മലയാളകവിതയില്‍ കാല്പനികതയില്‍ നിന്നുള്ള വഴിപിരിയലിനു് തുടക്കം കുറിച്ച കവിയും നാടകകൃത്തുമാണ് ഇടശ്ശേരി ഗോവിന്ദന്‍ നായര്‍ (ഡിസംബര്‍ 23, 1906 - ഒക്ടോബര്‍ 16, 1974). പൂതപ്പാട്ട്, കാവിലെപ്പാട്ട്, പുത്തന്‍കലവും അരിവാളും, ബുദ്ധനും നരിയും ഞാനും എന്നീ കവിതയിലൂടെ വ്യത്യസ്തമായ ഭാവുകത്വം പ്രകടമാക്കി.ഇടശ്ശേരി ഗോവിന്ദന്‍ നായര്‍ പൊന്നാനിക്കടുത്തുള്ള കുറ്റിപ്പുറത്ത് കൃഷ്ണക്കുറുപ്പിന്റെയും ഇടക്കണ്ടിയില്‍ ജാനകിയമ്മയുടെയും മകനായി ജനിച്ചു. സാമാന്യ വിദ്യാഭ്യാസത്തിനു ശേഷം ആലപ്പുഴ, പൊന്നാനി, കോഴിക്കോട് എന്നിവടങ്ങളില്‍ വക്കീല്‍ ഗുമസ്തനായി ജോലി ചെയ്തു. കേരള സാഹിത്യ അക്കാദമിയുടെയും സംഗീത നാടക അക്കാദമിയുടെയും ഭരണ സമിതി അംഗമായിരുന്നു. തന്റെ കവിതകളിലൂടെ അവഗണിക്കപ്പെടുന്നവന് കരുത്തു പകര്‍ന്നു നല്‍കിയതുകൊണ്ടാവാം ' ശക്തിയുടെ കവി' എന്നദ്ദേഹം അറിയപ്പെടുന്നു.[1] കാവിലെപ്പാട്ട് എന്ന കാവ്യ സമാഹാരത്തിന് 1969-ല്‍ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡും ഒരു പിടി നെല്ലിക്ക എന്ന കാവ്യ സമാഹാരത്തിന് 1971 ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡും ലഭിക്കുകയുണ്ടായി.1974 ഒക്ടോബര്‍ 16-നു സ്വവസതിയില്‍ വച്ച് ദിവംഗതനായി.