കേരളത്തിലെ ഒരു ആധുനിക കവിയായിരുന്നു ഡി. വിനയചന്ദ്രൻ (1946 മേയ് 16 – 2013 ഫെബ്രുവരി 11). കവിതക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം 1992-ൽ നരകം ഒരു പ്രേമകവിതയെഴുതുന്നു എന്ന കൃതിക്ക് ലഭിച്ചു. 2006-ലെ ആശാൻ സ്മാരക കവിതാ പുരസ്കാരവും ലഭിച്ചിട്ടുണ്ട്. 1946 മെയ് 16 ന് കൊല്ലം ജില്ലയിലെ പടിഞ്ഞാറെ കല്ലടയിൽ ജനനം. ഭൗതികശാസ്ത്രത്തിൽ ബിരുദവും മലയാള സാഹിത്യത്തിൽ ഒന്നാം റാങ്കോടെ ബിരുദാനന്തര ബിരുദവും നേടി. വിവിധ സർക്കാർ കലാലയങ്ങളിൽ അദ്ധ്യാപകനായി സേവനമനുഷ്ഠിച്ചു. 1993 ൽ എം.ജി. യൂനിവേഴ്സിറ്റി സ്കൂൾ ഓഫ് ലെറ്റേഴ്സിൽ അദ്ധ്യാപകനുമായിരുന്നു. ജോലിയിൽ നിന്ന് വിരമിച്ച ശേഷം മുഴുസമയ സാഹിത്യപ്രവർത്തനത്തിൽ മുഴുകിയിരിക്കുകയായിരുന്നു. അവിവാഹിതനായിരുന്നു വിനയചന്ദ്രൻ.2013 ഫെബ്രുവരി 11 നു ശ്വാസകോശ രോഗത്തെത്തുടർന്ന് അന്തരിച്ചു.