1859 മെയ് 22ന് ബ്രിട്ടനിലെ എഡിന്‍ബറോയില്‍ ജനിച്ചു. സ്‌റ്റോണിഹേഴ്‌സ്‌റ്റിലും എഡിന്‍ബറോ സര്‍വകലാശാലയിലും പഠിച്ചു. മെഡിക്കല്‍ബിരുദം നേടിയശേഷം എട്ടു വര്‍ഷക്കാലം (1882-1890)പ്രാക്‌ടീസ് ചെയ്‌തു. ബഹുമുഖപ്രതിഭയുടെ ഉടമയായ ഡൊയല്‍ വിവിധ പ്രവര്‍ത്തനങ്ങളില്‍ പേരും പെരുമയും നേടി. ഡോക്‌ടറെന്ന നിലയ്‌ക്കു മാത്രമാണദ്ദേഹം പരാജയപ്പെട്ടത്. ‘ദ വൈറ്റ് കമ്പനി’ തൊട്ട് പല പ്രസിദ്ധ ചരിത്രനോവലുകളും ശ്രദ്ധേയങ്ങളായ ശാസ്‌ത്രനോവലുകളും രചിച്ചിട്ടുണ്ട്. എന്നാല്‍, അദ്ദേഹത്തെ വിശ്വവിഖ്യാതനാക്കിയത് 1887 തൊട്ട് രചിച്ച ഷെര്‍ലക് ഹോംസ് കഥകളാണ്. ‘ ഒന്നാം ലോക മഹായുദ്ധത്തിന്റെ ചരിത്രം’ (ആറു വാല്യം) അദ്ദേഹത്തിന്റെ പരിശ്രമശീലത്തിനു സാക്ഷ്യം വഹിക്കുന്നു. ഗ്രന്ഥകര്‍ത്താവ് എന്ന നിലയ്‌ക്കു മാത്രമല്ല കോനന്‍ ഡൊയല്‍ ശ്രദ്ധ പിടിച്ചുപറ്റുന്നത്. നേവിയുടെ ലൈഫ്‌ജാക്കറ്റ് അദ്ദേഹത്തിന്റെ കണ്ടുപിടിത്തങ്ങളിലൊന്നുമാത്രം. ഇംഗ്ലണ്ടിന്റെ ക്രിക്കറ്റ് ഫുട്‌ബോള്‍ ടീമുകളില്‍ പ്രമുഖാംഗമായിരുന്നു. 1911ല്‍ നടന്ന പ്രിന്‍സ് ഹെന്റി മോട്ടോര്‍ ഓട്ടമത്സരത്തില്‍ അദ്ദേഹം ബ്രിട്ടീഷ് ടീമിലുണ്ടായിരുന്നു; ഒന്നാംതരം ഗുസ്‌തിക്കാരനും ബില്ലിയാഡ്‌സ് കളിക്കാരനുമായിരുന്നു ഡൊയല്‍.1930 ജൂലൈ 7നു മരിച്ചു.