Category Archives: Articles

ഇത് വെറും ഒരു ഇക്കിളിക്കഥ അല്ല

ഈയടുത്ത കാലത്ത് മലയാളത്തിൽ ധാരാളം കഥകളും, നോവലുകളും വായിക്കാൻ ശ്രമിച്ചു. ആദ്യം മുതൽ തന്നെ അങ്ങനെ നമ്മളെ പിടിച്ചു മുന്നോട്ടു നയിക്കുന്ന ഒന്നും ഇല്ലാത്തതു കൊണ്ട് വായിക്കാൻ വേണ്ടി വായിക്കാൻ തോന്നുന്ന പ്രതീതിയായിരുന്നു അതൊക്കെ. ഒന്നുകിൽ കഥയുണ്ടാവണം, അല്ലെങ്കിൽ നമുക്ക് ജിജ്ഞാസ ഉളവാക്കുന്ന രീതിയിലുള്ള അന്തരീക്ഷമോ, അനുഭവമോ, യാത്രയോ എന്തെങ്കിലുമൊക്കെ സൃഷ്ട്രിക്കണം. കണ്ടിട്ടില്ലാത്ത ലോകം തന്നെയാവണം എന്നൊന്നുമില്ല. പക്ഷെ ഈ വായിച്ച സാധനങ്ങൾ ഒക്കെ (എല്ലാം വലിയ പേരുള്ളവരുടെതാണെ) സിന്തറ്റിക് ആയി കെട്ടിച്ചമച്ചതായി മാത്രമേ തോന്നിയിട്ടുള്ളു, ഒന്നോ രണ്ടോ പേജ് കഴിയുമ്പോൾ ഞാൻ എന്തിനാ ഈ തട്ടിക്കൂട്ട് സാഹിത്യം വായിച്ച് സമയം കളയുന്നത് എന്നൊരു ചിന്ത. ഇക്കൂട്ടത്തിൽ മദ്രാസ് ഐഐടി, അതിന്റെ എതിരായുള്ള ലെതർ ഇൻസ്റ്റിറ്റ്യൂട്ട്, വേളാച്ചേരി ഇങ്ങനെയുള്ള ഡീറ്റെയിൽസ് ഒക്കെ എഴുതി വച്ചിട്ടുള്ള ഒരു സാധനം സഹിക്കാൻ പറ്റാത്തതായിരുന്നു. അത് പോലെ ഇപ്പോൾ ദൈവ മാർഗ്ഗത്തിലെത്തിയ ആളിന്റെ നോവലും.

പക്ഷെ ഇന്നലെ രാത്രി കയ്യിലെടുത്ത സ്വപ്ന സുരേഷിന്റെ കഥ താഴെ വയ്ക്കാതെ വായിച്ചു. വാ പൊളിച്ചിരുന്നു വായിച്ചു. ശിവ ശങ്കറിന്റെ മസാലയല്ല ആ കഥ. ഒരു പെൺകുട്ടിയുടെ ദുരന്തം നിറഞ്ഞ ജീവിത കഥ. അവളുടെ കുട്ടിക്കാലവും ജീവിതം പോയ വഴിയും വായിച്ചപ്പോൾ അതീവ ദുഃഖം തോന്നി. പല യഥാർത്ഥ ജീവിത കഥകളും വായിച്ചതു ഓർമ വന്നു. അതിലേറ്റവും ഓർമ വന്നത് ന്യൂ യോർക്കർ – ലെ സ്ഥിരം എഴുത്തുകാരിയായിരുന്ന Elizabeth Wurtzel-ന്റെ Prozac Nation എന്ന പുസ്തകവും, പിന്നീട് അഡിക്ഷനെക്കുറിച്ച് അവർ തന്നെയെഴുതിയ More, Now, Again എന്ന പുസ്തകവുമാണ്. നമ്മുടെ വാലിഡേഷനു നിരന്തരം കാമുകരെ തേടുന്നത്, ബന്ധങ്ങളിൽ ഏർപ്പെടുന്നത്, മയക്കുമരുന്ന് ഉപയോഗിക്കുന്നത് തുടങ്ങിയവ എത്ര ഭീകരമായ ആത്മനിന്ദയാണെന്നത് More, Now, Again എന്ന പുസ്തകത്തിൽ കാണാം. എനിക്ക് വിഷാദ രോഗത്തിന്റെ ശരിക്കുമുള്ള സാമൂഹ്യ ധാരണ പകർന്നു തന്ന പുസ്തകങ്ങളാണിവ. ഇത്രയൊക്കെ തീക്ഷ്ണാനുഭവങ്ങൾ ഉണ്ടായിട്ടും Wurtzel വളരെ വിജയം വരിച്ച എഴുത്തുകാരിയായിരുന്നു, അത് ആ സമൂഹത്തിന്റെ പ്രത്യേകത.

ധനിക പശ്ചാത്തലത്തിൽ ജനിച്ചിട്ടും സ്വപനയുടെ മാനസിക ജീവിതം ദുരിതമായിരുന്നു. വീട്ടുകാരുടെ ശ്രദ്ധയും, കരുതലുമില്ലാതെ, അതെ സമയം പഴിയിലും, നിന്ദയിലും വളരുന്ന ഒരു പെൺകുട്ടിയുടെ ആത്മവിമുക്തിവേണ്ടിയുള്ള നിരന്തര പലായനം. ആൺതുണ വേണമെന്നുള്ള സോഷ്യൽ കണ്ടിഷനിംഗ്, എടുത്തു ചട്ടം… പത്തു പന്ത്രണ്ടു വയസ്സിൽ വിഷാദരോഗത്തിന്റെ ആദ്യ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നത് Wurtzel എഴുതി വച്ചിരിക്കുന്നത് മറക്കാനാവില്ല, അത് പോലെ ഇവരുടെ കൗമാരവും, അന്ന് തുടങ്ങിയ ഒളിച്ചോട്ടങ്ങളും. ഇവരെയൊക്കെ ചൂഷണം ചെയ്യുന്നവരുടെ സമൂഹമാണ് നമ്മുടേത്.

എഴുത്തിൽ – അറിയുന്ന കഥയായാലും ഭാവനയായാലും – വേണ്ടത് ആത്മാർഥതയാണ്. ഈ പുസ്തകത്തിൽ അതുണ്ട്.
മലയാളത്തിൽ ഏറ്റവും വിറ്റു പോകുന്ന പുസ്തകമായി ഇത് മാറട്ടെ എന്നാശംസിക്കുന്നു.

നമ്മുടെ പെൺകുട്ടികളെ നമ്മൾ ധാരാളം സ്നേഹവും കരുതലും നൽകി വേണം വളർത്താൻ. വിപ്ലവം പറഞ്ഞു അവരെ വഴി തെറ്റിക്കുന്നത് കൊണ്ട് ഒരു നേട്ടവുമില്ല. സ്വാതന്ത്ര്യം, നല്ല വിദ്യാഭ്യാസം, ആത്മവിശ്വാസം, ചിട്ട, സ്നേഹം, കരുതൽ, അവസരങ്ങൾ, തുല്യതാബോധം എന്നിവയാണ് സ്ത്രീശാക്തീകരണത്തിനു വേണ്ടത് അല്ലാതെ കപട മതിലുകളോ, കപട ബുദ്ധിജീവി സാഹിത്യമോ, അരാജക ജീവിത കഥകളോ അല്ല. സെക്സ് എഴുതി വച്ചാൽ സ്ത്രീ ശാക്തീകരണമാവില്ല. ഈ പുസ്തകം വായിക്കുക.

Buy online : https://keralabookstore.com/book/chathiyude-pathmavyooham/20636/

( പ്രമോദ് കുമാറിന്റെ ഫെയ്സ് ബുക്ക് പോസ്റ്റിൽ നിന്ന് )