എറണാകുളം ജില്ലയിൽ കോതമംഗലത്തിനടുത്ത് കോട്ടപ്പടി എന്നൊരു ഗ്രാമത്തിൽ, പുതുക്കുന്നത്ത് റോയ്-സാറാക്കുട്ടി ദമ്പതികളുടെ മകനായി 1982-ൽ ജനിച്ചു. കോതമംഗലത്തുള്ള വിമലഗിരി, ശോഭന എന്നീ സ്കൂളുകളിൽ പഠനം കഴിഞ്ഞ് Mar Athanasios College of Engineering-ൽ നിന്ന് engineering ബിരുദവും പിന്നിട് Jaipur Universitiy-ൽ നിന്ന് ബിരുദാനന്തര ബിരുദവും എടുത്തു. 2012 വരെ ഇന്ത്യയിലും പിന്നീട് ഒരു പ്രവാസിയായി ദുബായിലും ഇൻഷൂറൻസ് മേഖലയിൽ ജോലി ചെയ്യുന്നു.
2009-ൽ വിവാഹം. ഭാര്യ മെൽബി, മൂന്ന് കുട്ടികൾ- ഇവാൻ, മാത്യു, സാറ. ജോലിയോടൊപ്പം തന്നെ ഒട്ടേറെ പ്രവാസി സംഘടനകളിലും, ജീവകാരുണ്യ സംഘടനകളിലും സജീവപ്രവർത്തകനാണ്.
“ഇപ്പോൾ നീ ആരാണ്, എന്താണ്, എവിടെയാണ് എന്നുള്ളതിൽ അല്ല; മനസ്സ് വച്ചാൽ, അതേത് പ്രായത്തിലായാലും, നിനക്ക് എന്ത് ഉയരങ്ങളും കീഴടക്കാൻ പറ്റും എന്നറിയുന്നിടത്ത് നീ ജീവിച്ച് തുടങ്ങും.” (ജിതിന്റെ തന്നെ ഒരു കഥയിൽ നിന്നും എടുത്തത്)
2008-2009 കാലത്ത് ഒന്ന് രണ്ട് ഗാനങ്ങൾ രചിച്ചുവെങ്കിലും അത് ഒരു ഒറ്റത്തവണ സംഭവം എന്ന് കരുതി തന്റെ ഡയറിയിൽ തന്നെ സൂക്ഷിച്ചു.
പിന്നീട് വളരെ വൈകി ഏതാണ്ട് 2019-ൽ, മുപ്പത്തെട്ടാം വയസ്സിൽ ആണ് എഴുതുവാനുള്ള തന്റെ കഴിവ് തിരിച്ചറിയുന്നത്. തനിക്ക് ചുറ്റും ലോകത്ത് നടക്കുന്ന കാര്യങ്ങൾ കാണുമ്പോൾ മനസ്സിൽ ഉത്ഭവിക്കുന്ന വികാരവിക്ഷോഭങ്ങൾ ആണ് അക്ഷരക്കൂട്ടങ്ങളിലൂടെ കഥകളും കവിതകളുമായി പുറത്തേക്ക് വരുന്നത് എന്ന് മനസ്സിലാക്കിയപ്പോൾ വീണ്ടും പതിവായി എഴുതിത്തുടങ്ങി. ഏതാണ്ട് ആറോളം ഗാനങ്ങൾക്ക് വരികളെഴുതി. പത്തോളം ഷോർട്ട് വീഡിയോകൾക്കും, നാലോളം ഷോർട്ട് ഫിലിമുകൾക്കും തിരക്കഥ രചിച്ചു. ചിലതിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. തന്റെ കഥയിൽ കൂട്ടുകാരനോടൊപ്പം ചേർന്ന് തിരക്കഥയും സംവിധാനവും നിർവ്വഹിച്ച ഒരു ഷോർട്ട് ഫിലിം ഏതാണ്ട് ഒമ്പതോളം അവാർഡുകൾ കരസ്ഥമാക്കി.