ഓമന
1936 ഏപ്രില്‍ 26ന് ചങ്ങനാശേരിയില്‍ ജനിച്ചു. ഏറ്റുമാനൂര്‍ ആനച്ചാലില്‍ മാധവന്‍പിള്ളയുടെയും മാധവിയമ്മയുടെയും മകള്‍. യഥാര്‍ത്ഥ നാമം ഭാരതിയമ്മ. ഭര്‍ത്താവ്: പ്രശസ്ത പരിഭാഷകനും പത്രപ്രവര്‍ത്തകനുമായിരുന്ന കെ. ഗോപാലകൃഷ്ണന്‍. മക്കള്‍: ഡോ. ലത, ശശി. 1963ല്‍ ഡല്‍ഹിയിലെ യു.എസ്.എസ്.ആര്‍. എംബസിയുടെ ഇന്‍ഫര്‍മേഷന്‍ വിഭാഗത്തില്‍ ചേര്‍ന്നു. 1969ല്‍ മോസ്‌കോയിലെ പ്രോഗ്രസ് പബ്ലിഷേഴ്‌സില്‍ പരിഭാഷകയായി. 1983ല്‍ റാദുഗ പബ്ലിഷേഴ്‌സ് ആരംഭിച്ചപ്പോള്‍ അതില്‍ മലയാളത്തിന്റെ ചുമതല ഏറ്റെടുത്തു. കാല്‍നൂറ്റാണ്ടിലധികം മോസ്‌കോയിലായിരുന്നു. 56 റഷ്യന്‍ സാഹിത്യകൃതികള്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി. പരിഭാഷപ്പെടുത്തിയ കൃതികള്‍: ഗാര്‍നറ്റ് വള, ക്യാപ്റ്റന്റെ മകള്‍, ദുബ്രോവ്‌സ്‌കി, ഗവണ്‍മെന്റ് ഇന്‍സ്‌പെക്ടര്‍, സെന്റ് പീറ്റേഴ്‌സ്ബര്‍ഗ് കഥകള്‍, പടിവാതില്‍ക്കല്‍, പ്രേമത്തെപ്പറ്റി മൂന്നു കഥകള്‍, നമ്മുടെ കാലത്തെ ഒരു വീരപുരുഷന്‍, ബാല്യകാലം, വാസ്സ ഷെലെസ്‌നോവ കഥകള്‍, വയലമ്മ, ഒട്ടകക്കണ്ണ്, ചുവന്ന തൂവാലയണിഞ്ഞ പോപ്ലാര്‍തൈ, ഇവാന്‍, വസന്തത്തിന്റെ പതിനേഴ് നിമിഷങ്ങള്‍, ഒരു പ്രകൃതിനിരീക്ഷകന്റെ കഥകള്‍, മൂന്നു തടിയന്മാര്‍, ജീവിതവിദ്യാലയം, കുട്ടിയും കളിത്തോഴരും, വൈകി ജനിച്ച കുഞ്ഞനുജന്‍, കടലോരത്ത് ഒരു ബാലന്‍, കളിക്കോപ്പുകള്‍, ധിക്കാരിയായ കരടിക്കുട്ടി, കാട്ടിലെ വീടുകള്‍, കുറുക്കനും ചുണ്ടെലിയും, സ്വര്‍ണക്കപ്പ്, എന്റെ ആദ്യത്തെ ജന്തുശാസ്ത്ര പഠനം, കാട്ടിലെ കുട്ടികള്‍, സമ്മാനം, ലെനിന്റെ പുഞ്ചിരി, ലോറികള്‍, പാടുന്ന തൂവല്‍, കൊമ്പുള്ള ആട്ടിന്‍കുട്ടി, കുറുക്കന്റെ സൂത്രങ്ങള്‍, വെളുത്ത കലമാന്‍, തീക്കുണ്ഡം മുതല്‍ റിയാക്ടര്‍ വരെ, കുതിരവണ്ടിയില്‍ നിന്ന് റോക്കറ്റിലേക്ക്, കോസ്‌മൊണോട്ടും ഗ്രീഷ്‌കയും, ജ്യോതി്ശാസ്ത്രം ചിത്രങ്ങളിലൂടെ, മനുഷ്യന്‍ വാനിലേക്കുയരുന്നു, കടലുകള്‍ താണ്ടുന്ന കപ്പലുകള്‍. 2003 ഏപ്രില്‍ 22ന് നിര്യാതയായി.