ജീവിതം നാളെയും അടുത്ത വർഷവും ഉണ്ടെന്ന് തീർച്ചയുള്ളവർക്ക്, സ്വന്തം കഥയെഴുത്ത് നാളേയ്ക്ക് മാറ്റിവയ്ക്കാം. ഓരോ ദിവസവും പുതിയ അകാശവും പുതിയ ഭൂമിയും എന്ന് കാണുന്ന എനിക്ക് നാളേക്ക് മാറ്റിവയ്ക്കുന്നത് ഉചിതമെന്ന് തോന്നിയില്ല. അതുകൊണ്ട് നീന്തിക്കൊണ്ടിരിക്കുമ്പോൾ തന്നെ നീന്തലിനെ പറ്റി എഴുതി.
ഈ ലോകത്തിൽ 56 വർഷം ഞാൻ ജീവിച്ചതിൽ 30 വർഷം സർക്കാർ ഏൽപിച്ച ജോലി ചെയ്യുകയായിരുന്നു. ഇതുവരെ ജീവിതം എന്നെ എന്തുപഠിപ്പിച്ചെന്ന് ഞാൻ ആലോചിച്ചു. ഞാൻ പഠിച്ചതോ ജീവിതം എന്നെ പഠിപ്പിച്ചതോ ആയ കാര്യങ്ങൾ ഇങ്ങനെ സംഗ്രഹിക്കാം:
ജീവിത ദൗത്യം കൃത്യമായി മനസ്സിലാക്കുന്ന പ്രായം മുതലാണ് സ്വന്തമായി ജീവിതം തുടങ്ങുന്നത്. അതുവരെ ഇരുട്ടിൽതപ്പുകയോ, മറ്റുള്ളവരുടെ പാത പിന്തുടരുകയാ നമ്മുടേതല്ലാത്ത പാതയിൽ സഞ്ചരിക്കുകയോ ആവാം. ജീവിതോദ്ദേശം കൃത്യമായി മനസിലായിക്കഴിഞ്ഞാൽ പിന്നെ തീരുമാനങ്ങൾക്കും വ്യക്തയുണ്ടാവും.
കേരളത്തിലെ സാമ്യാന്യ ജനങ്ങൾക്ക് ഭരണത്തിന്റെ ചില വശങ്ങളും മറുവശങ്ങളും കാണാനും, ഈ ഭരണത്തിന്റെ ഭാഗമായി എത്താൻ നടത്തിയ ഒരുക്കങ്ങളും ലളിതമായി ഈ പുസ്തകം പറയുന്നു. ഭരണത്തിന്റെ സ്റ്റേജിൽ കാണുന്ന കാഴ്ചകൾക്കും ശബ്ദങ്ങൾക്കും പുറകിൽ ചായവും ചമയവുമില്ലാത്ത കാര്യങ്ങളുണ്ടെന്ന് 23 അദ്ധ്യായങ്ങളും വായിച്ച് കഴിയുമ്പോൾ തോന്നാം.
1987 ൽ കുറ്റ്യാടി പോലീസ് സ്റ്റേഷനിൽ തുടങ്ങിയ ഔദ്യോഗിക ജീവിതം 2017ൽ വിജിലൻസിലെ പ്രവർത്തനം വരെയുളള വൈവിദ്ധ്യമാർന്ന അനുഭവങ്ങൾ നൽകി. സിവിൽ സർവീസ് പരീക്ഷ എഴുതുന്നതിന് മുമ്പ് എന്താണ് സിവിൽ സർവീസിലെ യാത്ര എന്നറിയാതെ വന്നയാളാണ് ജേക്കബ് തോമസ്. ഇനി സിവിൽ സർവീസ് പരീക്ഷ എഴുതുന്നവർ അങ്ങനെ അജ്ഞരായി കടന്ന് വരേണ്ട എന്ന ലക്ഷ്യവും ഈ പുസ്തകത്തിനുണ്ട്. ഒരു കാൽ എപ്പോഴും ജനപക്ഷത്ത്, സാമാന്യജനങ്ങളുടെ കൂടെ നിന്ന് സർക്കാരിന്റെ ഭാഗമായി യാത്ര ചെയ്ത അനുഭവമാണ് ഈ പുസ്തകം വിവരിക്കുന്നത്.
കടൽത്തീരത്തെ കാൽപാടുകൾ എന്നെ പഠിപ്പിക്കുന്നത് നടന്നുകൊണ്ടേയിരിക്കണമെന്നാണ്. തിരയടിച്ച് മൺമറയുന്ന ഓരോ കാൽപാടിനും പകരമായി പുതിയൊരു കാൽപാടുവേണം. അത് മുന്നോട്ടുള്ളതുമാവണം. -
- Dr Jacob Thomas IPS