മലയാളചലച്ചിത്രമേഖലയിലെ പ്രശസ്തനായ തിരക്കഥാകൃത്തും സംവിധായകനുമായിരുന്നു അമ്പഴത്തില് കരുണാകരന് ലോഹിതദാസ് എന്ന എ.കെ. ലോഹിതദാസ് (മേയ് 10, 1955 - ജൂണ്‍ 28, 2009). ജീവിതഗന്ധിയും തന്മയത്വമുള്ളതുമായ തിരക്കഥകളിലൂടെ ഇദ്ദേഹം രണ്ട് ദശകത്തിലേറെക്കാലം മലയാളചലച്ചിത്രവേദിയെ ധന്യമാക്കി. പത്മരാജനും ഭരതനും എം.ടിയ്ക്കും ശേഷം മലയാളചലച്ചിത്രത്തില്‍ ശക്തമായ തിരക്കഥകള്‍ സംഭാവന ചെയ്ത എഴുത്തുകാരനായാണ് ഇദ്ദേഹത്തെ വിലയിരുത്തുന്നത്. തിരക്കഥാകൃത്ത്, സംവിധായകന് എന്നിവയ്ക്കുപുറമെ ഗാനരചയിതാവ്, നിര്‍മ്മാതാവ്, നാടകകൃത്ത്, ചെറുകഥാകൃത്ത് എന്നിങ്ങനെ വിവിധ മേഖലകളില്‍ ഇദ്ദേഹം പ്രതിഭ തെളിയിച്ചു.