മലയാള ഭാഷയിലെ പ്രമുഖകവിയും പണ്ഡിതനുമായിരുന്ന മഹാകവി ഉള്ളൂർ എസ്. പരമേശ്വരയ്യർ (1877 ജൂൺ 06 - 1949 ജൂൺ 15.) ചങ്ങനാശ്ശേരിക്കടുത്ത്, പെരുന്നയിലെ താമരശ്ശേരി എന്ന സ്ഥലത്താണ് അദ്ദേഹം ജനിച്ചത്. തിരുവനന്തപുരം ഉള്ളൂർ സ്വദേശിയായ പിതാവ് സുബ്രഹ്മണ്യ അയ്യർ, ചങ്ങനാശ്ശേരിയിൽ സ്കൂൾ അദ്ധ്യാപകനായിരുന്നു. അമ്മ ചങ്ങനാശേരി സ്വദേശിനിയായ ഭഗവതിയമ്മ. അദ്ദേഹം, പെരുന്നയിൽത്തന്നെയാണു തന്റെ ബാല്യകാലം ചെലവഴിച്ചത്. അച്ഛന്റെ അകാലമരണത്തെത്തുടർന്ന്, അമ്മയോടൊപ്പം അച്ഛന്റെ നാടായ ഉള്ളൂരിലേക്കു താമസം മാറി. ഉള്ളൂർ, കുമാരനാശാൻ, വള്ളത്തോൾ എന്നീക്കവികൾ ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ മലയാളകവിതയിൽ കാല്പനികപ്രസ്ഥാനത്തിനു തുടക്കംകുറിച്ചു ശ്രദ്ധേയരായി. സാഹിത്യചരിത്രത്തിൽ ഇവർ ആധുനിക കവിത്രയം എന്നറിയപ്പെടുന്നു. കവിയെന്നതിനുപുറമേ സാഹിത്യചരിത്രകാരൻ, ഭാഷാഗവേഷകൻ, ഉദ്യോഗസ്ഥൻ എന്നീനിലകളിൽ ഉള്ളൂർ പേരെടുത്തിരുന്നു. തിരുവിതാംകൂർ സർക്കാരിന്റെ ചീഫ് സെക്രട്ടറിയായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.