നോവലിസ്റ്റ്, തിരക്കഥാകൃത്ത്, ചലച്ചിത്ര സംവിധായകൻ എന്നീ നിലകളിൽ പ്രശസ്തനായ മലയാളിയാണ് മാടത്ത് തെക്കെപ്പാട്ട് വാസുദേവൻ നായർ എന്ന എം.ടി.വാസുദേവൻ നായർ (ജനനം: 1933 ജൂലൈ 15). മലയാളസാഹിത്യത്തിലും ചലച്ചിത്രരംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച ഇദ്ദേഹം എം.ടി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്നു. അദ്ധ്യാപകൻ, പത്രാധിപർ, എന്നീ നിലകളിലും പ്രവർത്തിച്ച ഇദ്ദേഹത്തിന് പത്മഭൂഷൺ, ജ്ഞാനപീഠം എന്നിവയുൾപ്പെടെ ഒട്ടേറെ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കിൽ ആനക്കര പഞ്ചായത്തിലെ കൂടല്ലൂരിൽ 1933 ആഗസ്ത് 9-ന് ജനിച്ചു അച്ഛൻ: പുന്നയൂർക്കുളം ടി. നാരായണൻ നായർ, അമ്മ: അമ്മാളു അമ്മ. കുമരനെല്ലൂർ ഹൈസ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം കഴിച്ചതിനു ശേഷം പാലക്കാട് വിക്ടോറിയ കോളേജിൽ നിന്ന് 1953-ൽ രസതന്ത്രത്തിൽ ബിരുദം നേടുകയുണ്ടായി. ആത്മകഥാംശമുള്ള കൃതികളിൽ വ്യക്തമാക്കിയിരിക്കുന്നതുപോലെ ദാരിദ്ര്യത്തിന്റേയും കുടുംബബന്ധങ്ങളുടേയും കഥ പറഞ്ഞിട്ടുള്ള ബാല്യകാലമായിരുന്നു ഈ കഥാകാരന്റേത് . പൊന്നാനിയിൽ ബാല്യം അനുഭവിച്ചപ്പോൾ കിട്ടിയ മതസൗഹാർദ്ധത്തിന്റെ ഊഷ്മള അനുഭവങ്ങൾ എം.ടിയുടെ പുസ്തകങ്ങളിൽ കാണാം. കേരളത്തിലെ മരുമക്കത്തായ വ്യവസ്ഥിതിയുടെ തകർച്ചയും, ജന്മിത്വത്തിന്റെ അവസാനഘട്ടവും മറ്റും നായർകുടുംബങ്ങളിലുളവാക്കിയ പ്രതിസന്ധികൾ ഒരുകാലഘട്ടത്തിന്റെ ചരിത്രത്തിന്റെ ഭാഗമായി എം.ടി. കൃതികളിൽ രേഖപ്പെട്ടുകിടക്കുന്നുണ്ട്. പത്നി പ്രശസ്ത നർത്തകിയായ കലാമണ്ഡലം സരസ്വതിയാണ്. മക്കൾ: സിതാര, അശ്വതി.
പുരസ്കാരങ്ങൾ
. മികച്ച ചലച്ചിത്രത്തിനുള്ള ദേശീയ പുരസ്കാരം (1973, നിർമ്മാല്യം)
. മികച്ച തിരക്കഥക്കുള്ള ദേശീയ പുരസ്കാരം (നാലു തവണ; 1990 (ഒരു വടക്കൻ വീരഗാഥ), 1992 (കടവ്), 1993 (സദയം), 1995 (പരിണയം))
. മികച്ച ചലച്ചിത്രത്തിനുള്ള കേരള സംസ്ഥാന പുരസ്കാരം (1978, ബന്ധനം)
. മികച്ച ചലച്ചിത്രത്തിനുള്ള കേരള സംസ്ഥാന പുരസ്കാരം (1991, കടവ്)
. മികച്ച തിരക്കഥക്കുള്ള കേരള സംസ്ഥാന പുരസ്കാരം (1978, ബന്ധനം)
. മികച്ച തിരക്കഥക്കുള്ള കേരള സംസ്ഥാന പുരസ്കാരം (2009) (കേരള വർമ്മ പഴശ്ശിരാജ)
. എഴുത്തച്ഛൻ പുരസ്കാരം (2011)
. ജെ.സി. ദാനിയേൽ പുരസ്കാരം - 2013