സിനിമാക്കാർക്കിടയിലെ സാഹിത്യകാരൻ. സാഹിത്യകാർക്കിടയിലെ സിനിമാക്കാരൻ. സത്യൻ അന്തിക്കാട് സിനിമയ്ക്കും സാഹിത്യത്തിനും ഇടയ്ക്ക് കുടുങ്ങിയ മനുഷ്യനാണ്. ഏത് തെരഞ്ഞെടുക്കണമെന്ന ആശയക്കുഴപ്പം പണ്ട് ഉണ്ടായിക്കാണണം. അതുകൊണ്ട് എപ്പോഴും അദ്ദേഹം സാഹിത്യ രചനകൾ നടത്തിക്കൊണ്ടിരിക്കുന്നു. സിനിമകൾ ചെയ്യുന്ന അതേ വാശിയോടെ.
'പോക്കുവെയിൽ കുതിരകൾ' സത്യൻ അന്തിക്കാടിന് വളരെ പ്രിയപ്പെട്ടവരേക്കുറിച്ചാണ്. അവർ കേരളത്തിൽ പലകാലത്തായി തലഉർത്തിനിന്ന ദീപസ്തംഭങ്ങൾ കൂടിയാകുന്നു. ഇവരെയെല്ലാം ആടുത്ത് അറിയാവുന്ന ഒരാൾ നമ്മളെ അവരുടെ അടുത്തേക്ക് കൂട്ടിക്കൊണ്ട് പോകവുകയാണ്. എന്നിട്ട് ഒരു ടൂറിസ്റ്റ് ഗൈഡിനേപ്പോലെ ഓരോ ഓരോ കാര്യങ്ങൾ പറഞ്ഞുതരുകയാണ്. വിനോദസഞ്ചാരികളേപ്പോലെ നമ്മളങ്ങനെ വാപൊളിച്ച് അത്ഭതം കൂറി ഇരിക്കും
എം. ടി വാസുദേവൻ നായരും.വി കെ എന്നും ഇ ശ്രീധരനും ഒക്കെ ഇതിലുണ്ട്. സിനിമയിൽ നിന്ന് അന്തിക്കാടിൻറെ ഗുരു ഡോ. ബാലകൃഷ്ണനും ഒടുവിൽ ഉണ്ണികൃഷ്ണനും, ഷീലയും, നയൻതാരയും, മോഹൻലാലും സത്യനും മധുവുമൊക്കെ നമ്മളെ നോക്കി കൈവീശും. നമ്മളങ്ങനെ ഒരു വിനോദയാത്ര പോകുന്ന സുഖത്തിൽ ഇരുന്ന് കൊടുത്താൽ മതി. അന്തിക്കാട് ഗ്രാമവും, പഴയ മദിരാശി പട്ടണവും, ഒറ്റപ്പാലവും കുടജാദ്രിയും ഒക്കെ ദേശമായി മാത്രമല്ല, ജീവിതമായും ഗൃഹാതുരതയായും വന്ന് നിറയും.
സ്നേഹമാണ് അടിസ്ഥാന വികാരം. എല്ലാ കഥകളും അതിൽ മുക്കിയെടുത്തതാണ്. കണ്ണുനീരും ദുരന്തങ്ങളും എല്ലാം മറ്റൊരു നിറത്തിൽ പുനർജനിക്കുന്നു. കൊവിഡ് വന്ന് സിനിമാ നിർമ്മാണം പൂട്ടിപ്പോയ അവസ്ഥ അടക്കം.
സത്യൻ അന്തിക്കാട് സിനിയിലെ വില്ലനിൽ പോലും ചിലപ്പോൾ ഈ സ്നേഹത്തിൻറെ ധാര നമ്മൾ അറിഞ്ഞിട്ടുണ്ട്. അതുകൊണ്ടാണ് നായികാ നായകൻമാർക്കൊപ്പം മറ്റ് കഥാപാത്രങ്ങളും സിനിമകഴിയുമ്പോൾ നമുക്ക് ഒപ്പം വീട്ടിലേക്ക് വരുന്നത്. പോക്കുവെയിൽ കുതിരകളും അതാണ്.
സത്യൻ അന്തിക്കാടിന്റെ 'പോക്കുവെയിലിലെ കുതിരകൾ’ ഓൺലൈനായി വാങ്ങുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക....