മലയാളത്തിലെ പ്രശസ്തനായ നോവലിസ്റ്റായിരുന്നു കോവിലന്‍ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്ന കണ്ടാണിശ്ശേരി വട്ടോമ്പറമ്പില്‍ വേലപ്പന്‍ അയ്യപ്പന്‍ (1923 ജൂലൈ 9 - 2010 ജൂണ്‍ 2), . 2006-ല്‍ കേരള സര്‍ക്കാറിന്റെ പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛന്‍ പുരസ്കാരം മലയാള സാഹിത്യത്തിനുള്ള സമഗ്ര സംഭാവനകളെ പ്രമാണിച്ച് അദ്ദേഹത്തിനു ലഭിച്ചു. കേരളത്തിലെ തൃശ്ശൂര്‍ ജില്ലയിലുള്ള ഗുരുവായൂരിനു അടുത്ത് കണ്ടാണിശ്ശേരിയിലാണ് 1923 ജൂലൈ 9-നു (മലയാള വര്‍ഷം 1098 മിഥുനം 25) കോവിലന്‍ ജനിച്ചത്. കണ്ടാണിശ്ശേരി എക്സെല്‍സിയര്‍ സ്കൂളിലും, നെന്മിനി ഹയര്‍ എലമെന്ററി സ്കൂളിലും പാവറട്ടി സാഹിത്യ ദീപിക സംസ്കൃത കോളജിലും പഠിച്ചു. 1943 - 46 ല്‍, റോയല്‍ ഇന്ത്യന്‍ നേവിയിലും, 1948 - 68ല്‍ കോര്‍ ഒഫ് സിഗ്നല്‍സിലും പ്രവര്‍ത്തിച്ചു.കഥകളുടെ യാഥാര്‍ത്ഥ്യവും ശക്തമായ കഥാപാത്രാവിഷ്കാരവും തുളച്ചുകയറുന്ന ഭാഷയും കോവിലന്റെ കഥകളെ വ്യത്യസ്തമാക്കുന്നു. പട്ടാളക്കാരനായിരുന്ന കാലം വളരെ മിഴിവോടെ കൃതികളില്‍ ആവിഷ്കരിച്ചു.അവയെല്ലാം തന്നെ അവിസ്മരണീയങ്ങളായി. പല പതിറ്റാണ്ടുകളായി മലയാള സാഹിത്യ, സാംസ്കാരിക മണ്ഡലങ്ങളിലെ ശക്തമായ സാന്നിദ്ധ്യമായിരുന്നു കോവിലന്‍.2010 ജൂണ്‍ 2-ന് വാര്‍ദ്ധക്യസഹജമായ അസുഖം മൂലം 87-ആം വയസ്സില്‍ കുന്ദംകുളത്തു വെച്ച് കോവിലന്‍ മരണമടഞ്ഞു