ഏറമ്പാല കൃഷ്ണന്‍ നായനാര്‍ അഥവാ ഇ.കെ. നായനാര്‍ (ഡിസംബര്‍ 9, 1918 - മേയ് 19, 2004) കേരളത്തിന്റെ മുഖ്യമന്ത്രിയും സി.പി.എമ്മിന്റെ നേതാവുമായിരുന്നു. 1980 മുതല്‍ 1981 വരെയും 1987 മുതല്‍ 1991 വരെയും 1996 മുതല്‍ 2001 വരെയും കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്നു. 11 വര്‍ഷം ഭരണാധികാരിയായിരുന്ന ഇദ്ദേഹമാണ് ഏറ്റവും കൂടുതല്‍ കാലം കേരളം ഭരിച്ച മുഖ്യമന്ത്രി[1] ( മൂന്ന് തവണയായി 4010 ദിവസം). സി.പി.എം.പോളിറ്റ്ബ്യൂറോ അംഗമായിരുന്നു.
സ്കൂള്‍ വിദ്യാഭ്യാസകാലത്തുതന്നെ ദേശീയപ്രസ്ഥാനവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചിരുന്നു. ഉപ്പുസത്യാഗ്രഹജാഥക്ക് കല്യാശ്ശേരിയില്‍ നല്‍കിയ സ്വീകരണത്തില്‍ പങ്കെടുക്കുമ്പോള്‍ നായനാര്‍ക്ക് വെറും പതിമൂന്നു വയസ്സായിരുന്നു പ്രായം. പിന്നീട് കോണ്‍ഗ്രസ്സിന്റെ പ്രവര്‍ത്തനങ്ങളില്‍ സഹായിക്കാന്‍ തുടങ്ങി. യൂത്ത് ലീഗില്‍ അംഗമായി. ഉത്തരവാദഭരണം ആവശ്യപ്പെട്ടു നടന്ന പ്രക്ഷോഭത്തില്‍ പങ്കുകൊണ്ടു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായിച്ചേര്‍ന്നു. പാര്‍ട്ടിയുടെ നിര്‍ദ്ദേശപ്രകാരം ദേശാഭിമാനിയില്‍ ജോലിക്കു ചേര്‍ന്നു. വടക്കേ മലബാറിലെ കര്‍ഷകരെ സംഘടിപ്പിച്ചു. 1964 ലെ ദേശീയ കൗണ്‍സിലില്‍ നിന്നും ഇറങ്ങിപ്പോന്നവരില്‍ ഒരാളായിരുന്നു നായനാര്‍. 2004 മെയ് 19 ന് അന്തരിച്ചു.