Image of Book യഥാര്‍ഥ ഭഗവദ് ഗീത
  • Thumbnail image of Book യഥാര്‍ഥ ഭഗവദ് ഗീത
  • back image of യഥാര്‍ഥ ഭഗവദ് ഗീത

യഥാര്‍ഥ ഭഗവദ് ഗീത

ISBN : 784927150030
Language :Malayalam
Page(s) : 700
Condition : New
3 out of 5 rating, based on 12 review(s)

Book Name in English : Yadartha Bhagavathgeetha

നാളിതുവരെ എത്രയെത്ര ഭാഷ്യങ്ങളും വിവര്‍ത്തനങ്ങളും ഭഗവദ്ഗീതയ്ക്ക് ഉണ്ടായി! എണ്ണിയാലൊടുങ്ങാത്ത ഗീതാവ്യാഖ്യാനങ്ങളുണ്ട് ഭാരതത്തിന്റെ മണ്ണില്‍. മാത്രമല്ല, വിദേശത്തും ഗീതയ്ക്ക് ഭാഷ്യമുണ്ടായി. ഇന്നിതാ വീണ്ടുമൊരു വ്യാഖ്യാനം ഉണ്ടാകുന്നു. അനേകശതം ഭാഷകളില്‍ അനേകവിധം വ്യാഖ്യാനങ്ങളില്‍ ഭഗവദ്ഗീത ഹൃദയത്തിന്റെ തുയിലുണര്‍ത്തുന്ന ആത്മഗീതമായി പരിണമിച്ചു. എന്നാല്‍ ഗീത രചിക്കപ്പെടുമ്പോള്‍, അതായത് 5000 വര്‍ഷം മുന്‍പ് ഈ ശ്ലോകങ്ങളില്‍ പ്രയോഗിച്ച വാക്കുകളുടെ യഥാതഥമായ അര്‍ഥമെന്തായിരുന്നു? അന്ന് ഗുരുകുലങ്ങളില്‍ പഠിപ്പിച്ചിരുന്നത് സനാതനധര്‍മത്തിന്റെ അടിസ്ഥാനമായ വേദങ്ങളാണ്. ആ വേദങ്ങള്‍ പഠിക്കാന്‍ സഹായകമായിരുന്നത് സാംഖ്യം, യോഗം, ന്യായം, വൈശേഷികം, മീമാംസ, വേദാന്തം എന്നീ ഷഡ്ദര്‍ശനങ്ങളും, ശിക്ഷ, കല്പം, വ്യാകരണം, നിരുക്തം, ഛന്ദസ്സ്, ജ്യോതിഷം എന്നീ വേദാംഗങ്ങളുമാണ്. കൂടാതെ അന്ന് വേദഭാഷ്യങ്ങളായ ബ്രാഹ്മണങ്ങളും, ആരണ്യകങ്ങളും, ഉപനിഷത്തുക്കളും പഠിപ്പിക്കപ്പെട്ടു. ആ കാലഘട്ടത്തിലെ വൈദികസരണിയെ പിന്തുടര്‍ന്നുകൊണ്ടാണ് വേദവ്യാസന്‍ മഹാഭാരതം രചിച്ചത്. വേദാന്തദര്‍ശനത്തിന്റെ കര്‍ത്താവും പാതഞ്ജലയോഗദര്‍ശനത്തിന്റെ ഭാഷ്യകാരനുമാണ് വ്യാസന്‍. അപ്പോള്‍ അത്തരം ദാര്‍ശനികചിന്തകള്‍ മഹാഭാരതത്തിലും അതിലുള്‍പ്പെട്ട ഭഗവദ്ഗീതയിലും നാം കാണേണ്ടതാണ്. അഥവാ ഈ ദര്‍ശനങ്ങളുടെ തുടര്‍ച്ചയാണ് ഗീത.

എന്നാല്‍ നാനാവിധങ്ങളായ ഭാഷ്യങ്ങളുടെ തിരതള്ളിച്ചയില്‍ ഈ വൈദികസരണിയുടെ ചിലമ്പൊലി പലരും കേള്‍ക്കാതെപോയി. പ്രാചീനമായ ആ യഥാര്‍ഥ ഗീതാതത്ത്വങ്ങളില്‍ പലതും നഷ്ടപ്പെട്ടു. പല ഗീതാശ്ലോകങ്ങളുടെയും യഥാതഥമായ അര്‍ഥങ്ങള്‍ മുന്‍പറഞ്ഞ വൈദികഗ്രന്ഥങ്ങളില്‍ സ്ഫുരിച്ച് നില്‍ക്കവേ, അത്തരം പ്രാചീന വൈദികഗ്രന്ഥങ്ങളെ ഗീതയോടൊപ്പം ചേര്‍ത്തുവെച്ച് പഠിക്കാതെ, ശ്രീകൃഷ്ണന്റെ ചിന്തയില്‍പോലും ഇല്ലാതിരുന്ന അര്‍ഥങ്ങള്‍ പല വ്യാഖ്യാതാക്കളും ഗീതാശ്ലോകങ്ങള്‍ക്കു കല്പിച്ചുനല്‍കി. ആ വഴിയെ പിന്‍പറ്റിക്കൊണ്ട് തുടരെത്തുടരെ ഗീതാവ്യാഖ്യാനങ്ങളുണ്ടായിവന്നു. ഗീതയിലെ യോഗരഹസ്യങ്ങളുടെ ആലങ്കാരിക അവതരണത്തെ മനസ്സിലാകാതെ പലരും ഗീതാശ്ലോകങ്ങളെ തങ്ങള്‍ക്ക് തോന്നിയ രീതിയില്‍ വ്യാഖ്യാനിച്ചു. നാം ഇതുവരെ അറിയാതിരുന്ന ഒട്ടേറെ രഹസ്യങ്ങളുണ്ട് ആ മഹദ്ഗ്രന്ഥത്തില്‍ ചുരുളഴിയാതെ കിടക്കുന്നു. കാലപ്രവാഹത്താല്‍ നഷ്ടപ്പെട്ട അത്തരം രഹസ്യങ്ങളെ സഹസ്രാബ്ദങ്ങള്‍ക്ക് ശേഷം തേടിക്കണ്ടെത്തുക, വ്യാസന്റെ ആ പ്രാചീന ഭഗവദ്ഗീതയെ വീണ്ടെടുക്കുക. ഈ ദൗത്യമാണ് ’യഥാര്‍ഥ ഭഗവദ്ഗീത’ നിര്‍വഹിക്കുന്നത്.

ഭഗവാന്‍ ശ്രീകൃഷ്ണന്‍ യോഗഭാവത്തിലേക്ക് ഉയര്‍ന്നാണ് ഗീത ഉപദേശിച്ചത്. മഹാഭാരതയുദ്ധാനന്തരം സ്വരാജ്യത്തിലേക്ക് മടങ്ങിപ്പോകാന്‍ ഒരുമ്പെടുന്ന ശ്രീകൃഷ്ണനോട് അര്‍ജുനന്‍ ഒരിക്കല്‍കൂടി ഗീത ഉപദേശിച്ചുതരാന്‍ അഭ്യര്‍ഥിക്കുന്നുണ്ട്. ക്ഷത്രിയനായ അര്‍ജുനന് ഗീതയിലെ ഉന്നതമായ തത്ത്വങ്ങള്‍ പൂര്‍ണമായും ഉള്‍ക്കൊള്ളാന്‍ കഴിയില്ലെന്ന് യോഗേശ്വരനും ജ്ഞാനിയുമായ ഭഗവാന്‍ ശ്രീകൃഷ്ണന് അറിയുമായിരുന്നില്ലേ? എന്നിട്ടും എന്തിന് ഭഗവാന്‍ ശ്രീകൃഷ്ണന്‍ അര്‍ജുനന് ഗീതാശാസ്ത്രം ഉപദേശിച്ചു? എന്തിന് വ്യാസന്‍ വിഷയാവതരണത്തിന് ഇത്തരമൊരു സന്ദര്‍ഭം തിരഞ്ഞെടുത്തു? നഷ്ടപ്പെട്ടുപോയ ഈ യോഗത്തെ നല്‍കാന്‍ ശ്രീകൃഷ്ണന് ഒരു ബ്രാഹ്മണനെ തിരഞ്ഞെടുത്തുകൂടായിരുന്നോ? എന്തിന് ഈ ജ്ഞാനവാരിധി ഒരു ക്ഷത്രിയന് നല്‍കി? ഈ വിധങ്ങളായ നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിക്കണമെങ്കില്‍ അയ്യായിരം വര്‍ഷം മുന്‍പ് ഗുരുകുലങ്ങളില്‍ പഠിപ്പിച്ചിരുന്ന വൈദികസരണി എന്താണെന്ന് മനസ്സിലാകണം.

ഭഗവദ്ഗീതയുടെ ആന്തരികാര്‍ഥം നിലനില്‍ക്കുന്നത് രാഷ്ട്രവ്യവഹാരസംവിധാനങ്ങള്‍ ചൂണ്ടിക്കാണിക്കുന്ന യജുര്‍വേദത്തിലും അതിന്റെ ബ്രാഹ്മണമായ ശതപഥബ്രാഹ്മണത്തിലുമൊക്കെയാണ്. ജ്ഞാനത്തിന്റെ യഥാതഥസ്വരൂപമാകട്ടെ ഋഗ്വേദത്തില്‍നിന്ന് കടംകൊണ്ടതും. വേദസാരമാണ് ഭഗവദ്ഗീത എന്ന് പലരും പറയാറുണ്ട്. എന്നാല്‍ ഏത് വേദത്തിന്റെ? ഏത് മന്ത്രത്തിന്റെ? ഏത് ആഖ്യാനത്തിന്റെ? - ഇതിലെ രഹസ്യങ്ങളുടെ ചുരുളഴിക്കാന്‍ നമുക്ക് പ്രാചീനതമമായ വൈദികഗ്രന്ഥങ്ങളിലേക്ക് ഊളിയിട്ട് പോകേണ്ടതുണ്ട്. വൈദികകര്‍മകാണ്ഡത്തെ പലവുരു വിമര്‍ശിക്കുന്നതിന് ആയുധമാക്കാറുള്ള ഭഗവദ്ഗീതയുടെ ആന്തരികാര്‍ഥം കിടക്കുന്നത് അത്തരമൊരു കര്‍മകാണ്ഡബ്രാഹ്മണത്തിലാണ്. ശതപഥബ്രാഹ്മണത്തില്‍. ശതപഥത്തില്‍ കാമ്യകര്‍മമായ അശ്വമേധയജ്ഞത്തെ വിശദീകരിക്കുന്ന കാണ്ഡം 13ല്‍ ഒന്നാം അധ്യായത്തിലെ അഞ്ചാം ബ്രാഹ്മണം വിവരിക്കുന്നത് ’ഗാഥാഗാന’മാണ്. രാഷ്ട്രസ്ഥാപനത്തിന്റെ ഭാവത്തെ വ്യഞ്ജിപ്പിക്കുന്ന അശ്വമേധയജ്ഞത്തിലെ ഗാഥാഗാനം ധര്‍മസംസ്ഥാപനത്തിന് ഒരുങ്ങുന്ന പരന്തപനായ അര്‍ജുനന് മുന്‍പില്‍ ആഖ്യാനരീതിയില്‍ ശ്രീകൃഷ്ണന്‍ അവതരിപ്പിക്കുന്നതാണ് ഗീതാഹൃദയമെന്ന് എത്ര പേര്‍ക്കറിയാം? എന്താണ് ഗാഥാഗാനം? ആ പേരിനും അപ്പുറത്ത് അതിന് ഭഗവദ്ഗീതയുമായി എന്തെങ്കിലും ബന്ധമുണ്ടോ? അതിന് കൃഷ്ണാര്‍ജുനന്മാരുമായി ബന്ധം വല്ലതുമുണ്ടോ? എല്ലാറ്റിനും ഉത്തരമുണ്ട് ഗാഥാഗാനത്തില്‍. ഒരു ക്ഷത്രിയനും ഒരു ബ്രാഹ്മണനും ഇല്ലാതെ ആ ജ്ഞാനയജ്ഞം പൂര്‍ണമാവില്ല എന്നത് വിവരിക്കുന്നത് ഗാഥാഗാനത്തിലാണ്. അതിന്റെ കാരണമെന്തായിരിക്കും?

മഹാഭാരതകാലത്തിനും എത്രയോ മുന്‍പ് വേദങ്ങളില്‍ കൃഷ്ണ-അര്‍ജുനന്മാരുടെ ഈയൊരു മിത്രതയെക്കുറിച്ച് പറഞ്ഞിരിക്കുന്നു. ’അഹശ്ച കൃഷ്ണം അഹരര്‍ജുനം ച’ എന്ന, ഋഗ്വേദം ആറാം മണ്ഡലത്തിലെ ആ മന്ത്രത്തില്‍ എന്നാല്‍ കൃഷ്ണാര്‍ജുനന്മാര്‍ വ്യക്തികളല്ല. യഥാക്രമം രാത്രിയും പകലുമാണ്. രാത്രിപകലുകളെക്കുറിച്ചുള്ള വേദവര്‍ണനയെ തന്റെ കാവ്യത്തിലേക്ക് സ്വീകരിക്കാന്‍ വ്യാസനു പ്രചോദനമായതും അശ്വമേധത്തിലെ ഗാഥാഗാനംതന്നെ. അര്‍ജുനന്റെ വിഷാദത്തിനു മറുമരുന്ന് ഇരിക്കുന്നത് ഒരു രാത്രിയിലാണെന്നും അത് ശ്രീകൃഷ്ണനാണ് എന്നും വൈദികസാഹിത്യത്തില്‍നിന്നും നമുക്ക് മനസ്സിലാകുന്നു. ’യഥാര്‍ഥ ഭഗവദ്ഗീത’ ആരംഭിക്കുന്നതും ഇന്നുവരെ ആരും പറയാതിരുന്ന ഈയൊരു വൈദികരഹസ്യത്തെ അനാവരണം ചെയ്തുകൊണ്ടാണ്. ഋഗ്വേദത്തിന്റെ ആറാം മണ്ഡലത്തിലെ ആദ്യഭാഗത്തുനിന്ന് ശ്രീകൃഷ്ണ-അര്‍ജുനശബ്ദങ്ങളെപ്പോലെ ദ്രോണ, ഭീമ, ധനഞ്ജയ, അച്യുത, ഭാരത തുടങ്ങി ഒട്ടേറെ ശബ്ദങ്ങളെ വ്യാസന്‍ കടമെടുത്തതായി കാണാം. എന്താണ് ഋഗ്വേദത്തിലെ ഈയൊരു ഭാഗത്തിന്റെ പ്രത്യേകത? ഈ ഋഗ്വേദ മന്ത്രങ്ങള്‍ക്ക് പൊതുവായി എന്തെങ്കിലും പ്രത്യേകത ഉണ്ടായിരുന്നോ? മന്ത്രങ്ങളുടെ ഋഷിയായ ഭരദ്വാജോ ബാര്ഹസ്പത്യന് ഗാഥാഗാനവുമായും ഗീതയുമായും കൃഷ്ണാര്‍ജുനന്മാരുമായും എന്തു ബന്ധം? ഇങ്ങനെ വേദങ്ങളുടെ അതിവിശാലമായ രഹസ്യലോകത്തേക്ക് അനുവാചകരെ കൂട്ടിക്കൊണ്ടുപോയി ഗീതാരചനയ്ക്കു പിന്നിലെ വൈദിക രഹസ്യങ്ങളെ ഇതാദ്യമായി ലോകത്തിനുമുമ്പില്‍ തുറന്നുകാണിക്കുകയാണ് യഥാര്‍ഥ ഭഗവദ്ഗീത.


ഭഗവദ്ഗീതയിലെ അധ്യായങ്ങളുടെ ക്രമത്തെക്കുറിച്ച് യഥാതഥമായി ഇതുവരെ ഒരു വ്യാഖ്യാതാക്കളും വിശദീകരിച്ചുകണ്ടിട്ടില്ല. അര്‍ജുനവിഷാദയോഗത്തിനുശേഷം എന്തുകൊണ്ട് സാംഖ്യയോഗം കടന്നുവരുന്നു എന്നിത്യാദി സംശയങ്ങള്‍ക്ക് ഉത്തരം ലഭിക്കണമെങ്കില്‍ നേരത്തെ പറഞ്ഞ ഗാഥാഗാനത്തെയും കപിലമുനിയുടെ സാംഖ്യദര്‍ശനത്തെയുമാണ് പഠിക്കേണ്ടത്. അങ്ങനെയൊരു ശ്രമം ഇതുവരെ ഒരു ഗീതാവ്യാഖ്യാതക്കളുടെയും ഭാഗത്തുനിന്നും ഉണ്ടായില്ല എന്നതും ദുഃഖകരമായ വസ്തുതയാണ്. എല്ലാവരും നാസ്തികമെന്ന് പറഞ്ഞ് കപിലമുനിയുടെ സാംഖ്യദര്‍ശനത്തെ മാറ്റിനിര്‍ത്തുകയാണ് ചെയ്തത്. എന്നാല്‍ ആ സാംഖ്യദര്‍ശനത്തെ ആശ്രയിക്കാതെ ഗീതയിലെ രണ്ടാം അധ്യായമായ സാംഖ്യയോഗത്തിലെ വൈദികരഹസ്യങ്ങളുടെയും മറ്റുപല യോഗരഹസ്യങ്ങളുടെയും ചുരുളഴിക്കാന്‍ കഴിയില്ല എന്നത് യഥാര്‍ഥ ഗീതയിലൂടെ മനസ്സിലാക്കാം. സാംഖ്യസൂത്രങ്ങള്‍ അതേപടി ഗീതയില്‍ ആവര്‍ത്തിക്കുന്ന സന്ദര്‍ഭങ്ങള്‍ ഇതാദ്യമായി ഗീതാസ്‌നേഹികള്‍ക്കു മുന്‍പില്‍ അവതരിപ്പിക്കപ്പെടുകയാണ്.
വിജ്ഞാനത്തെ ഭഗവാന്‍ വേദവ്യാസന്‍ പ്രധാനമായും സ്വീകരിച്ചിരിക്കുന്നത് അഥര്‍വവേദത്തില്‍നിന്നുമാണ്. ഏഴാം അധ്യായമായ ജ്ഞാനവിജ്ഞാനയോഗത്തിനും പത്താം അധ്യായമായ വിഭൂതിയോഗത്തിനും ഉപാദാനമായത് യഥാക്രമം അഥര്‍വവേദത്തിലെ ജ്യേഷ്ഠബ്രഹ്മവര്‍ണനാസൂക്തവും വാക്‌സൂക്തവുമാണ്. ആശയംമാത്രമല്ല, ഗീതശ്ലോകങ്ങളുടെ ശൈലിയും ഘടനയും അതില്‍ പ്രയോഗിച്ച ശബ്ദങ്ങള്‍പോലും അതേപടി വേദവ്യാസന്‍ തന്റെ ഗീതയിലേക്ക് എപ്രകാരമാണ് പകര്‍ത്തിയതെന്ന് ആ രണ്ടധ്യായങ്ങളില്‍ വ്യക്തമാക്കിയിരിക്കുന്നു. ഭഗവദ്ഗീതാരചനയില്‍ അഥര്‍വവേദത്തിന്റെ പങ്ക് എത്രത്തോളമുണ്ടായിരുന്നു എന്നത് ഇതാദ്യമായി ജിജ്ഞാസുക്കളുടെ മുന്‍പില്‍ എത്തിക്കുകയാണ് യഥാര്‍ഥ ഭഗവദ്ഗീത.

പാതഞ്ജലയോഗതത്ത്വങ്ങളാണ് ഗീതയുടെ പ്രധാന ഇതിവൃത്തം എന്നുവേണമെങ്കില്‍ പറയാം. പാതഞ്ജലയോഗത്തിന് ഭാഷ്യമെഴുമ്പോള്‍ ഭഗവാന്‍ വേദവ്യാസന്‍ സ്വീകരിച്ച അതേ പദങ്ങള്‍പോലും ഗീതയില്‍ അദ്ദേഹം ആവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ യോഗദര്‍ശനവും വ്യാസന്റെ യോഗഭാഷ്യവും പഠിക്കാതെ ഗീതാവ്യാഖ്യാനമെഴുതുന്നവര്‍ എത്തിച്ചേരുന്ന അര്‍ഥശൂന്യതയെ വ്യാസന്റെതന്നെ യോഗഭാഷ്യത്തിന്റെ അടിസ്ഥാനത്തില്‍ തുറന്നുകാണിച്ചിട്ടുണ്ട്. വ്യാസന്റെ യോഗഭാഷ്യത്തെ പ്രമാണമാക്കിക്കൊണ്ട് ഇന്നുവരെയുള്ള പല ഗീതാശ്ലോകാര്‍ഥങ്ങളിലെയും അര്‍ഥശൂന്യതയെ വെളിവാക്കുകയും യഥാര്‍ഥ അര്‍ഥത്തെ തിരിച്ചുകൊണ്ടുവരികയും ചെയ്തിരിക്കുകയാണ് യഥാര്‍ഥ ഭഗവദ്ഗീത.

വിശ്വരൂപദര്‍ശനത്തിന് മാംസചക്ഷുസ്സ് പോരെന്നുപറഞ്ഞ ശ്രീകൃഷ്ണന്‍ അര്‍ജുനന് ദിവ്യചക്ഷുസ്സ് കൊടുക്കുന്ന സന്ദര്‍ഭമുണ്ട്. ഈ ദിവ്യചക്ഷുസ്സ് എന്താണെന്നതും യോഗദര്‍ശനത്തിന്റെ അടിസ്ഥാനത്തില്‍ പതിനൊന്നാം അധ്യായത്തില്‍ വിശദീകരിച്ചിട്ടുണ്ട്. ശ്രീകൃഷ്ണനില്‍നിന്ന് ദിവ്യചക്ഷുസ്സ് ലഭിക്കാതിരുന്നിട്ടുകൂടി സഞ്ജയന് വിശ്വരൂപദര്‍ശനം ലഭിച്ചതായി ഗീതയില്‍നിന്നും മനസ്സിലാക്കാം. ഇതിനുള്ള കാരണം സാംഖ്യദര്‍ശനത്തില്‍നിന്നാണ് മനസ്സിലാക്കാന്‍ കഴിയുക. അതെന്താണെന്നും ഗീതാഭാഷ്യത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ചുരുക്കത്തില്‍, സാംഖ്യയോഗദര്‍ശനങ്ങളുടെ അതിസുന്ദരമായ മേളനം ഗീതയില്‍ നമുക്ക് കാണാന്‍ കഴിയും.


മറ്റൊരു പ്രധാന ഗ്രന്ഥവും ഗീതയ്ക്ക് വായുവും വെളിച്ചവും നല്‍കിയിട്ടുണ്ട്. അത് മനുസ്മൃതിയാണ്. ഗീതയുടെ ഏതെല്ലാം ശ്ലോകങ്ങള്‍ക്ക് മനുസ്മൃതിയുടെ പിന്തുണയുണ്ടോ അവയെല്ലാം ഈ ഭാഷ്യത്തില്‍ എടുത്തുകാണിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ഒരുപക്ഷേ, വേദാദി ശാസ്ത്രപഠനം നിലച്ചുപോയ കാലഘട്ടത്തില്‍ ഗീതയുടെ വേദഹൃദയം കാണാതെ പോയപ്പോള്‍, അതില്‍ പ്രസ്ഫുടമായിനിന്ന മനുസ്മൃതിയുടെ സ്വാധീനം കണ്ടവരായിരിക്കും ഗീതയ്ക്ക് സ്മൃതിയുടെ സ്ഥാനം കല്പിച്ചുനല്‍കിയത്. ചാതുര്‍വര്‍ണ്യം മുതല്‍ ദാനക്രമംവരെ നീണ്ടുനില്‍ക്കുന്ന അനേകം വിഷയങ്ങളെ മനുവില്‍നിന്ന് ഉദ്ധരിക്കാന്‍ ഭഗവാന്‍ ശ്രീകൃഷ്ണന്‍ ശ്രമിച്ചിട്ടുണ്ട്. അവയും ഈ വ്യാഖ്യാനത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. യഥാര്‍ഥ ഭഗവദ്ഗീതയിലൂടെ ആധ്യാത്മികലോകം അറിയാന്‍പോകുന്ന രഹസ്യങ്ങള്‍ മുഴുവന്‍ ഇവിടെ വിശദീകരിക്കുക അസാധ്യമായ കാര്യമാണ്. മഹാഭാരതകാലത്തേക്ക് തിരിച്ചുപോയി പ്രാചീനഗീതയെ കണ്ടെത്തുകയാണ് ഗ്രന്ഥകാരന്‍. എന്തുകൊണ്ട്് ഗീതയുടെ ഈ വേദവിദ്യാഭാഷ്യം ’യഥാര്‍ഥ ഭഗവദ്ഗീത’ ആകുന്നു എന്നതിനുത്തരം ചുരുക്കി ഇങ്ങനെ വിവരിക്കാം.
Write a review on this book!.
Write Your Review about യഥാര്‍ഥ ഭഗവദ് ഗീത
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2734 times

Customers who bought this book also purchased