ലവ് 24X7

എങ്ങനെയാണ് നിങ്ങൾ സിനിമയിലേക്ക് കടന്നു വന്നത് ?
ആര് ഇന്റർവ്യു ചെയ്യാൻ വന്നാലും മിക്കവാറും ചോദിക്കുന്ന ഒരു ചോദ്യമാണിത്. പലപ്പോഴും ആലോചിച്ചിട്ടുണ്ട്. സിനിമ എന്നിലേക്കാണോ ഞാൻ സിനിമയിലേക്കാണോ വന്നത് എന്നൊരിക്കലും ഉത്തരം കിട്ടില്ല. സിനിമയുമായി യാതൊരു ബന്ധവുമില്ലാത്ത കുടുംബം. തിയേറ്ററിൽ പോയി സിനിമ കാണുന്ന പതിവില്ല.

പഠിക്കുന്ന കാലത്ത് ടി വിയിൽ കൂടുതൽ നേരം സിനിമ കണ്ടാൽ ടി വി ഓഫാക്കുകയോ അടിച്ച് പുറം പൊളിക്കുമെന്ന് ഭീഷണിപ്പെടുത്തുകയോ സർവ്വസാധാരണം. അങ്ങനെയുള്ള വീട്ടിലെ എനിക്ക് 16-17 വയസ്സിൽ ഒരു വെളിപാട്. സിനിമ സംവിധാനം ചെയ്യണം;അഭിനയമല്ല സംവിധാനം. പരിചയമുള്ള ഒരാൾ പോലുമില്ല സിനിമയിൽ. ഞാൻ ആകാശത്തേക്ക് നോക്കി മനസ്സിൽ പറഞ്ഞു: ’എന്റെ പാതി ഞാൻ ചെയ്യും. നിന്റെ പാതി ചെയ്തില്ലെങ്കിലുണ്ടല്ലോ എന്റെ വിധം മാറും. എന്റെ സ്വഭാവം മാറിയാല് എന്ത് ചെയ്യുമെന്ന് എനിക്ക് തന്നെ അറിഞ്ഞു കൂടാ.’ എന്തായാലും അത് ഏറ്റു. പേടിച്ചിട്ടാണോ എന്ന് അറിഞ്ഞു കൂടാ. കുറച്ച് കൊല്ലം കഴിഞ്ഞപ്പോള് എന്നെ സിനിമയിലെടുത്തു. അസിസ്റ്റന്റ് ഡയറക്ടറായിട്ട് പിന്നെ ഞാൻ സിനിമയോടായി ഡയലോഗ്. ദൈവം എന്ന് പറഞ്ഞാ എങ്ങനെയിരിക്കും, ആണോ പെണ്ണോ എന്നൊന്നും അറിഞ്ഞൂകൂടാത്തതു പോലെ സിനിമ ആരാ എന്താ എന്നൊന്നും അറിഞ്ഞുകൂടാ. എങ്കിലും വർത്തമാനം പറയും. ലേഡി സിനിമ എന്നാണ് ഞാൻ ഇട്ട പേര്. ഒരു മാതിരിപ്പെട്ട പഴയ കാലത്തെ ഭാര്യമാർ ഭർത്താക്കന്മാരെ സംബോധന ചെയ്യും പോലെ ’ദേ കേട്ടോ ഇങ്ങോട്ട് നോക്കിക്കേ; എന്നൊക്കെയാണ് സംബോധന.

ദേ നാളെ പുതിയ പടത്തില് അസിസ്റ്റ് ചെയ്യാൻ പോവുകയാണ്. എല്ലാം ഓകെ ആക്കിയേക്കണം. എഡിറ്റിങ്ങ് തുടങ്ങുകയാണ്. എനിക്ക് പറ്റിയ കണ്ടിന്യുറ്റി മിസ്റ്റേക്കുകൾ ആരുടേയും കണ്ണിൽ പെടാതെ രക്ഷിച്ചേക്കണേ. കേള്ക്കുുന്നുണ്ടോ വല്ലതും.അങ്ങനെ ലേഡി സിനിമയും ഞാനും എപ്പൊഴോ ബഡാ ദോസ്തുക്കളായി. ഞാൻ പറയാറുള്ള ഒരു വിധം കാര്യങ്ങളൊക്കെ കേൾക്കുന്നുണ്ട് ലേഡി എന്ന് എനിക്ക് ഒരു വിശ്വാസം. അങ്ങനെ ദോസ്തുക്കൾ തമ്മിൽ ഒരു പ്രശ്നവുമില്ലാതെ കാര്യങ്ങൾ നടന്നു പോകയായിരുന്നു ഒരു മൂന്ന് കൊല്ലം മുമ്പ് വരെ. വർഷങ്ങളായി അങ്ങോട്ട് മാത്രം ഡയലോഗടിക്കുന്ന എന്നോട് സിനിമ ഇങ്ങോട്ട് ഒരു ചോദ്യം: ’ദേ ഇങ്ങനെ നടന്നാ മതിയോ. നമുക്ക് സ്വന്തമായി ഒരു പടം പിടിക്കണ്ടേ? ഞാനും, നാട്ടുകാരും എന്നോട് കുറേ നാളായി ചോദിക്കുന്ന ചോദ്യമായിരുന്നു അത്. പിന്നേ വേണം. എന്നാ പോയി അതിന് വേണ്ടുന്ന പണികൾ ചെയ്യ് എന്ന് ലേഡി. അത് കേട്ട ഉഷാറിൽ ഞാൻ പോയി ജോലികൾ തുടങ്ങി. തുടങ്ങിയതേ ഓർമ്മയുള്ളൂ. തടസ്സങ്ങളുടെ പെരുമഴ. ’ലേഡി’ ഞാൻ വിളിച്ചു. ആരും വിളി കേട്ടില്ല. ’സിനിമാ ലേഡീ..’ നീട്ടി വിളിച്ചു. ദോസ്ത് വിളി കേൾക്കുന്നില്ല. ഞാൻ അന്ത്യശാസനം മുഴക്കി. ’നിനക്ക് എന്നെ വേണ്ടെങ്കില് എനിക്ക് നിന്നെയും വേണ്ട. ഞാൻ പോണേണ്’. മലയാള സിനിമ ഇപ്പൊ കൊച്ചിയിൽ സംഭവിക്കുന്ന സംഗതിയായത് കൊണ്ട് കൊച്ചി ഭാഷയിലാണ് അലക്കിയത്. എന്നിട്ടും നോ റിപ്ലേ ഫ്രം ലേഡി. പോണേല് പോ എന്നൊരു മട്ട് “ഞാൻ ശരിക്കും പോവൂ ട്ടോ കുട്ടി വള്ളുവനാടൻ ഭാഷയിൽ ഞാൻ ഭീഷണി ഒന്നു കൂടി കടുപ്പിച്ചു.’പോയാപ്പിന്നെ പത്ത് കൊല്ലമായുള്ള നമ്മുടെ ബന്ധം അവസാനിക്കും’. അതിനും പുല്ലു വില. എന്റെയല്ലേ ആവശ്യം. ഞാൻ ടോണ് മാറ്റി. ’പ്ലീസ് ലേഡി. രക്ഷിക്കണം. കുറേക്കാലം ഇവിടെ അസിസ്റ്റന്റ് ഒക്കെ ആയി നിങ്ങളെ ചുറ്റി പറ്റി നിന്നതല്ലേ. ഒന്ന് സ്വതന്ത്ര സംവിധായികയാക്കി താ’. ആരു കേള്ക്കുന്നു. അവസാനം സിനിമ എന്റെ ദോസ്ത് ഭാവനയുടെ ഓവർ വർക്ക് മാത്രമാണെന്നും ലോകത്തിൽ ആരേയും സ്നേഹിച്ചിട്ട് കാര്യമില്ല, വെറും ടൈം വേസ്റ്റാണെന്ന് പഴി പറഞ്ഞ് നിൽക്കുമ്പോഴാണ് എന്റെ മുമ്പിൽ ലേഡി ഒരു ഫ്ളാഷ് ബാക്കിന്റെ രൂപത്തിൽ അവതരിക്കുന്നത്.

തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ നിൽക്കുന്ന മാവേലി എക്സ്പ്രസ്സ് ഞങ്ങൾഞാനും, ഭർത്താവ് ജിമ്മി ജയിംസും,സുഹൃത്ത് രാജേഷും-ഓടി പാഞ്ഞ് സ്റ്റേഷനിൽ എത്തുന്നു. ജിമ്മിയുടെ ഭാഷയിൽ ഞാനും, രാജേഷും കാലിൽ ചക്രം ഘടിപ്പിച്ചവരാണ്. പിന്നെ നിവൃത്തികേടിന്റെ പുറത്ത് ഒരിടത്ത് അടങ്ങി ഇരിക്കുന്നു എന്നേയുള്ളൂ. അല്ലെങ്കിൽ സദാ ചലിച്ചു കൊണ്ടേയിരിക്കും. പുച്ഛം അതിന്റെ ഉച്ചസ്ഥായിൽ എത്തുമ്പോൾ എന്നെ മാർകോ പോളോ എന്നും , രാജേഷിനെ ഇബന് ബത്തൂത്ത എന്നും വിളിക്കും. മാർകോ പോളോയും ഇബൻ ബത്തൂത്തയും യാത്രാ കുതുഹിയല്ലാത്ത ജിമ്മിയെ പൊക്കി എടുത്ത് കൂർഗ്ഗ് സന്ദർശിക്കാൻ പോവുകയാണ്.

വണ്ടിയിൽ കയറിപ്പറ്റിയപ്പോൾ ഞങ്ങളുടെ നേരെ മുന്നിലുള്ള സീറ്റിൽ ജനലിനരികെ ഒരു കുട്ടി ബ്രോ ഇരിപ്പുണ്ട്. കണ്ണട വച്ച ഒരു എൽ കെ ജിക്കാരൻ. കക്ഷി സീരിയസ്സ് ഗേഡി. കൈയ്യിൽ ഒരു ടെഡ്ഡി ബെയറുണ്ട്. അതിനോടാണ് ബ്രോവിന്റെ സംസാരം മുഴുവൻ. എന്റെ സിനിമ ലേഡിയോടുള്ള സംസാരം പോലെ. ബാക്കിയാരേയും ഒരു മൈന്റുമില്ല. ഇതെല്ലാം ഞങ്ങൾ നോക്കി രസിക്കുന്നത് കണ്ട് എന്റെ അരികിലിരുന്നു അവന്റെ അമ്മ പറഞ്ഞു:’എത്ര കളിപ്പാട്ടമുണ്ടെങ്കിലും ഇത് വച്ച് മാത്രമാണ് കളി. ഉണ്ണുമ്പൊ ഇതിനെ ഊട്ടും, ഉറങ്ങുമ്പൊ കൂടെ കിടത്തും, സ്ക്കൂളിൽ പോകുമ്പൊ മാത്രമേ പിരിഞ്ഞിരിക്കൂ. അങ്ങോട്ട് കൊണ്ടു പോയാ മറ്റ് കുട്ടികൾ കളിക്കാൻ ചോദിക്കുമോ എന്ന് പേടിച്ചിട്ടാണ് അല്ലെങ്കിൽ അങ്ങോട്ടും കൊണ്ടു പോയേനേ.’
കോഴിക്കോട് ജോലി ചെയ്യുന്ന അച്ഛനെ കാണാൻ പോവുകയാണ് അമ്മയും,മകനും.
ഏത് സ്ക്കൂളിലാ പഠിക്കുന്നത്?
സ്ക്കൂളിന്റെ പേര് പറഞ്ഞപ്പോഴും ബ്രോ ഒരു ചിരി സമ്മാനിച്ചില്ല. നോ സച്ച് ബാഡ് ഹാബിറ്റ്സ്.
കോഴിക്കോട് വണ്ടി വളരെ നേരത്തെ എത്തുന്നത് കൊണ്ട് രാത്രി തന്നെ അവരോട് ബൈയും പറഞ്ഞ് കിടന്നുറങ്ങി.

രാവിലെ ഏതോ സ്റ്റേഷനിലെ കാപ്പി ചായ വിളികളാണ് ഉണർത്തിയത്. നോക്കിയപ്പോൾ അമ്മയുടേയും, കൊച്ച് ബ്രോയുടേയും ബർത്തുകൾ കാലി. സൈഡ് ടേബിളിൽ നമ്മുടെ ടെഡ്ഡിക്കുട്ടന് മാത്രം ഇരിക്കുന്നു. എനിക്ക് വേവലാതിയായി. ഒരു കാരണവശാലും കൊച്ചു ബ്രോ അവനെ എടുക്കാതെ പോവില്ല. ഇനി ആരെങ്കിലും അവരെ തട്ടി കൊണ്ടു പോയതായിരിക്കുമോ? മയക്കാനുള്ള മരുന്നു കൊടുത്തിട്ട്? ഞങ്ങൾ മൂന്നു പേരും മണ്ട പുകച്ചു. ഞങ്ങൾക്ക് ഇറങ്ങാനുള്ള സ്റ്റേഷൻ അടുത്തു വരുന്നു. ടെഡ്ഡിക്കുട്ടനെ എന്ത് ചെയ്യും? എടുക്കണോ? ഇനി അവരെ തട്ടികൊണ്ടു പോയതാണെങ്കിൽ? ആകെ കണ്ഫ്യൂഷൻ.
’അതൊന്നും ആയിരിക്കില്ല.’ രാജേഷ് ഞങ്ങളുടെ ഡിറ്റക് റ്റീവ് ചിന്തകൾക്ക് തടസ്സമിട്ടുകൊണ്ട് പറഞ്ഞു.’അവന്റെ സ്കുളും ക്ലാസ്സും ഓർമ്മയുണ്ടല്ലോ. അവിടെ പഠിപ്പിക്കുന്ന ഒരു അദ്ധ്യാപകൻ എന്റെ റിലേറ്റീവാണ്. ഇത്രയും ചെറിയ ക്ലാസ്സിൽ കണ്ണട ഉള്ള കുട്ടികൾ അപൂർവ്വമായിരിക്കും. അത് വച്ച് തപ്പി എടുക്കാം.’
നമുക്ക് ഇറങ്ങാനുള്ള സ്റ്റേഷൻ അടുക്കവേ, ഇറങ്ങുമ്പോൾ ആര് എടുക്കും ടെഡ്ഡിയെ എന്നായി അടുത്ത പ്രശ്നം. രണ്ട് ആണുങ്ങളും കൂടി എന്നെ നോക്കി. ഇത് എന്റെ ജോലിയല്ലേ എന്നമട്ടില്. ഇതിനിടയിൽ ടെഡ്ഡിക്കുട്ടനെ ബാഗിൽ കുത്തി തിരുകാനുള്ള ഒരു വിഫല ശ്രമം നടത്തി ഞങ്ങൾ പരാജയപ്പെട്ടു. അങ്ങനെ കണ്ണൂർ സ്റ്റേഷനിൽ ടെഡ്ഡിയേന്തിയ വനിതയായി ഞാൻ ഇറങ്ങുന്നു. പലരും ആരാണ് ഇനിയും കുട്ടിത്തം മാറാത്ത ഇവൾ എന്ന് എന്നെ തുറിച്ചു നോക്കുന്നു. ഞാൻ ചമ്മലും കൂസലില്ലായ്മയും അഭിനയിക്കുന്നു.
കൊച്ചു ബ്രോ, ഇത് ഒന്നര പണിയായി പോയി . ഞാൻ മനസ്സിൽ പറഞ്ഞു റെന്റ് എ കാറിന്റെ ഇടത് വശത്ത് അവനെ സുരക്ഷിതമായി നിക്ഷേപിച്ച് ഞങ്ങൾ യാത്ര തുടങ്ങി. ബേക്കൽ കോട്ട, തലൈ കാവേരി, മടിക്കേരി, തിബറ്റൻ സെറ്റിൽമെന്റ് എല്ലാം ഭേഷായി കണ്ടു ഞങ്ങളുടെ കൂടെ ടെഡ്ഡിക്കുട്ടന്. കൊച്ചു ബ്രോ ചെയ്യു പോലെ സമയാസമയങ്ങളിൽ ഊട്ടാൻ ശ്രമിച്ചെങ്കിലും അമ്പിനും വില്ലിനും അടുത്തില്ല മിസ്റ്റർ ടെഡ്ഡി. യാത്രക്കൊടുവിൽ ടെഡ്ഡിയേയും കൊണ്ട് രാജേഷ് തിരുവനന്തപുരത്തെ പേട്ട സ്റ്റേഷനിൽ ഇറങ്ങി പോയപ്പൊ എനിക്ക് വല്ലാത്ത വിഷമം.

പിന്നീടുള്ള ദിവസങ്ങളിൽ ടെഡ്ഡി കൊച്ചു ബ്രോ പുനസമാഗമത്തിന്റെ ഡീറ്റെയിൽസിനായി ഞാൻ കാത്തിരുന്നു. പത്ത് ദിവസം കഴിഞ്ഞപ്പോള് രാജേഷ് വിളിച്ച് ടെഡ്ഡി കൊച്ചു ബ്രോവിന്റെ കൈയ്യിൽ എത്തി എന്നറിയിച്ചു. മറ്റ് ഡീറ്റെയിൽസൊന്നും അറിയാൻ കഴിഞ്ഞില്ല.ഒരു മാതിരി പൊട്ടാതെ പോയ മാലപ്പടക്കം പോലെ ഒരു ഉശിരൻ ക്ലൈമാക്സില്ലാതെ ആ കഥ അവസാനിച്ചു.
ഒരു വർഷത്തിന് ശേഷം ഞാൻ തമ്പാനൂർ ബസ്സ് സ്റ്റാന്റിൽ നിൽക്കുന്നു. ആറ്റിങ്ങലിലേക്ക് പോകാനായി.മുന്നില് മൂന്ന് നാല് ബസ്സുകൾ. അതിലൊന്നില് കയറാൻ തുടങ്ങിയപ്പൊ ദാ വരുന്നു ഒരു സുന്ദരി എ സി ലോ ഫ്ളോർ. ഞാൻ അതിൽ ചാടി കയറി ഇരുന്നു ഇരുന്നില്ല എന്നമട്ടില് ആയപ്പോൾ ഒരു സ്ത്രീ പേരു വിളിച്ചു കൊണ്ടു ഓടി വരുന്നു. അവരെ ഓർമ്മ കിട്ടാതെ ഞാൻ തിങ്കി നോക്കുന്നു. അവര് പരിചയപ്പെടുത്തിയപ്പോൾ ഞാൻ ആ എന്ന് ഉറക്കെ ശബ്ദിച്ചു പോയി. കൊച്ചു ബ്രോയുടെ മദർ. ബാക്കി ഉപചാരങ്ങളെന്നും പൂർത്തിയാക്കാൻ സമ്മതിക്കാതെ ഞാൻ ചോദിച്ചു.
’അന്ന് എന്താ സംഭവിച്ചത്?’
’അലാറം അടിച്ചത് അറിഞ്ഞില്ല. കണ്ണ് തുറക്കുമ്പോൾ വണ്ടി കോഴിക്കോട് സ്റ്റേഷനിൽ നിൽക്കുന്നു. ഞങ്ങൾ ഇറങ്ങിയതും വണ്ടി വിട്ടതും ഒരുമിച്ച്. കുറച്ച് കഴിഞ്ഞപ്പോഴാണ് മോന് മനസ്സിലായത് ടെഡ്ഡി വണ്ടിയിലായി പോയെന്ന് പിന്നെ കരച്ചിലായി. ബഹളമായി. അവനെ സമാധാനിപ്പിക്കാൻ കോഴിക്കോട് മുഴുവൻ അത് പോലത്തെ ടെഡ്ഡിയെ അന്വേഷിച്ച് നടന്നു. ഒരെണ്ണം ഒപ്പിച്ചെങ്കിലും മോൻ അതുമായി അടുക്കൂല. പഴയതിനെ തന്നെ വേണം എന്ന് വാശി. തിരിച്ച് വന്ന് നിങ്ങളെ കോടാക്റ്റ് ചെയ്യാൻ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നെ പയ്യെ പയ്യെ അവൻ അതിനെക്കുറിച്ച് ചോദിക്കാതെയായി. രണ്ടാഴ്ച കഴിഞ്ഞ് ഒരു ദിവസം വീട്ടിലെത്തിയ അവൻ വളരെ എക്സൈറ്റടായി എന്നെ ഓഫീസിലേക്ക് വിളിക്കുന്നു. ക്ലാസ്സിൽ ഒരു ടീച്ചർ വന്നു. കണ്ണട വച്ച കുട്ടിയെ അന്വേഷിച്ചു. ടെഡ്ഡിയെ കാണിച്ച് എന്റെയാണോന്ന് ചോദിച്ചു. കുട്ടികളൊക്കെ ചുറ്റും കൂടി. ടെഡ്ഡിയെ തൊടാൻ ഞാൻ സമ്മതിച്ചില്ല എന്നൊക്കെ പറഞ്ഞു. അവന്റെ ഉണ്ടാക്കി കഥയായിരിക്കും എന്നു കരുതി വീട്ടിൽ എത്തിയപ്പൊ ദാ അവിടെ അവന്റെ അരികത്ത് ഇരിപ്പുണ്ടായിരുന്നു ടെഡ്ഡി.’
എന്നോട് ഒരു പാട് നന്ദി പറഞ്ഞ് സ്റ്റാച്യു ജങ്ഷനിൽ അവർ ഇറങ്ങിപ്പോയി.
ആത്മാർത്ഥമായ സ്നേഹം ജീവനില്ലാത്ത ഒരു കരടിക്കുട്ടിയോടായാൽ പോലും അത് നമ്മെ തേടി തിരികെ വരും. അല്ലേ?
ഫ്ളാഷ് ബാക്കിൽ നിന്നും തിരിച്ചു വന്ന എന്നെ നോക്കി ലേഡി സിനിമ പറഞ്ഞു.
’നിനക്ക് എന്നോട് സ്നേഹമില്ലെന്ന് ഞാൻ ചുമ്മാ പറഞ്ഞതല്ലേ? അതിത്ര കാര്യമാക്കിയാലോ?’ ഞാൻ ലേഡിയെ തൊടാൻ കൈ നീട്ടി. ലേഡി കുതറി മാറി. പിന്നെ നോക്കിയപ്പോള് കാണാനില്ല. ലേഡി പിണങ്ങിയ സ്ഥിതിക്ക് ഇനിയും നടക്കില്ല എന്ന് കരച്ചിലും പിഴിച്ചലുമായി വീണ്ടും ഒന്ന് രണ്ട് മാസം കഴിച്ചു കൂട്ടി ഒരു ദിവസം എവിടെ നിന്ന് അറിയില്ല ലേഡി വീണ്ടും പ്രത്യക്ഷപ്പെട്ടു എന്റെ കൈ പിടിച്ചു. കാർമേഘങ്ങൾ നീങ്ങി ആകാശം തെളിഞ്ഞു. ലവ് 24X7 നിമയായി തിയേറ്ററുകളിൽ എത്തി. പതിനേഴ് വയസ്സിൽ ഉള്ളിൽ ഉദിച്ച ഒരു ആഗ്രഹം സഫലമായി. ഇപ്പോഴും ലേഡി സിനിമയുടേയും എന്റേയും സംഭാഷണങ്ങൾ തുടര്ന്നു കൊണ്ടേയിരിക്കുന്നു. ഒരു സ്നേഹവും ഒരിക്കലും പാഴായി പോകുന്നില്ല.