പാവങ്ങളുടെ പടത്തലവന്‍
ആയില്യത്ത് കുറ്റ്യാരി ഗോപാലന്‍ നമ്പ്യാര്‍ (ഒക്ടോബര്‍ 1, 1904 - മാര്‍ച്ച് 22, 1977 ),[1] എന്ന എ.കെ.ജി. കേരളത്തിലെ ഒരു കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു. അവശതയനുഭവിക്കുന്ന ഒരു ജനതക്കുവേണ്ടി നടത്തിയ പോരാട്ടങ്ങളെ കണക്കിലെടുത്ത് കമ്മ്യൂണിസ്റ്റ് അനുയായികള്‍ ഇദ്ദേഹത്തെ ബഹുമാനപൂര്‍വ്വം പാവങ്ങളുടെ പടത്തലവന്‍ എന്നു വിശേഷിപ്പിക്കുന്നു.[2] എ.കെ.ജിയാണ് ഇന്ത്യന്‍ ലോക്സഭയിലെ ആദ്യ കമ്മ്യൂണിസ്റ്റ് പ്രതിപക്ഷനേതാവ്. സ്വാതന്ത്ര്യ സമരസേനാനി, സാമൂഹിക പ്രവര്‍ത്തകന്‍, തൊഴിലാളി നേതാവ്, ഇന്ത്യന്‍ കോഫി ഹൗസിന്റെ സ്ഥാപകന്‍ എന്നീ മേഖലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്നാല്‍ അധികാര സ്ഥാനങ്ങളില്‍ അദ്ദേഹം ഒരിക്കലും ഇരുന്നിട്ടില്ല. സിപിഎം രൂപീകരിച്ചതിനു ശേഷം പാര്‍ട്ടി ഭരണത്തില്‍ എത്തിയപ്പോഴും അദ്ദേഹം സമരവഴിയിലായിരുന്നു. ഇന്ത്യയില്‍ ആദ്യമായി കരുതല്‍ തടങ്കല്‍ നിയമപ്രകാരം തടവിലായ വ്യക്തി എ.കെ. ഗോപാലനാണ്.[3] എ.കെ. ഗോപാലന്‍ വേഴ്സസ് സ്റ്റേറ്റ് ഓഫ് മദ്രാസ് എന്ന കേസ് ഇന്നും വളരെയധികം ശ്രദ്ധിക്കപ്പെടുന്നു.[4]
ഒരു നാടുവാഴിതറവാട്ടില്‍ ജനിച്ചുവെങ്കിലും, ഗോപാലന്റെ മനസ്സ് കഷ്ടപ്പെടുന്ന തൊഴിലാളികളുടേയും, അവശതയനുഭവിക്കുന്ന സാധാരണക്കാരുടേയും കൂടെയായിരുന്നു. വളരെ ചെറിയ കാലം അധ്യാപകജോലി ചെയ്തിരുന്നവെങ്കിലും, അതല്ല തന്റെ മാര്‍ഗ്ഗമെന്ന് മനസ്സിലാക്കുകയും ജനസേവനത്തിനായി ഇറങ്ങിത്തിരിക്കുകുയം ചെയ്തു. ഗുരുവായൂര്‍ സത്യാഗ്രഹം, ഉപ്പു സത്യാഗ്രഹം എന്നീ ചരിത്രപ്രധാനമായ മുന്നേറ്റങ്ങളില്‍ പങ്കുകൊണ്ടു. നിരവധി തവണ പോലീസിന്റെയും മുതലാളി കിങ്കരന്മാരുടേയും ക്രൂര മര്‍ദ്ദനത്തിനിരയായി. കോണ്‍ഗ്രസ്സ് സോഷ്യലിസ്റ്റ് പാര്‍ട്ടിയിലൂടെ രാഷ്ട്രീയരംഗത്ത് പ്രവേശിച്ചു, 1939 ല്‍ കോണ്‍ഗ്രസ്സ് സോഷ്യലിസ്റ്റ് പാര്‍ട്ടി മുഴുവന്‍ കമ്മ്യൂണിസത്തിലേക്ക് പരിവര്‍ത്തനം ചെയ്തപ്പോള്‍ അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാക്കളിലൊരാളായി കേരളത്തില്‍ നടന്ന സുപ്രധാനമായ തൊഴിലാളി സമരങ്ങളുടെ ആവേശമായി മാറി. കേരളത്തിനു പുറത്തേക്കും ഗോപാലന്റെ പ്രവര്‍ത്തനമേഖന വ്യാപിച്ചിരുന്നു. കല്‍ക്കത്തയില്‍ വച്ചു നടന്ന കിസാന്‍ സമ്മേളനം അദ്ദേഹത്തെ അഖിലേന്ത്യാ പ്രസിഡന്റായി തിരഞ്ഞെടുത്തു. പഞ്ചാബില്‍ ജലനികുതിക്കെതിരേ നടന്ന സമരത്തില്‍ പങ്കെടുത്ത് അറസ്റ്റു വരിക്കുകയുണ്ടായി.[2]
അഞ്ചു തവണ ലോക സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1964 ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നപ്പോള്‍, പാര്‍ട്ടി വിട്ടുപോയ 32 പേരില്‍ ഒരാളായിരുന്നു എ.കെ.ഗോപാലന്‍. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ(മാര്‍ക്സിസ്റ്റ്) ന്റെ പോളിറ്റ് ബ്യൂറോ അംഗമായിരുന്നിട്ടുണ്ട്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായിരുന്ന സുശീലാ ഗോപാലനാണ് ജീവിത പങ്കാളി. 1977 മാര്‍ച്ച് 22 ന് സാധാരണക്കാരുടെ ഈ പ്രിയപ്പെട്ട നേതാവ് മരണമടഞ്ഞു.