Book Name in English : Sadath Hasal Mandroyude Theragedutha Kathakal
അവിഭക്ത ഇന്ത്യയില്‍ ജനിച്ച് പാകിസ്ഥാനില്‍ മരണമടഞ്ഞ സാദത്ത് ഹസന്‍ മന്‍ടോ തന്റെ കഥകള്‍കൊണ്ട് അനുവാചകരെ ഞെട്ടിപ്പിച്ച എഴുത്തുകാരനാണ്. ഉറുദുവിലാണ് കഥകള്‍ പിറന്നുവീണത്. സമൂഹത്തിലെ അപ്രിയസത്യങ്ങള്‍ ഇത്ര സത്യസന്ധമായി വെട്ടിത്തുറന്നു പറഞ്ഞ മറ്റൊരു കഥാകാരന്‍ മന്‍ടോയുടെ സമകാലികനായി ഇന്ത്യയിലോ പാകിസ്ഥാനിലോ ഉണ്ടായിരുന്നില്ല. ഇന്ത്യാവിഭജനത്തെ അദ്ദേഹം എതിര്‍ത്തു. ചങ്കു പിളര്‍ക്കുന്ന അനുഭവങ്ങളാണ് വിഭജനം മന്‍ടോയ്ക്കു സമ്മാനിച്ചത്. മന്‍ടോയുടെ കഥകളില്‍ അശ്ലീലം ആരോപിച്ച് ബ്രിട്ടീഷ് ഇന്ത്യയില്‍ മൂന്നു പ്രാവശ്യവും സ്വാതന്ത്ര്യാനന്തരം പാകിസ്ഥാനില്‍ മൂന്നു പ്രാവശ്യവും വിചാരണയ്ക്കു വിധേയമാക്കി. മഹാനഗരമായ ബോംബെയിലെ ചേരികളില്‍ ജീവിച്ച് അവിടത്തെ കഥകള്‍ എഴുതിയാണ് അദ്ദേഹം കഥയുടെ കൊടുമുടികള്‍ കീഴടക്കിയത്. അരികുവല്ക്കരിക്കപ്പെട്ടവരുടെ കഥാകാരനാണ് മന്‍ടോ. മന്‍ടോ ഒരിക്കല്‍ എഴുതി:
’’പകല്‍ മുഴുവന്‍ ഗാര്‍ഹിക ജോലികളിലേര്‍പ്പെട്ട് രാത്രി സുഖനിദ്ര പൂകുന്ന കുടുംബിനിക്ക് എന്റെ നായികയാവാന്‍ കഴിയില്ല. രാത്രി ഉറക്കമിളയ്ക്കുകയും പകലുറക്കത്തില്‍ ഉമ്മറപ്പടിയില്‍ കാത്തു നില്ക്കുന്ന വാര്‍ദ്ധക്യത്തെ ദുഃസ്വപ്നം കണ്ട് ഞെട്ടിയുണരുകയും ചെയ്യുന്ന ഒരു തെരുവു വേശ്യക്ക് എന്റെ സര്‍ഗ്ഗശക്തിയെ തൊട്ടുണര്‍ത്താനാവും. ആ കണ്‍പോളകളിലുറഞ്ഞുപോയ അനേകം രാത്രികളിലെ ഉറക്കവും അവളുടെ മുന്‍കോപവും വായില്‍ നിന്നു പുറപ്പെടുന്ന ഭര്‍ത്സനങ്ങളും ഒരു എഴുത്തുകാരന്‍ എന്ന നിലയില്‍ എന്നെ ആകര്‍ഷിക്കണം.’’
ഇതിനെ മന്‍ടോ കഥകളുടെ മാനിഫെസ്റ്റോ ആയി നമുക്ക് കണക്കാക്കാം. പഞ്ചാബിലെ ലുധിയാന ജില്ലയിലായിരുന്നു സാദത്ത് ഹസന്‍ ജനിച്ചത്. കാശ്മീരില്‍ വേരുകളുള്ള മുസ്ലീം കുടുംബമായിരുന്നു പിതാവിന്റേത്. ബോംബെയിലെ വാസക്കാലത്ത് മാസികകളില്‍ എഴുതാന്‍ തുടങ്ങി. അക്കാലത്തെ പ്രമുഖ പുരോഗമന എഴുത്തുകാരിയായ ഇസ്മത് ചുഗ്തായ്, ഗായികയായ നൂര്‍ജഹാന്‍, നടന്‍ അശോക്കുമാര്‍ എന്നിവരുടെ ഉറ്റ ചങ്ങാതിയായി. അഭിപ്രായവ്യത്യാസങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് പുരോഗമനപക്ഷത്തു നിലകൊണ്ടു. വിഭജനാനന്തരം ഇന്ത്യയില്‍ ജീവിക്കാനാണ് ഹസന്‍ സാദത്ത് ആഗ്രഹിച്ചത്. എന്നാല്‍ 1948 ല്‍ സ്വബന്ധുക്കളെ അന്വേഷിച്ച് ലാഹോറിലേക്കുപോയ ഭാര്യയ്ക്കും മക്കള്‍ക്കും മടങ്ങി വരാനായില്ല. അങ്ങനെ അദ്ദേഹവും പാകിസ്ഥാനിലേക്കു പോയി.
അവിഭക്ത ഇന്ത്യയുടെ ഈ മഹാനായ പുത്രന്‍ ഇന്ത്യയുടെയോ പാകിസ്ഥാന്റെയോ മാത്രം സ്വന്തമല്ല. വിശ്വമാനവികതയിലേക്ക് മഹത്തായ സംഭാവന നല്കിയ വിശ്വപൗരനാണ്. മന്‍ടോയുടെ കഥകള്‍ ഉറുദുവില്‍ നിന്ന് നേരിട്ട് പരിഭാഷപ്പെടുത്തിയ അന്‍സര്‍ അലിക്കും അഭിമുഖം നല്കി ഈ പുസ്തകത്തെ സമ്പന്നമാക്കിയ ഗുല്‍സാറിനും ഞങ്ങളുടെ കൃതജ്ഞത ഇവിടെ കുറിക്കുന്നു. മന്‍ടോയുടെ കഥാലോകത്തിലേക്കുള്ള ഒരു വാതായനം തുറന്നു വയ്ക്കുന്നു.Write a review on this book!. Write Your Review about സാദത്ത് ഹസന്‍ മന്‍ടോയുടെ തെരഞ്ഞെടുത്ത കഥകള്‍ Other InformationThis book has been viewed by users 928 times