1965 ഏപ്രില്‍ 25 ന് കോട്ടയം ജില്ലയിലെ തലയോലപ്പറമ്പില്‍ ജനനം. പിതാവ് വി.ഗദാധരന്. അമ്മ എം വി പൊന്നമ്മ. ഭാര്യ ദീപ,മകള്‍ സോന്യ.1985ല്‍ ചേര്‍ത്തല എന്‍ എസ് എസ് കോളേജില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം. 1987-ല്‍ യുണിവേഴ്സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം. ശേഷം മലയാള സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും ദൃശ്യസാഹിത്യവും നിയമപഠനവും പൂര്‍ത്തികരിച്ചു.കവി, രാഷ്ട്രീയ പ്രവര്ത്തകന്, തിരക്കഥാകൃത്ത്, സംവിധായകന് എന്നീ മേഖലകളില്‍ പ്രവര്‍ത്തിച്ചു. സ്കൂള്‍ കോളേജ് തലങ്ങളില്‍ കഥാ രചനാ, നാടകം, മിമിക്രി, മോണോ ആക്റ്റ്, പ്രസംഗം, പദ്യം ചൊല്ലല്‍ എന്നിവയില്‍ നിരവധി പുരസ്കാരങ്ങള്‍ നേടി. കൂടാതെ കായിക മേഖലയിലും കഴിവ് തെളിയിച്ചു. 1992-ല്‍ വി ആര് ഗോപാലകൃഷ്ണന് സംവിധാനം ചെയ്ത കാഴ്ചയ്ക്കപ്പുറം എന്ന ചലചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും രചിച്ചു. 97 -ല്‍ ജഗതി ശ്രീകുമാര്‍ സംവിധാനം ചെയ്ത കല്യാണ ഉണ്ണികള്‍ എന്ന സിനിമയുടെ തിരക്കഥാരചന നിര്‍വഹിച്ചു. 2009-ല്‍ 2010-ല്‍ ദൂരദര്‍ശനില്‍ സംപ്രേക്ഷണം ചെയ്തിരുന്ന എല്ലാരും ചൊല്ലണ് എന്നറിയാലിറ്റി ഷോയിലെ വിധികര്‍ത്താവായി പ്രവര്‍ത്തിച്ചു. ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ക്ലര്‍ക്കായി സേവനമനുഷ്ഠിച്ചിരുന്നു. തുടര്‍ന്ന് ആകാശവാണിയില്‍ പ്രോഗാം എക്സിക്യൂട്ടീവ്. ആകാശവാണി മഞ്ചേരി നിലയത്തിലെ മൊഞ്ചും മൊഴിയും ജനശ്രദ്ധ നേടി. 2017 ഏപ്രില്‍ 19 ന് അന്തരിച്ചു.