ലോകചരിത്രത്തിലെ ഏറ്റവും മഹാനായ എഴുത്തുകാരനും നാടകകൃത്തുമായി കണക്കാക്കപ്പെടുന്ന ഇംഗ്ലീഷ് കവിയാണ് വില്യം ഷേക്സ്പിയർ(മാമോദീസാത്തിയതി 26 ഏപ്രിൽ 1564 – മരണം 23 ഏപ്രിൽ 1616).ഇംഗ്ലണ്ടിന്റെ രാഷ്ട്രകവിയെന്നും ‘ബാർഡ്’ എന്നും ഇദ്ദേഹം അറിയപ്പെട്ടിരുന്നു. 38 നാടകങ്ങളും 154 ഗീതകങ്ങളും ചില കാവ്യങ്ങളും ഇദ്ദേഹത്തിന്റേതായി നമുക്ക് ലഭിച്ചിട്ടുണ്ട്. ജീവിച്ചിരുന്നപ്പോൾ അത്രയൊന്നും പ്രസിദ്ധനായിരുന്നില്ല എങ്കിലും, മരണശേഷം ഇദ്ദേഹത്തിന്റെ പ്രശസ്തി വളരെയധികമായി വർദ്ധിച്ചു. സാഹിത്യ ലോകത്തു പൊതുവേയും ആംഗലേയ സാഹിത്യലോകത്തു പ്രത്യേകിച്ചും ഏറ്റവും കൂടുതൽ ഉദ്ധരിക്കപ്പെട്ടിട്ടുള്ള കവി ആണ് ഇദ്ദേഹം. ദുരന്ത നാടകങ്ങളിലും ശുഭാന്ത നാടകങ്ങളിലും ഒരുപോലെ മികവുകാട്ടി. ഷേക്സ്പിയറിന്റെ കൃതികൾ എല്ലാം തന്നെ ലോകത്തിലെ പ്രധാന ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ടെന്ന് മാത്രമല്ല അദ്ദേഹത്തിന്റെ നാടകങ്ങൾ ഇപ്പോഴും ലോകമെമ്പാടും അവതരിക്കപ്പെടുന്നുമുണ്ട്.ലോകത്ത് ഏറ്റവും കൂടുതൽ അവതരിപ്പിക്കപ്പെട്ടിട്ടുള്ളത് ഇദ്ദേഹത്തിന്റെ നാടകങ്ങൾ ആണ്. അതുപോലെ തന്നെ അദ്ദേഹത്തിന്റെ പല ഉദ്ധരിണികളും ആംഗലേയ ഭാഷയുൾപ്പെടെ പല ഭാഷകളിലും ദൈനംദിന ഉപയോഗത്തിൽ കടന്നു കൂടിയിട്ടുണ്ട്.