Book Name in English : Lokakavitha - Chila Edukal
ഒരുപക്ഷേ പൂക്കളെപ്പറ്റി എഴുതാം. എന്നാലോ മൊട്ടിടാന്‍ പൂവായ് വിരിയാന്‍ പ്രയാസം. വിരിഞ്ഞാലോ നിറമാവാന്‍, തേനാവാന്‍ പ്രയാസം.അഥവാ എന്തിനാണ് എന്താവശ്യത്തിനാണ് വിരിയുന്നത്?വിരിയാനായാലും ’പോലെ’ വിടരാനായാലും ഒരു ഇച്ഛാശക്തിയോ പ്രേരണയോ വേണം - അങ്ങനെ ഏതോ സംശയവിഹ്വലതകള്‍ക്കിടയിലാണ് പലപ്പോഴായി ഈ പരകായപ്രവേശങ്ങള്‍ സംഭവിച്ചത് എന്നോര്‍ക്കുന്നു.കവിതാവിവര്‍ത്തനത്തില്‍ യാദൃച്ഛികമായാണ് വ്യാപരിക്കാന്‍ തുടങ്ങിയത്. അന്യഭാഷാകവികളുടെ ബാഹ്യവും ആന്തരികവുമായ സന്നിവേശങ്ങളെ അടുത്തറിയാനും സാംസ്‌കാരികസൗന്ദര്യങ്ങളെ ഉള്‍ക്കൊള്ളാനും ഇങ്ങനെ ചില പുനഃസൃഷ്ടികളില്‍ മുഴുകുക എന്നതൊരു ശീലമായി. ഇതൊക്കെ നന്നായിട്ടുണ്ടോ എന്നു ചോദിച്ചാല്‍ കുടുങ്ങും. അപ്പപ്പോഴത്തെ അത്യാവശ്യങ്ങളെ നിറവേറ്റുക എന്നതുകൂടിയായപ്പോള്‍ കുറെയങ്ങു ചെയ്തു തീര്‍ത്തു. അത്രമാത്രം.ഇ.എം. ശ്രീധരന്‍ നമ്പൂതിരിപ്പാട് (അനിയേട്ടന്‍) എഴുപതുകളുടെ തുടക്കത്തില്‍ ആഹ്വാനം എന്നൊരു മാസിക തിരുവനന്തപുരത്തുനിന്ന് പ്രസിദ്ധപ്പെടുത്തിയിരുന്നു. അനിയേട്ടന്റെ നിര്‍ബന്ധത്തിനൊത്ത് കുറെ കവിതകള്‍ തര്‍ജമ ചെയ്തു. മലയാളസാഹിത്യം പത്രാധിപര്‍ പി. കുമാറിനു വേണ്ടിയും കവിതാ വിവര്‍ത്തനം ചെയ്തു. ഭാഷാപോഷിണി, മാതൃഭൂമി, കലാകൗമുദി, മലയാളം, മാധ്യമം, ദേശാഭിമാനി മുതലായവയിലും കവിതകള്‍ പരിഭാഷപ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരം, ഹംപി എന്നിവിടങ്ങളില്‍ നടത്തിയ വിവര്‍ത്തനക്കൂട്ടായ്മകളില്‍ പങ്കെടുത്ത് പല ഭാരതീയഭാഷാകവിതകളും മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്യാന്‍ കഴിഞ്ഞു. അതാതു വര്‍ഷങ്ങളില്‍ ആകാശവാണിയുടെ റിപ്പബ്ലിക് മുശായരകള്‍ക്കായി നടത്തിയ മൊഴിമാറ്റങ്ങളും ഇതിലുണ്ട്. ഭാരതീയഭാഷാകവിതകളുടെ വിവര്‍ത്തനത്തില്‍ പലപ്പോഴായി സഹായിച്ചിട്ടുള്ളത് ഡോ. ഭക്തവത്സല റെഡ്ഡി (തെലുഗു), എന്റെ സഹധര്‍മിണി പ്രൊഫ. സി.എസ്. ശ്രീകുമാരി (ഹിന്ദി), സി. രാഘവന്‍ (കന്നട), സുകുമാരന്‍ (തമിഴ്) മുതലായവരാണ്.വിവര്‍ത്തനത്തില്‍ എനിക്ക് വെളിച്ചമായത് അയ്യപ്പപ്പണിക്കര്‍സാറാണ്. കേരളകവിതയ്ക്കുവേണ്ടി ചെയ്ത വിവര്‍ത്തനങ്ങളാണ് ഈ സമാഹാരത്തില്‍ ഭൂരിഭാഗവും. അതാതു കാലത്തെ ലോകകവിതയില്‍നിന്നുള്ള ചില ഏടുകള്‍ പരിചയപ്പെടാനുള്ള ഭാഗ്യാവസരംകൂടിയായി ആ പരിശ്രമങ്ങള്‍.ഒരു കിളവനുണ്ടായിരുന്നു മലപ്പുറ,ത്തയാളൊരു ചാരിത്ര്യഭക്തന്‍
ചിതവരെ ഭാര്യയെ കന്യകയാക്കി വെച്ചൊടുവിലയാളും മരിച്ചേ എന്നാണ് കവിതാവിവര്‍ത്തനത്തിന്റെ ആധികാരികതയെയോ വിശ്വാസ്യതയെയോ പറ്റിയുള്ള അയ്യപ്പപ്പണിക്കരുടെ ഐറണി. വിശ്വാസ്യതയെപ്പറ്റി യാതൊരു ഉത്കണ്ഠയുമില്ലാതെ വിവര്‍ത്തനം ഇപ്പോഴും തുടരുന്നുണ്ടെന്നും മലപ്പുറത്തെ ആ കിളവനെപ്പോലുള്ളവര്‍ ഏറെയുണ്ടാവില്ല എന്നുമാണ് അദ്ദേഹം പറയുന്നത്. എന്നാല്‍ തെല്ലൊരു ഉത്കണ്ഠയോടെയാണ് ഈ പുനഃസൃഷ്ടികള്‍ ഞാന്‍ സമര്‍പ്പിക്കുന്നത്.
-ദേശമംഗലം രാമകൃഷ്ണന്‍Write a review on this book!. Write Your Review about ലോകകവിത - ചില ഏടുകള്‍ Other InformationThis book has been viewed by users 1363 times