ഗണിതശാസ്ത്ര പുസ്തകങ്ങളുടെ രചനയിലൂടെ പ്രശസ്തനായ എഴുത്തുകാരൻ ആണു് പള്ളിയറ ശ്രീധരൻ. മിക്കവാറും ഗ്രന്ഥങ്ങൾ ഒക്കെ തന്നെ മലയാളത്തിലാണു് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഗണിതസംബന്ധിയായ നൂറോളം പുസ്തകങ്ങളുടെ കർത്താവാണു് അദ്ദേഹം. കണ്ണൂർ ജില്ലയിലെ എടയന്നൂരിൽ 1950 ജനുവരി 17 നു് ജനിച്ചു. മുട്ടന്നൂർ എൽ. പി, സ്കൂൾ, എടയന്നൂർ ഗവ. യു. പി. സ്കൂൾ, കൂടാളി ഹൈസ്കൂൾ എന്നിവിടങ്ങളിലും മട്ടന്നൂർ പഴശ്ശി രാജ എൻ. എസ്. എസ് കോളേജിലുമായി വിദ്യാഭ്യാസം. ഗണിതശാസ്ത്രത്തിൽ ബിരുദം. കോഴിക്കോട് ഗവ. ട്രെയിനിംഗ് കോളേജിൽ നിന്നും ബി, എഡ് ബിരുദം. 1972 മുതൽ കൂടാളി ഹൈസ്കൂളിലെ ഗണിതശാസ്ത്ര അദ്ധ്യാപകനായിരുന്നു. 1999ൽ സ്വയം വിരമിച്ചു പൂർണ്ണമായും ഗ്രന്ഥരചനയിൽ മുഴുകി.