കൊച്ചിക്കു അടുത്തുള്ള ഞാറക്കല്‍ ഗ്രാമത്തിലാണ് എന്റെ ജനനം - എണ്‍പത്തിമൂന്ന് വര്‍ഷങ്ങള്‍ക്കു മുമ്പ്. ഹൈസ്‌കൂള്‍ പഠനം കഴിഞ്ഞ് എറണാകുളം മഹാരാജാസ് കോളേജില്‍നിന്നും ബിരുദം നേടിയശേഷം ബോംബെയില്‍ വന്ന് ഉന്നത വിദ്യാഭ്യാസവും ഒരു പാര്‍ട് ടൈം ജോലിയുമായി മുന്നോട്ട് പോയി. കാലക്രമേണ ബോംബേ, ഡല്‍ഹി,കുവൈറ്റ്, ന്യൂയോര്‍ക് നഗരങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന മള്‍ട്ടിനാഷണല്‍ കമ്പനികളില്‍ സാമാന്യം ഉയര്‍ന്ന പദവികളില്‍ എത്തിച്ചേരുകയും വളരെ തിരക്കിട്ട ഒരു ജീവിതപാഥയിലേക്ക് വഴിമാറുകയും ചെയ്തു. ഇപ്പോള്‍ എല്ലാ ജോലിയില്‍നിന്നും ചുമതലകളില്‍നിന്നും വിരമിച്ച് അമേരിക്കയില്‍ സ്ഥിരതാമസമാക്കി കുടുംബസമേതം ഒരു സ്വസ്ഥജീവിതം നയിക്കുന്നു.
ചുരുക്കത്തില്‍ പത്തൊമ്പതാം വയസ്സില്‍ കേരളം വിട്ട ഞാന്‍ ഈ കഴിഞ്ഞ അറുപതോളം വര്‍ഷങ്ങള്‍ മലയാളഭാഷയോടു കാര്യമായ സമ്പര്‍ക്കം പുലര്‍ത്താനാവാതെ ഒരു മറുനാടന്‍ മലയാളിയായി ജീവിച്ചു. ചുറ്റുവട്ടത്തില്‍ മലയാളികള്‍ ആരും ഇല്ലാതായി എന്നതു മാത്രമല്ല സ്വന്തം കുടുംബത്തില്‍ തന്നെ ഭാര്യക്കും മക്കള്‍ക്കും മലയാളം എഴുതുവാനും വായിക്കുവാനും അറിയാത്തത് മറ്റൊരു പ്രതിബന്ധം ആയി മാറി. മാത്രുഭാഷയോടുള്ള ഈ അകല്‍ച്ച മാറ്റുവാനും അറ്റു പോയ ബന്ധങ്ങള്‍ പറ്റുമെങ്കില്‍ പുനഃസ്ഥാപിക്കുവാനുമുള്ള ഒരു ശ്രമത്തിന്റെ ഭാഗമാണ്ഞാന്‍ ആദ്യമായി എഴുതുന്ന ഈ കഥയുടെ പിന്നിലുള്ള കഥ!