അക്‍ബര്‍ കക്കട്ടില്‍ Author

Akbar Kakkattil

അക്‍ബര്‍ കക്കട്ടില്‍ (7 ജൂലൈ 1954 - 17 ഫെബ്രുവരി 2016) മലയാള ചെറുകഥാകൃത്തും, നോവലിസ്റ്റുമാണ്‌ അക്‌ബര്‍ കക്കട്ടില്‍. നര്‍മ്മം കൊണ്ട് മധുരമായ ശൈലിയാണ് ഈ എഴുത്തുകാരന്റെ സവിശേഷത. ആധുനികര്‍ക്കു പിറകെ വന്ന തലമുറയിലെ ശ്രദ്ധേയനായ എഴുത്തുകാര‌ന്‍. ഗഹനവും സങ്കീര്‍ണ്ണവുമായ ആശയങ്ങളെ ലളിതവും പ്രസന്നമധുരവുമായി അവതരിപ്പിക്കാ‌ന്‍ പ്രത്യേക വൈദഗ്ദ്ധ്യം. കൂടാതെ ‘ അദ്ധ്യാപക കഥകള്‍’ എന്നൊരു പ്രസ്ഥാനത്തിനു തന്നെ മലയാളത്തില്‍ രൂപം നല്‍കുന്നതില്‍ മുഖ്യപങ്കു വഹിച്ചു. മലയാളത്തിലെ പ്രഥമ അദ്ധ്യാപക സര്‍വീസ് സ്റ്റോറിയുടെ കര്‍ത്താവുമാണ്.വിദ്യാഭ്യാസത്തിനു ശേഷം അധ്യാപനവൃത്തി തിരഞ്ഞെടുത്തു. കഥ, നോവല്‍, ഉപന്യാസം എന്നീ വിഭാഗങ്ങളിലായി നിരവധി രചനകള്‍ നടത്തുകയുണ്ടായി. ശമീല ഫഹ്‌മി, അദ്ധ്യാപക കഥകള്‍, ആറാം കാലം, നാദാപുരം, മൈലാഞ്ചിക്കാറ്റ്, 2011-ലെ ആണ്‍കുട്ടി, തെരഞ്ഞെടുത്തകഥകള്‍, പതിനൊന്ന് നോവലറ്റുകള്‍, മൃത്യുയോഗം, സ്ത്രൈണം,വടക്കു നിന്നൊരു കുടുംബവൃത്താന്തം, സ്കൂള്‍ ഡയറി, സര്‍ഗ്ഗസമീക്ഷ, വരൂ, അടൂരിലേയ്ക്ക് പോകാം തുടങ്ങിയവയാണ് മുഖ്യകൃതികള്‍. മുതിര്‍ന്ന എഴുത്തുകാരുടെ കൃതികളിലേയ്ക്കും ജീവിതത്തിലേയ്ക്കും വെളിച്ചം പകരുകയും അവരുടെ പിന്നാലെ വന്ന ഒരു സര്‍ഗാത്മക സാഹിത്യകാര‌ന്‍ എന്ന നിലയില്‍ അവരുമായി സംവദിക്കുകയും ചെയ്യുന്ന ‘സര്‍ഗ്ഗസമീക്ഷ’, അത്തരത്തില്‍ ഇന്ത്യയില്‍ ആദ്യം.രണ്ടുതവണ കേരളസാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. 1992-ല്‍ ഹാസവിഭാഗത്തില്‍ കേരളസാഹിത്യ അക്കാദമിയുടെ പ്രഥമ അവാര്‍ഡ് ‘സ്കൂള്‍ ഡയറി’ എന്ന ലഘു ഉപന്യാസ സമാഹാരത്തിന്. 2004-ല്‍ നോവലിനുള്ള അവാര്‍ഡ് വടക്കു നിന്നൊരു കുടുംബ വൃത്താന്തത്തിന്[1]. സംസ്ഥാന ഗവണ്മെന്റിന്റെ രണ്ട് അവാര്‍ഡുകളും ലഭിക്കുകയുണ്ടായി. 1998 -ല്‍ മികച്ച നോവലിന് (സ്ത്രൈണം) ജോസഫ് മുണ്ടശ്ശേരി അവാര്‍ഡ്. 2000- ല്‍ മികച്ച കഥാകൃത്തിനുള്ള സംസ്ഥാന ടെലിവിഷ‌ന്‍ അവാര്‍ഡ് ( സ്കൂള്‍ ഡയറി- ദൂരദര്‍ശ‌ന്‍ സീരിയല്‍). 1992-ല്‍ സാഹിത്യത്തിനുള്ള ഇന്ത്യാ ഗവണ്മെന്റിന്റെ ഫെലോഷിപ്പും ലഭിച്ചു. 2002-ല്‍ ‘വടക്കു നിന്നൊരു കുടുംബ വൃത്താന്തം’ അബുദാബി ശക്തി അവാര്‍ഡും നേടിയിട്ടുണ്ട്.



Need some editing or want to add info here ?, please write to us.

Other Books by Author Akbar Kakkattil