പ്രശസ്തനായ എഴുത്തുകാരനും പത്രപ്രവര്‍ത്തകനും സാമൂഹിക നായകനുമായിരുന്നു എം.പി. നാരായണപിള്ള (ജനനം - 1939 നവംബര്‍ 22, മരണം - 1998 മെയ് 19). നാണപ്പന് എന്ന് സ്നേഹത്തോടെ അറിയപ്പെട്ടിരുന്നു അദ്ദേഹം. പെരുമ്പാവൂരിനു അടുത്തുള്ള പുല്ലുവഴിയില്‍ ജനിച്ചു. അലഹബാദ് സര്‍വ്വകലാശാലയില്‍ നിന്നും കാര്‍ഷിക ശാസ്ത്രത്തില്‍ ബിരുദം നേടിയതിനു ശേഷം അദ്ദേഹം ദില്ലിയിലെ കിഴക്കന്‍ ജര്‍മ്മന്‍ എംബസിയില്‍ ടെലെഫോണ്‍ ഓപ്പറേറ്റര്‍ ആയി തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചു. അതിനുശേഷം ഒരു സാമ്പത്തിക വിദഗ്ദ്ധനായി ദേശീയ ആസൂത്രണ കമ്മീഷനില്‍ അദ്ദേഹം 5 വര്‍ഷം ജോലിചെയ്തു. ഈ സമയത്താണ് തന്റെ സാഹിത്യ ജീവിതം അദ്ദേഹം ആരംഭിക്കുന്നത്.ഹോങ്കോങ്ങിലെ 'ഫാര്‍ ഈസ്റ്റേണ്‍ ഇക്കണോമിക് റിവ്യൂ'വില്‍ സബ് എഡിറ്ററായി ചേര്‍ന്ന് ധനകാര്യപത്രപവര്‍ത്തനം ആരംഭിച്ചു. 1970 മുതല്‍ 1972 വരെ അദ്ദേഹം ബോംബെയില്‍ വാണിജ്യവകുപ്പിന്റെ പ്രസിദ്ധീകരണ വിഭാഗം തലവനായും മക് ഗ്രാ ഹില്ല് ലോക വാര്‍ത്തയുടെ ഇന്ത്യന്‍ വാര്‍ത്താ ലേഖകന്‍ ആയും ജോലി ചെയ്തു. ഇതിനുശേഷം മിനറത്സ് ആന്റ് മെറ്റത്സ് റിവ്യൂ-വിന്റെ പത്രാധിപരായി അദ്ദേഹം പ്രവര്‍ത്തിച്ചു. പരിണാമം (നോവല്‍), എം. പി നാരായണപിള്ളയുടെ കഥകള്‍, 56 സത്രഗലി (കഥാസമാഹാരം), മൂന്നാം കണ്ണ്, കാഴ്ചകള്‍ ശബ്ദങ്ങള്‍ (ലേഖന സമാഹാരം) എന്നിവയാണ് കൃതികള്‍.