ലോകപ്രശസ്തയായ മലയാളി സാഹിത്യകാരിയാണ് കമലാ സുരയ്യ (മാര്‍ച്ച് 31, 1934 - മേയ് 31, 2009) [1][2] മലയാളത്തിലും ഇംഗ്ലീഷിലുമായി നിരവധി സാഹിത്യസൃഷ്ടികള്‍ കവിത, ചെറുകഥ, ജീവചരിത്രം എന്നിങ്ങനെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1999-ല്‍ ഇസ്ലാം മതം സ്വീകരിക്കുന്നതിനു മുന്‍പ് മലയാള രചനകളില്‍ മാധവിക്കുട്ടി എന്ന പേരിലും ഇംഗ്ലീഷ് രചനകളില്‍ കമലാദാസ് എന്ന പേരിലുമാണ് അവര്‍ രചനകള്‍ നടത്തിയിരുന്നത്. ഇംഗ്ലീഷില്‍ കവിത എഴുതുന്ന ഇന്ത്യക്കാരില്‍ പ്രമുഖയായിരുന്നു അവര്‍. പക്ഷേ കേരളത്തില്‍ മാധവിക്കുട്ടി എന്ന തൂലികാ നാമത്തില്‍ എഴുതിയ ചെറുകഥകളിലൂടെയും ജീവചരിത്രത്തിലൂടെയുമാണ് അവര്‍ പ്രശസ്തിയാര്‍ജിച്ചത്. 1984ല്‍ സാഹിത്യത്തിനുള്ള നോബല്‍ സമ്മാനത്തിന് നാമനിര്‍ദേശം ചെയ്യപ്പെട്ടു. അനാഥരായ അമ്മമാരെയും സ്ത്രീകളെയും സംരക്ഷിക്കുവാനും മനുഷ്യത്വ പ്രവര്‍ത്തനങ്ങള്‍ക്കുമായി ലോൿസേവാ ചാരിറ്റബിള്‍ ട്രസ്റ്റ് എന്ന സംഘടന ആരംഭിച്ചു. നാലപ്പാട്ടെ തന്റെ തറവാട് കേരള സാഹിത്യ അക്കാദമിക്കായി മാധവിക്കുട്ടി ഇഷ്ടദാനം കൊടുത്തു. സ്ത്രീകളുടെ ലൈംഗിക അവകാശങ്ങളെയും അഭിലാഷങ്ങളേയും കുറിച്ച് സത്യസന്ധതയോടെയും ധൈര്യത്തോടെയും എഴുതാന്‍ തുനിഞ്ഞ ഭാരതത്തിലെ ആദ്യത്തെ എഴുത്തുകാരി എന്ന പദവി മാധവിക്കുട്ടിക്കാണെന്ന് പല എഴുത്തുകാരും കരുതുന്നു. [