വിനോദ് വൈശാഖി Author

വിനോദ് വൈശാഖി

തിരുവനന്തപുരം ജില്ലയില്‍ കരുംകുളം സ്വദേശി. ഭാഷാപണ്ഡിതനായ സാഹിത്യവിശാരദ് കെ കൃഷ്ണപിള്ളയുടെയും അദ്ധ്യാപിക ടി സരസമ്മയുടെയും മകന്‍. മലയാളത്തില്‍ ബിരുദാനന്തരബിരുദവും ബി എഡും. ഒറ്റശേഖരമംഗലം ജനാര്‍ദ്ദനപുരം ഹയര്‍ സെക്കന്ററി സ്‌കൂളില്‍ മലയാളം അദ്ധ്യാപകനായിരുന്നു. ഇപ്പോള്‍ മലയാളം മിഷന്‍ രജിസ്ട്രാര്‍. കവി, പ്രഭാഷകന്‍, കോവളം കവികള്‍ സ്മാരക സമിതി ചെയര്‍മാന്‍. പുരോഗമന കലാസാഹിത്യസംഘം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായും സംസ്ഥാന സെക്രട്ടറിയായും സാംസ്‌കാരിക വകുപ്പ് മന്ത്രിയായിരുന്ന ശ്രീ. എ കെ ബാലന്റെ അസി. പ്രൈവറ്റ് സെക്രട്ടറിയായും വൈലോപ്പിള്ളി സംസ്‌കൃതിഭവന്‍ വൈസ് ചെയര്‍മാനായും കേരള സര്‍വ്വകലാശാല സെനറ്റ് അംഗമായും എസ് സി ഇ ആര്‍ ടി പാഠപുസ്തക സമിതി അംഗമായും കരുംകുളം ഗ്രാമപഞ്ചായത്ത് അംഗമായും പ്രവര്‍ത്തിച്ചു. കേരള സര്‍ക്കാര്‍ കേരള സാഹിത്യ അക്കാദമിയുടെ നേതൃത്വത്തില്‍ കാസര്‍ഗോഡ് മുതല്‍ പാറശ്ശാല വരെ വിവിധ അക്കാദമികളെ സമന്വയിപ്പിച്ച് സംഘടിപ്പിച്ച മലയാളം നമ്മുടെ അഭിമാനം എന്ന സാംസ്‌കാരിക യാത്രയില്‍ സ്ഥിരാംഗമായിരുന്നു. അര്‍ജുനന്‍ മാഷ്, കല്ലറ ഗോപന്‍, പുഷ്പവതി, വിജയ് കരുണ്‍ എന്നിവരുടെ സംഗീതത്തില്‍ പാട്ടുകളുടെ സി ഡിയും പുറത്തുവന്നു. കൈരളി ടി വി യില്‍ കളിക്കുടുക്ക ജീവന്‍ ടി വിയില്‍ ഗ്രാമസഭ, വിക്‌ടേഴ്‌സില്‍ കാവ്യസരസ്സ്, എന്നിവയുടെ അവതാരകനായിരുന്നു. കൃതികള്‍: മഴയെരിയും കാലം, കൈതമേല്‍പച്ച, പുരികങ്ങള്‍ക്കിടയിലെ സൂര്യോദയം, ഓലപ്പൂക്കള്‍, ചായക്കടപ്പുഴ (കവിതാസമാഹാരം), പി ജി അഭിമുഖങ്ങള്‍, ഇലകള്‍ വെള്ള പൂക്കള്‍ പച്ച (ബാലകവിതകള്‍ സമാഹരണം). പുരസ്‌കാരങ്ങള്‍: മൂലൂര്‍ അവാര്‍ഡ്, അബുദാബി ശക്തി അവാര്‍ഡ്, കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കവിതാപുരസ്‌കാരം, പുനലൂര്‍ ബാലന്‍ കവിതാ അവാര്‍ഡ്, പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സര്‍ഗ്ഗാത്മക സാഹിത്യത്തിനുള്ള പ്രൊഫ. ജോസഫ് മുണ്ടശ്ശേരി പുരസ്‌കാരം, പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വിദ്യാരംഗം കവിതാ പുരസ്‌കാരം, ആവള ടി മാനവ പുരസ്‌കാരം, കെ സുരേന്ദ്രന്‍ സ്മാരക സാഹിത്യ അവാര്‍ഡ്, തുഞ്ചന്‍ സ്മാരക സമിതിയുടെ കാവ്യശ്രേഷ്ഠാ പുരസ്‌കാരം, മുന്‍ എം എല്‍ എ ആര്‍ പരമേശ്വരന്‍ പിള്ളയുടെ പേരിലുള്ള അക്ഷര മനസ്സ് ആര്‍ പി പുരസ്‌കാരം, അദ്ധ്യാപകലോകം അവാര്‍ഡ്, ചുനക്കര രാമന്‍കുട്ടി കവിതാ പുരസ്‌കാരം, ശൂരനാട് രക്തസാക്ഷി പുരസ്‌കാരം.



Need some editing or want to add info here ?, please write to us.

Other Books by Author വിനോദ് വൈശാഖി