ങളും അത് നടന്ന തീയതിയും എഴുതിവിടുന്ന പരിപാടിയല്ല, ഒട്ടുമിക്ക അണിയറ കഥകളും സഹിതമായിരുന്നു പുസ്തകം.  അതുകൊണ്ട് തന്നെ അന്നത്തെ ബെസ്റ്റ് സെല്ലറുകളിൽ ഒന്നായി അത്. 

എ.കെ.ജിയോടും, പനമ്പള്ളി ഗോവിന്ദമേനോനോടും ഒരുപോലെ അടുപ്പം അവകാശപ്പെടുന്ന ആളാണ് ചെറിയാൻ ഫിലിപ്പ്. പല കാലങ്ങളിലുള്ള മഹാരഥൻമാരെ അടുത്തുനിന്ന് കണ്ടിട്ടുണ്ടത്രെ. അത് അതിശയോക്തി ആണെങ്കിലും അല്ലെങ്കിലും, ഒരാളും 'കാൽനൂറ്റാണ്ടിൻറെ ' ആധികാരികതയിൽ സംശയം പ്രകടിപ്പിച്ചില്ല. പറഞ്ഞ കാര്യങ്ങളെല്ലാം ഏറെക്കുറെ സത്യമായിരുന്നു. അപ്രിയ സത്യങ്ങളുടെ പേരിൽ പാർട്ടിയിൽ നിന്നും ലോഹ്യക്കേടുകളും ചെറിയാന് ഉണ്ടായില്ല. 

പക്ഷെ പീന്നിട് ആ പുസ്തം കിട്ടാതായി.  അങ്ങനെ 2000 കടക്കുമ്പോൾ ഇങ്ങനെ ഒരു പുസ്തകം ഉണ്ടായിരുന്നു എന്ന കേട്ടുകേൾവി മാത്രമായി. തൻറെ കൈയ്യിൽ പോലും ഒരു കോപ്പിയില്ലെന്ന് ചെറിയാൻ ഫിലിപ്പും കൈമലർത്തി.

ആ പുസ്തകം വീണ്ടും ഇറങ്ങുകയാണ്. ഏറെനാളായി കാത്തിരുന്ന വായനക്കാരിലേക്ക് 'കാൽനൂറ്റാണ്ട്' എത്തുന്നു. കേരളത്തെ പിടിച്ചുകുലുക്കിയ രാഷ്ട്രീയ സംഭവങ്ങളുടെ ഉള്ളറകളിലേക്ക് പുതിയ വായനാക്കാർക്ക് കടക്കം. അതേ സമയം ചെറിയാൻ ഫിലിപ്പ് മറ്റൊരു പുസ്തക രചനയിലാണ്. കാൽ നൂറ്റാണ്ടിൻറെ രണ്ടാം ഭാഗം. 

ചെറിയാൻ ഫിലിപ്പ് ന്റെ 'കാല്‍നൂറ്റാണ്ട് ഓൺലൈനായി വാങ്ങുവാൻ ക്ലിക്ക് ചെയ്യുക