വിശുദ്ധൻമാരെ ആർക്ക് വേണം...?

( സദസ്സ് സാഹിത്യവേദി തൃശൂരില് സംഘടിപ്പിച്ച കാരൂര് അനുസ്മരണ പ്രഭാഷണം)

സെല്ഫികാലം എന്നാല്, എന്നെയാണ് എനിക്കിഷ്ടം എന്ന് പറയുന്ന ഒരാളെ, നിന്നെയാണ് എനിക്കിഷ്ടം എന്ന് പറയുന്ന ആളെ അവഗണിച്ച് സ്വീകരിക്കുന്ന കാലം...കാരൂര് അനുസ്മരണ പ്രഭാഷണത്തിന് ഇങ്ങനെയൊരു ശീര്ഷകം ഉചിതമാണോ എന്ന ചോദ്യം ഒരുപക്ഷേ നിങ്ങളില് ഉണ്ടാകാം. ആദിയില് പാപം ഉണ്ടായി. ഞാനിപ്പോള് പി.എഫ്. മാത്യൂസിന്റെ രചനകളെക്കുറിച്ചാണ് പറയുന്നതെങ്കില്, 'ചാവുനില'ത്തെക്കുറിച്ചാണ് പറയാന് പോകുന്നത് എങ്കില് വളരെ യോജിച്ച ശീര്ഷകമാണത്. കാരണം പാപബോധവുമായി വലിയ സംഘര്ഷത്തിലേര്പ്പെട്ടിരിക്കുന്ന കഥാപാത്രങ്ങളാണ് പി.എഫ്. മാത്യൂസിന്റെ എല്ലാ രചനകളിലും ഉള്ളത്. തിന്മയോടുള്ള ആകര്ഷണം പൊറുക്കവയ്യാത്ത പാവം മനുഷ്യരുടെ കഥകളാണ് അദ്ദേഹം പറയുന്നത്. അതുകൊണ്ട് ഒരുപക്ഷേ പി.എഫ്.മാത്യൂസിനും ബാധകമാവട്ടെ എന്നു കരുതിയിട്ടാണ് ഞാന് ഈ ശീര്ഷകം തെരഞ്ഞെടുത്തിരിക്കുന്നത്. നിങ്ങള് വിചാരിക്കുന്നത് പോലെ ഒരു ശുദ്ധാത്മാവ് ഒന്നുമല്ല കാരൂര് നീലകണ്ഠപിള്ള എന്നതും അതിന്റെ കാരണമാണ്. 'ചെകുത്താനാണ്' കാരൂരിന്റെ എഴുതപ്പെട്ടതില് ഏറ്റവും ശക്തമായ രചനകളിലൊന്ന്.

അയല്പക്കത്തെ ഒരു വൃദ്ധ, നിര്ദ്ദന കുടുംബത്തിലെ പെണ്കുട്ടിയെയും അവളുടെ അമ്മയെ സ്വാധീനിച്ചും അവള്ക്ക് ഇക്കിളിയുണ്ടാക്കുന്ന കഥകള് പറഞ്ഞുകൊടുത്തും ക്രമേണ ഒരു വേശ്യയാക്കിയെടുക്കുന്ന കഥയാണ് കാരൂരിന്റെ ചെകുത്താന് എന്ന കഥ. കഥയില് ഇങ്ങനെ ചെയ്യുന്ന ആ വൃദ്ധയെക്കുറിച്ച് മോശമായ ഒരു വാക്ക് പോലും കാരൂര് അഭിപ്രായപ്പെട്ടിട്ടില്ല. വളരെ നിസംഗമായി ആ കഥ പറയുന്നു, മാത്രമല്ല കഥ അവസാനിക്കുന്നത് ആ സ്ത്രീയെ സംബന്ധിച്ചിടത്തോളം ശുഭം എന്ന് പറയാവുന്ന വിധത്തിലാണ്- ഈ പെണ്കുട്ടി വേശ്യയായി. അവള്ക്ക് വരുമാനം കിട്ടിത്തുടങ്ങിയതിന് ശേഷമാണ് കഥ അവസാനിക്കുന്നത് എന്നര്ത്ഥം. ഒരുപക്ഷേ, കാരൂരാണ് ഇത് എഴുതിയെന്ന് നിങ്ങള്ക്ക് വിശ്വസിക്കാനാവില്ല.

വായിച്ചാലും ഞാന് പറയുന്നതുപോലെ അല്ല കാര്യങ്ങള് എന്ന് നിങ്ങള്ക്ക് തോന്നിയേക്കാവുന്ന മറ്റൊരു കഥയാണ് ചുടലത്തെങ്ങ് എന്ന് പറയുന്ന കഥ. അതിവൃദ്ധയായ ഒരു സ്ത്രീ നന്നേ  ചെറിയ ഒരു ബാലനെ കരിമ്പടം പുതച്ച് മടിയിലിരുത്തി ഏതോ ഒരു രതിയില് നെടുനേരം മുഴുകിപ്പോകുന്നതിന്റെ ഭീകരം എന്ന് പറയാവുന്ന ഒരു കഥയാണ് കാരൂര് നീലകണ്ഠപിള്ളയുടെ ചുടലത്തെങ്ങ് എന്ന കഥ. ഊഹിക്കാനാവില്ല, ഇന്ന് പോലും എഴുതപ്പെടുമോ എന്ന് സംശയമുണ്ട്, വളരെ സൂചനകള് ഉപയോഗിച്ച് പറയപ്പെട്ട ഈ കഥ. ഈ കുട്ടിയെ അവര്ക്ക് ഇഷ്ടമാണ്. ആദ്യമൊക്കെ ചെറിയ പിണക്കത്തോടെ തുടങ്ങി വലിയ ഇണക്കത്തിലായി. അവരുടെ വീട്ടില് ദിവസവും വരും. അവരുടെ കൂടെ തന്നെയാണ്. ആദ്യമൊക്കെ കീര്ത്തനങ്ങള് പഠിപ്പിച്ച് കൊടുക്കുകയായിരുന്നു ചെയ്യുക. പിന്നീട് പക്ഷേ മാറി, ഗോപ സ്ത്രീകളുടെ കഥ വരെയായി. അങ്ങനെ ഒടുവിലാണ് അത്. കണ്ണുനീര് വീഴുന്നുണ്ട്. കാമം തന്നില് ഇപ്പൊഴും ഇരിക്കുന്നല്ലോ എന്നോര്ത്തിട്ട്. ഏതോ നിസ്സഹായത കൊണ്ട് പിടിച്ചുലക്കും, അതിലെ സൂചനകള് മുഴുവന് വായിക്കാന് നിങ്ങള്ക്ക് കഴിഞ്ഞാല്, ചുടലത്തെങ്ങ് എന്ന കഥ. തിന്മയുടെ ആകര്ഷണം എത്ര വലുത് എന്ന് തന്നെയാണ് കാരൂരിന്റെ കഥകള് പറയുന്നത്.

പൂവന്പഴത്തില് ഇതുപോലെ പാപത്തിനോടുള്ള ആകര്ഷണവും വികര്ഷണവും അതിസൂക്ഷ്മമായി പറഞ്ഞുവെച്ചിരിക്കുന്നു. അതുപോലെ ആശാരി പറമ്പത്ത് നളിനിയുടെ കഥ, മരപ്പാവകള് എന്ന ആ കഥയില് സെന്സസ് എടുക്കാന് വരുന്ന ഒരു മാഷും ശില്പ്പിയായ ഒരു സ്ത്രീയും തമ്മിലുള്ള, പല സമയത്തും എറോട്ടിക് എന്ന് പറയാവുന്ന ഇടത്തെത്തുന്ന ഇംഗ്ലീഷില് പറഞ്ഞാല് ഒരു ഫ്ളര്ട്ടിംഗ് ആണിത്. രണ്ട് കലാകാരന്മാര് നടത്തുന്ന ഈ ഫ്ളര്ട്ടിംഗ് കഴിഞ്ഞപ്പോള് ഉണ്ടാകുന്ന ഒരിളക്കം. ആസകലം ഇളകുകയാണ് ഈ കഥയില്, കഥയിലെ വാക്കുകള് ഈ കഥയിലെ ചിന്തകള് ഒക്കെ. അങ്ങനെ അവസാനം ആ വീട്ടില് ഇറങ്ങിപ്പോകുമ്പോള് വീണ ശബ്ദിക്കുന്നതുപോലെ അയാളുടെ മനസ് പാടുന്നു എന്ന് പറഞ്ഞിട്ടാണ് കാരൂര് നീലകണ്ഠപിള്ള ഈ കഥ അവസാനിപ്പിക്കുന്നത്. അതുകൊണ്ട് ഒരുപക്ഷേ മലയാളികള് കൂടുതല് കൂടുതല് മാലാഖകള് ആയി അഭിനയിച്ചുകൊണ്ടിരിക്കുന്ന കാലത്ത് എഴുത്തുകാരന് തന്നിലെ അവ്യക്തമായ എയ്ഞ്ചലിനെക്കുറിച്ചല്ലാ പറയേണ്ടത്. ഡെവിളിനെക്കുറിച്ചാണ്. അതാണ് പി.എഫ്. മാത്യൂസിന്റെ കഥയുടെ വ്യത്യാസം. ഈ ഡെവിള് ഇരിക്കുന്നു, കാരൂരില് എന്നാണ് ഞാന് പറഞ്ഞത്.

അടുത്ത ദിവസം ടി.പത്മനാഭന് അവാര്ഡ് കിട്ടി. അങ്ങനെ ടി.പത്മനാഭന് അവാര്ഡ് കിട്ടിക്കഴിഞ്ഞപ്പോള് പി.കെ.പാറക്കടവ്, ആരുടെ പേര് പറയുന്നതിനും നമുക്കെന്താ....പി.കെ. പാറക്കടവിന്റെ പരാമര്ശം കണ്ടു. അദ്ദേഹത്തിന്റെ ഓരോ കഥാപാത്രങ്ങളും നന്മകളുള്ളവരാണ്- കഷ്ടം തോന്നും. ഇത്രയും ആക്ഷേപകരമായി ഒരു എഴുത്തുകാരനെക്കുറിച്ച് ഇങ്ങനെ പറയാന് പാടില്ല. വൈക്കം മുഹമ്മദ് ബഷീര് ശബ്ദങ്ങളില് പറയുന്നുണ്ട്, മറ്റുള്ളവരുടെ മുമ്പില് നിങ്ങള് നല്ലവരായിരിക്കാം. നിങ്ങളുടെ മുമ്പിലോ? സ്വന്തം മുമ്പിലുള്ള ഈ തിന്മയെ ആവിഷ്കരിക്കുക തന്നെയാണ് എഴുത്തുകാരന്റെ കാര്യം. അയാളൊരു സാമൂഹ്യസേവകനൊന്നുമല്ല. പൊളിറ്റിക്സിന്റെ ഒരു ഉപവിഭാഗമല്ല സാഹിത്യം എന്ന് പറയുന്നത്.

പൊളിറ്റിക്സ് പരാജയപ്പെടുമ്പോള് തീര്ച്ചയായിട്ടും സാഹിത്യത്തില് അതിന്റെ ശബ്ദം കേള്ക്കും. വെള്ളപ്പൊക്കമുണ്ടാകുമ്പോള് സ്കൂളുകള് അഭയാര്ത്ഥി കേന്ദ്രങ്ങളായി തീരുന്നത് പോലെ. അല്ലാതെ സാഹിത്യം എന്ന് പറയുന്നത് മതം നിര്വചിക്കുന്ന, ചിലത് നിര്വഹിക്കുകയാണ് പ്രധാനമായും. എന്തുകൊണ്ടാണ് രാഷ്ട്രീയ പാര്ട്ടികള്ക്ക് മതത്തെ തടയാനാകാത്തത്? മാര്ക്സിസം പോലുള്ള വിവിധ ഐഡിയോളജികളും ജീവിതത്തിലെ പ്രശ്നങ്ങള്ക്ക് സൊല്യൂഷന് ഉള്ളതാണ് എന്ന് വിചാരിക്കുന്നു. പരിഹാരമുള്ളതാണ്. എന്നിട്ടും പരിഹരിക്കപ്പെടാതെ നാം ചൂഷണം ചെയ്യപ്പെടുന്നു, ദാരിദ്ര്യം അനുഭവിക്കുന്നു, ആകെ അസമത്വത്തില് നിറയുന്നു. ഇതാണ് രാഷ്ട്രീയം അഭിമുഖീകരിക്കുന്ന പ്രശ്നം. മതം അതല്ല, മരണം പോലെ അപരിഹാര്യമായ ഒരു പരിഹാരവുമില്ലാത്ത, ഏകാന്തതപോലെ അപരിഹാര്യമായ അത്തരം ചില കാര്യങ്ങളെ അഭിമുഖീകരിക്കാനുള്ള ശ്രമമുള്ളതുകൊണ്ട് ആളുകള് ഒളിച്ചായാലും കമ്മ്യൂണിസ്റ്റ് ആയാലും തലയില് മുണ്ടിട്ട് പള്ളിയിലേക്കോ ശബരിമല അയ്യപ്പനിലേക്കോ ഒക്കെ പോവുകയും അവരൊക്കെയും മതപരമായ ഐഡന്റിറ്റി സൂക്ഷിക്കുകയും ചെയ്യുന്നു. മതത്തെ എങ്ങനെ ആര്ക്ക് പകരം വെക്കാന് സാധിക്കും. എഴുത്തുകാരന്, അതെ അയാള്ക്ക് മരണത്തെ, അയാള് ഈ പാപത്തെ, അയാള് ഏകാന്തതയെ ആവിഷ്കരിച്ചുകൊണ്ട് മനുഷ്യന് മനുഷ്യന്റെ ആത്മാവിന് തുണയായി നില്ക്കുന്നു.

വാത്മീകി കള്ളനായിരുന്ന കാലത്ത്,പിടിച്ചുപറി നടത്തിയിരുന്ന കാലത്ത്, ഈ പാപമൊക്കെ ആര് അനുഭവിക്കുമെന്ന് ആ ഋഷിമാര് ചോദിച്ചപ്പോള് ഞാനെന്റെ ഭാര്യക്കും മക്കള്ക്കും വേണ്ടിയാണ് ചെയ്യുന്നത്. അവര് പങ്കുവെക്കുമെന്ന് പറഞ്ഞു, ചെന്ന് ചോദിച്ച് നോക്ക്?...ചെന്ന് ചോദിച്ച് നോക്കിയപ്പോള് ഞങ്ങളാരും വഹിക്കില്ല. മറ്റൊരാള്ക്കും വഹിക്കാനാകാത്ത ഈ പാപഭാരം അയാളെ പിന്നീട് എഴുത്തുകാരനാക്കി തീര്ത്തു. എല്ലാവരും മറ്റൊരാള്ക്കും വഹിക്കാനാകാത്ത പാപഭാരങ്ങള് ചുമന്ന് നടക്കുന്നു.അവര്ക്ക് വലിയ ആശ്വാസമായിരിക്കുന്നു.

ടി.പത്മനാഭന് എന്ന് പറഞ്ഞാല് ഉടനെ എം.ടി.വാസുദേവന് നായര് എന്ന് വരും. അവര് പരസ്പരവും വരും. നമ്മുടെ മനസിലും വരും. പക്ഷെ വ്യത്യാസമുണ്ട്. ടി.പത്മനാഭന് ഈ മാലാഖമാരുടെ മാത്രം കഥകളെഴുതി. പ്രകാശം പരത്തുന്ന പെണ്കുട്ടി അദ്ദേഹത്തിനോട് മമത കാണിക്കുമ്പോഴാണ് അദ്ദേഹത്തിന് ആത്മഹത്യക്ക് തടസമായി തീരുമ്പോഴാണ് അദ്ദേഹത്തിന് ശിരാഹ്നി ആയി തീരുന്നത്. അദ്ദേഹത്തിന്റെ എല്ലാ കഥകളും ആത്മാനുരാഗത്തിന്റെ കഥകളാണ്. ആ കഥകള് ഉപയോഗിച്ച് തന്റേടിയായ, സത്യസന്ധനായിട്ടുള്ള, തന്നെ പ്രശംസിക്കാനുള്ള ഉപായങ്ങളായി മാറ്റി പത്മനാഭന്. ഒരുപക്ഷേ 'മഖന്സിംഗിന്റെ മരണം' പോലെ, മരണം കഴിഞ്ഞിട്ടും ലേശം കൂടി ജീവിക്കുന്ന ചില കഥകള് ഒഴിച്ചാല്. ഈ ആത്മാനുരാഗത്തിന്റെ കഥകള്, ഇതൊരു വലിയ മനുഷ്യന് അത്ര സ്നേഹം, അത്ര കനിവ്, അത്ര കണ്ണീര് പൊടിയണു, അതാ....അങ്ങനെയുള്ള എന്തരോ മഹാനുഭാവലു ആയിട്ടുള്ള ഒരാള് ഇങ്ങനെ ചെയ്യുകയാണ്. നിരന്തരമായി ചെയ്തുകൊണ്ടിരിക്കുകയാണ്.

ഏറ്റവും പുതിയകാലം എന്ന് പറയുന്നത് സെല്ഫി കാലം അല്ലേ....എന്താണ് സെല്ഫി കാലം എന്ന് പറഞ്ഞാല്? എന്നെയാണ് എനിക്കിഷ്ടം എന്ന് പറയുന്ന ഒരാളെ, നിന്നെയാണ് എനിക്കിഷ്ടം എന്ന് പറയുന്ന ആളെ അവഗണിച്ച് സ്വീകരിക്കുന്ന കാലത്തിനാണ് സെല്ഫിക്കാലം എന്ന് പറയുന്നത്. എന്നെയാണ് എനിക്കിഷ്ടം എന്ന് പറയുന്ന ആളെയാണ് സകല വ്യാപാരശാലകളും അഭിസംബോധന ചെയ്യുന്നത്. അയാള്ക്കാണ് സുരക്ഷിതത്വം പൂര്ണമായി വാഗ്ദാനം ചെയ്യാവുന്നത്. അങ്ങനെ ചുരുങ്ങി, അവനവനായിപ്പോയ ഒരു കാലഘട്ടം ഇപ്പൊ വര്ധിച്ച രൂപത്തില് വരുന്നു. ഏതായാലും എന്തുകൊണ്ടോ വേണ്ടവിധത്തില് വിമര്ശിക്കപ്പെടാതെ പോയ ഒരു ആത്മാനുരാഗിയാണ് ടി.പത്മനാഭന്. പക്ഷേ എം.ടി വാസുദേവന് നായര് വലിയ വ്യത്യാസമുണ്ട്. വാസുദേവന് നായര് തന്നിലെ ഡെവിളിനെ കണ്ടിട്ടുണ്ട്. സിംഹം കിണറില് മറ്റൊരു സിംഹത്തെ കണ്ടതുപോലെ അസ്വസ്ഥനായിട്ടുമുണ്ട്.

'അവര്' എന്ന് പറയുന്ന ഒരു കഥയുണ്ട്. എം.ടിയുടെ അവര് എന്ന കഥയില് പറയുമ്പോലെ, അവര് രൂപപ്പെടുക 60ാം വയസിലാണ്. അതുവരെ നമ്മളും ഞങ്ങളുമൊക്കെയാണ്. അവര് എന്ന വാക്ക് രൂപപ്പെടുക, എല്ലാവരും അവരായി തീരും. ചെറുപ്പക്കാരത്തി അവരായി തീരും. വീട്ടുകാരത്തി അവരായി തീരും. അതുകൊണ്ടുതന്നെ 59ാമത്തെ വയസ്സില് ചിലര് ഒരു മൂന്നാല് കൊല്ലമെങ്കിലും ജീവിക്കും. എത്ര വയസായി എന്നു ചോദിച്ചാല് അന്പത്തൊമ്പതായി അന്നു പറയും. അറുപതായാല് കാലം മാറി. ഒരു ഏകാന്തതയുടെ കാലമാണ്. അങ്ങനെ അറുപത് വയസായ ഒരാള് കോഴിക്കോട് നഗരത്തില് തിരിച്ചു വരികയാണ്. അയാള് അവിടെ അതിപ്രശസ്തമായി യൗവന കാലത്ത് ജീവിച്ചിരുന്ന ഒരാളാണ്. കോഴിയുടെ തല അറക്കല് ഇപ്പോള് മനുഷ്യന്റെ തല അറുക്കുന്നതിന് പോലും പ്രശ്നമില്ല, അന്ന് അതിനെതിരെ നിന്നിരുന്ന ഒരാള്, എല്ലാത്തിന്റെയും കൂടെയും നിന്നിട്ടുള്ളയാള്, പക്ഷേ അയാള് ഇന്ന് വണ്ടിയിറങ്ങി വരുന്ന സമയത്ത് അയാള് പിന്നിലായിപ്പോകും. അയാളുടെ കൂടെയുള്ളവര്ക്കൊക്കെ മുറി കിട്ടി. അയാള് താഴെ ഒരു മുറിവേണമെന്നാണ് വിചാരിച്ചത്.മുകളിലൊരു മുറിയാണ് കിട്ടിയത്.

കുറേശെയായി ഹൃദ്രോഗത്തിന്റെ ബുദ്ധിമുട്ടുണ്ട്. അയാളോട് നടക്കാന് പറയുന്നുണ്ട് ദിവസവും.അങ്ങനെയുള്ള അയാള് മുറിയെടുത്തു. മുറിയെടുത്തപ്പോള് അടുത്ത മുറിയില് നിന്ന് ഷാംപെയിന് പൊട്ടിക്കുന്നുണ്ട്. മദ്യം പലതും കഴിക്കുന്നുണ്ട്. അതൊക്കെ സഹിച്ചു. രസമല്ലേ, കേരളത്തിലെ മനുഷ്യരുടെ കഷ്ടമാണത്. ഒരു മദ്യവും ആവശ്യമില്ലാത്ത കാലത്ത് നിറയെ മദ്യം ഉപയോഗിച്ചു, മദ്യം യഥാര്ത്ഥത്തില് ആവശ്യമായ കാലത്ത് ഒന്നും കഴിക്കാന് പറ്റാതായി തീരുന്ന ഒരു ജനത. അങ്ങനെ ഇതൊക്കെ അയാള് കൊതിയോടെ നോക്കിക്കൊണ്ടിരിക്കുന്നുണ്ട്. അക്കൂട്ടത്തിലാണ് അതിസുന്ദരനായ ഒരു ചെറുപ്പക്കാരന് ഒരു സ്യൂട്ട്കെയ്സുമായിട്ട് ഈ ലോഡ്ജ് മുറിയിലേക്ക് വരുന്നത് കാണുന്നത്. അയാള് അയാളെ ഇങ്ങനെ നോക്കിയിരിക്കുമ്പോള് അപ്പുറത്തെ മുറിയിലെ സ്ത്രീകള് വരുന്ന വഴിയില് കൂട്ടംകൂടിനിന്ന് വര്ത്തമാനം പറയുന്ന സ്ത്രീകള് ഇയാളെ ഇങ്ങനെ ആപാദചൂഢം നോക്കിക്കൊണ്ടിരിക്കുകയാണ്.

ഇയാള്ക്ക് അസ്വസ്ഥയാവുകയാണ്. എന്തൊരു മനുഷ്യരാണ് എന്ന് പറഞ്ഞ് അയാള് സ്വന്തം മുറിയില് പോയി വാതില് അടച്ചു. രാത്രി കുറച്ച് നേരം കഴിഞ്ഞപ്പോള്, ഈ യുവതി തൊട്ടുമുമ്പിലെ മുറിയിലാണ് എന്ന് ഈ കഥാപാത്രം മനസിലാക്കിയിട്ടുണ്ട്, ആ ചെറുപ്പക്കാരന്റെ വാതില് തുറക്കുന്ന ശബ്ദം കേള്ക്കുന്നു, അടയുന്ന ശബ്ദം കേള്ക്കുന്നു. അയാള് ഉറപ്പിച്ചു. ആ പെണ്കുട്ടി അല്ലെങ്കില് ആ സ്ത്രീ ഈ മുറിയിലേക്ക് വന്നു എന്ന്. ആ മുറിയില് നിന്ന് കുറച്ച് കഴിഞ്ഞപ്പോള് കട്ടില് കരയുന്നതിന്റെയും ഒക്കെ ശബ്ദങ്ങള്, എന്താക്കെയോ എടുത്തുമാറ്റുന്നു. എന്തൊരു ലജ്ജയില്ലാത്ത മനുഷ്യര് എന്ന് അയാള് വിചാരിക്കുന്നു. കുറേ നേരം ഉറക്കം വന്നില്ലെങ്കിലും അയാള് ഉറങ്ങി. പിറ്റേന്ന് രാവിലെ അയാള് നടക്കാന് പോയിട്ട് മടങ്ങി വരുന്ന സമയത്ത് ഈ മുറിയുടെ മുന്നില് ഒരു ആള്ക്കൂട്ടം.

ചെറുപ്പക്കാരന് താമസിച്ച മുറിയുടെ മുന്നില് ആള്ക്കൂട്ടം. അയാള് തലേന്ന് ആത്മഹത്യ ചെയ്തു. ആത്മഹത്യ ചെയ്യുന്നതിന് മുമ്പുള്ള അസ്വസ്ഥതയും വാതില് തുറന്നതും ആ സമയത്ത് കട്ടിലില് കയറി നിന്ന് കുടുക്കിട്ടപ്പോള് ഉണ്ടായിട്ടുള്ള ശബ്ദങ്ങളുമൊക്കെയാണ് അതിനീചമായ വിധത്തില് ഈ വൃദ്ധന് തെറ്റിദ്ധരിച്ചത്. അയാള് ഇങ്ങനെ അപമാനിതനാകാനില്ല, സ്വന്തം മുന്പില്. നമ്മള് ബഷീറിനെക്കുറിച്ച് പറഞ്ഞു. അങ്ങനെ അപമാനിതനായി. എന്തൊരു കഷ്ടമാണ് മനുഷ്യന്റെ സ്ഥിതി. അയാള്ക്ക് പ്രായമാകുന്നു. പക്ഷേ രതിക്ക് മതിയായിട്ടേയില്ല. നമ്മള് കുറ്റപ്പെടുത്താറുണ്ട് 85 വയസായ ആള് കുട്ടികളെ പീഢിപ്പിച്ചുവെന്ന്. അതിന് അവരെയൊന്നും കുറ്റപ്പെടുത്തിക്കൂടാ...മനുഷ്യന്റെ ഘടന അതാണ്.

അങ്ങനെ മനുഷ്യനെന്നു പറയുന്ന ഈ നിസഹായനായ ജീവിയെ തന്നില് സ്വയം സാക്ഷാത്കരിച്ചു കണ്ടപ്പോള് ഉണ്ടായ അപമാനത്തില് നിന്നും ഈ കഥാപാത്രം ഈ ലോഡ്ജ് വിട്ടു ഇറങ്ങിപ്പോവുകയാണ്. ഇതാണ് അഭിമുഖീകരണത്തിന്റെ ശക്തി. ഇതാണ് അവനവന്റെ ഡെവിളിനെ ആവിഷ്കരിക്കുമ്പോള് കലാസൃഷ്ടിക്കുണ്ടാകുന്ന ശക്തി. എയ്ഞ്ചല് എന്ന് പറയുന്നത് ഒരു മോഹമാണ്. ഒഎന്വി കുറുപ്പൊക്കെ പക്ഷേ എയ്ഞ്ചലിനെ ആവിഷ്കരിക്കുന്ന ആളുകളാണ്. സച്ചിദാനന്ദന് വരെ എയ്ഞ്ചലിനെ ആവിഷ്കരിക്കുന്നതാണ്. അവരുടെ കവിതകളില് ഒരിക്കല് പോലും അവര് അനുഭവിച്ച വ്യക്തിപരമായ യാതനയുടെ, അപമാനത്തിന്റെ ഒരു ശബ്ദം നിങ്ങള് കേള്ക്കുകയില്ല. വൈലോപ്പിള്ളിയെ വായിച്ച് നോക്കൂ...ഏകാന്തത, ഈ പാപം, തെറ്റുകള്...എന്റമ്മേ എന്തൊരു ആത്മസംഘര്ഷം അനുഭവിച്ച ഒരാളെയാണ് നിങ്ങള് ഈ കൃതിയില് കാണുക.

കാലം കഴിയുമ്പോള് കാണാം, ഇപ്പോള് മഹാപ്രശസ്തനായിരിക്കുന്ന സച്ചിദാനന്ദന് ഒരുവരാലും കവിയായി ധരിക്കപ്പെടാത്ത ഒരാളായി മാറുന്നത്. ഒഎന്വിയെ പാടേ മറന്നുപോവുന്നതും. അല്ലാത്ത കവികള് മുന്നിലേക്ക് വരുന്നതും നിങ്ങള്ക്ക് കാണാം. മനുഷ്യന് എന്നുപറയുന്നത് ഈ ഡെവിളും എയ്ഞ്ചലും ചേര്ന്ന ഒരാളാണ്. ഡെവിളിനാണ് പ്രാമാണ്യം. അയാളെ മെരുക്കാന് വേണ്ടിയിട്ടാണ് വളര്ത്തുമൃഗങ്ങളെ മെരുക്കിയത്. അയാളെ മെരുക്കാന് വേണ്ടിയിട്ടാണ് നാം കൃഷിയിടങ്ങളെ മെരുക്കിയത്, അയാളെ മെരുക്കാന് വേണ്ടിയിട്ടാണ് നമ്മള് സദാ മെരുക്കിക്കൊണ്ടിക്കുന്നത് എന്നിട്ടും മെരുങ്ങാത്ത ഈ ഒരാള് കഥാകാരനിലൂടെ പ്രത്യക്ഷപ്പെടുന്നു. ആ മെരുങ്ങാത്ത ആള് വേണം ലോകത്ത്. കാരണം അല്ലെങ്കില് ഇതൊരു തുച്ഛമായ ലോകമായിട്ട് മാറും. അതാണ് ദസ്തേയവസ്കിയുടെ വ്യത്യാസം. എറ്റവും സങ്കടമുണ്ടാകുമ്പോള് ഏറ്റവും അസ്വസ്ഥനായ ഒരാള് ഏറ്റവും അസ്വസ്ഥമായ കൃതികളിലേക്ക് നയിക്കപ്പെടുന്നു. അവിടെയിരിക്കുന്നതാണ് അയാള്ക്ക് ആശ്വാസം. ഏറ്റവും ലാഘവമുള്ള ജീവിതം നയിക്കുന്ന ഒരാള് ഒരാളെയും സമാശ്വസിപ്പിക്കാന് പോര.

എനിക്ക് വലിയ അഭിപ്രായ വ്യത്യാസമുണ്ട്. പൊളിറ്റിക്കല് കറക്റ്റനസ് പോലെയൊന്ന് ഒരു സര്ഗാത്മക രചയിതാവിന് വേണോ എന്ന കാര്യത്തില് എനിക്ക് വലിയ സംശയം ഉണ്ട്. എന്റെ കൂടെ ആരും കൂടില്ല എന്നൊക്കെ എനിക്ക് നന്നായിട്ടറിയാം. പക്ഷേ, പൊളിറ്റിക്കല് കറക്റ്റ്നസ് തടയും. എന്.എസ് മാധവന്റെ 'ഹിഗ്വിറ്റ' എന്ന കഥ വായിച്ചിട്ട് അന്സാരി കണ്ടെത്തി എന്.എസ് മാധവന്റെ അബോധത്തിനും മുസ്ലീം ഇന്ത്യ വിട്ട് പോകണം എന്ന മോഹമുണ്ടെന്ന്. അത് കണ്ടെത്തരുത് എന്നു വിചാരിച്ച് എന്.എസ് മാധവന് മുസ്ലീം പേര് മാറ്റി ഹിന്ദുപ്പേര് ആക്കണമെന്നാണ് പൊളിറ്റിക്കല് കറക്റ്റ്നസ് നിങ്ങളോട് പറയുന്നത്. അതുശരി! ഇങ്ങനെ ഇരിക്കുന്നു ലോകം എന്ന് കാണാന് സത്യത്തിന്റെ ഈ തീവ്രരൂപം തന്നെ ഉപേക്ഷിച്ച് ലോകത്തെ അവഗണിച്ച് സൃഷ്ടിക്കാന് കഴിയുന്നതാണ്, അത്തരം ഒരു സത്യത്തിന് വേണ്ടിയിട്ടാണ് കലാസൃഷ്ടിയുടെ മുമ്പില് ഇരിക്കുന്നത്. നിങ്ങള് പത്രക്കാരനാണോ അത് എഴുതാന് പാടില്ല, നിങ്ങള് സാമൂഹ്യപ്രവര്ത്തകനാണോ ഇത് പറയണ്ട, പക്ഷേ പൊളിറ്റിക്കല് കറക്റ്റ്നസ്, നമ്മുടെ കാലത്തിന്റെ അനീതികളെ പറയാതിരിക്കാന് വലിയ തുണയായിത്തീരും.

ഈ പൊളിറ്റിക്കല് കറക്റ്റ്നസ് പ്രത്യക്ഷത്തില് ആവിഷ്കരിച്ച് സച്ചിദാനന്ദനൊക്കെ മലയാളികളെ വഞ്ചിക്കുകയാണ് ചെയ്യുന്നത് എന്നാണ്. അതുകൊണ്ട് ഈ ഡെവിള് ആവിഷ്കരിക്കപ്പെടണം. മൈനാഗങ്ങള് സര്പ്പങ്ങളെപ്പോലെ പിണഞ്ഞാടിയ ആ രാത്രിയില് അറിഞ്ഞ, ആരെയാണ് അറിഞ്ഞത് ? ചെറിയമ്മയെയാണ്, അതുകൊണ്ട് ലോകത്തെ വല്ലാതെയറിഞ്ഞു. ആ ലോകത്ത് കഴിയാന് പറ്റാതായി. സമാന്തരമായി ഒരു ലോകം തേടിച്ചെന്ന് അവിടെയും താനറിഞ്ഞത് ശാപം പോലെ തന്നെ പിന്തുടര്ന്നു. സമീപത്തൊക്കെ ഉണ്ടായിരുന്നു ആ പാമ്പ്. ഇതിന്റെയൊക്കെ കഥയായതുകൊണ്ടാണ് ഖസാക്കിന്റെ ഇതിഹാസം- അതിലെ ഭാഷ പിന്നീട് അദ്ദേഹം തന്നെ ആവര്ത്തിച്ച് തകര്ത്ത് കളഞ്ഞിട്ടും- ഇപ്പോഴും നിലനില്ക്കുന്നത് എന്നര്ത്ഥം!

മാധവിക്കുട്ടിയുടെ കഥയിലൊക്കെ തെമ്മാടി എത്ര സുന്ദരനാണ് എന്ന് ഓരോ കഥയും നമ്മളോട് പറയുന്ന, ഒരു കഥ ഒരു കുലീന എഴുതുന്നു. അതാണ് സത്യം. ലീല പോലെയൊരു കാവ്യം പറയുന്നു,

കരുതുവതിഹ ചെയ്യവയ്യ, ചെയ്യാന്

വരുതി ലഭിച്ചതില് നിന്നിടാ വിചാരം;

പരമഹിതമറിഞ്ഞുകൂട; യായു,

സ്ഥിരതയുമില്ലതി നിന്ദ്യമീ നരത്വം.

മനുഷ്യനെത്ര നിസഹായനാണ്. ആഗ്രഹിക്കുന്നത് ചെയ്യാന് പറ്റാത്ത, ചെയ്യാന് പറ്റുന്നത് ആഗ്രഹമല്ലാതായിത്തീരുന്ന ഒരു വിചിത്രമായ ഒരു ലോകത്തിനോടുള്ള ക്ഷോഭം. അങ്ങനെ ക്ഷോഭിക്കാതിരിക്കാന് നിര്വാഹമില്ലാത്തവരുടെ വാക്കാല് ഒരാളിലൂടെ വെളിപ്പെടുന്നു. അതുകൊണ്ട് സരളമായിട്ടുള്ള ഈ പുരോഗമന ഗീതങ്ങള്, സാഹിത്യമല്ല. ശക്തമായിട്ടുള്ള അസ്വസ്ഥത ഉണ്ടാക്കും. നമ്മെ നമ്മുടെ പരിധികളിലേക്ക് പരിമിതികളിലേക്ക് കണ്ണുതുറക്കാന് പ്രേരിപ്പിക്കുന്ന കലാസൃഷ്ടികള് ഉണ്ടാകണം. ഞാന് എന്നെ പൂര്ണമായി ആവിഷ്കരിക്കാന് എനിക്ക് സാധിക്കണം. അതുകൊണ്ടാണ് ഞാന് പറഞ്ഞത് സച്ചിദാനന്ദന്റെയോ കെ.ജി ശങ്കരപ്പിള്ളയുടെയോ ഒക്കെ കവിതകള് നിങ്ങള് വായിച്ചാല് ഈ മനുഷ്യര് അനുഭവിച്ച ഏകാന്തതയുടെയോ വ്യക്തിസംഘര്ഷങ്ങളുടെയോ ഒരു ലാഞ്ചനപോലും നിങ്ങളിലേക്ക് കടന്നുവരുകയില്ല. ഇവര് സിറ്റിസണ്സ് ലൈഫ് മാത്രം ആവിഷ്കരിച്ചു. പൗരസങ്കടങ്ങള് മാത്രം ആവിഷ്കരിച്ചു. പൗര സങ്കടങ്ങള് സങ്കടങ്ങള് തന്നെയാണ്. ചില ഘട്ടങ്ങളില്, കല്ബുര്ഗിയെപ്പോലൊരാള് കൊല്ലപ്പെടുമ്പോള്, 75 വയസുകഴിഞ്ഞ ഒരാളെ അയാളുടെ വാക്കുകള്ക്ക് മറുപടിയായി വാക്കുകള് ഉപയോഗിക്കുന്നതിന് പകരം കൊല്ലുമ്പോള് അത്തരം സന്ദര്ഭങ്ങളില് തീര്ച്ചയായും തീക്ഷ്ണമായി എഴുത്തുകാരനും പ്രതികരിക്കണം, സംശയമില്ല. അങ്ങനെ പ്രതികരിക്കുമ്പോള് നേരത്തെ പറഞ്ഞതുപോലെ വെള്ളപ്പൊക്ക കാലത്ത്, സ്കൂളുകള് അഭയാര്ത്ഥി കേന്ദ്രങ്ങളാകുന്നത് പോലെ ഒരു താല്ക്കാലിക പ്രതിഭാസമാണ്.

മനുഷ്യന്റെ പല തലങ്ങളോട് സംവദിക്കാനുള്ള ഒരു സൃഷ്ടി മനുഷ്യന് സൃഷ്ടിച്ചു. അതാണ് ദൈവം. എന്തിന് വേണ്ടിയിട്ട് ലോാകത്തെ നിയന്ത്രിക്കാന് വേണ്ടിയിട്ട്. ദൈവം ഇല്ലെങ്കില് വലിയ വിഷമമാണ്. അതുകൊണ്ട് അയാള് സൃഷ്ടിച്ചു. ഓരോ തലമുറയും അവരുടെ ആഗ്രഹപ്രകാരം ഈ ബിംബത്തെ വളര്ത്തിക്കൊണ്ടുവന്നു. മനുഷ്യന് ഭൂമിയില് ഏറ്റവും സര്ഗാത്മകത ഉപയോഗിച്ചത് ഈ ബിംബ സൃഷ്ടിയിലാണ്. ഇത് പ്രതീകങ്ങളുടെ ലോകത്തെ ഉണ്ടാക്കി. അതാണ് കഷ്ടമായത്. പ്രതീകങ്ങളുടെ ഭാഷ അറിയാതെയായി തീരുക മനുഷ്യന് എന്നത് വലിയ പരിമിതിയാണ്.

പണ്ട് ഒരു സെന് ബുദ്ധിസ്റ്റ് ബുദ്ധദേവാലയത്തില് എത്തി. കൊടും തണുപ്പ്. തണുപ്പ് സഹിക്കാതെ ചത്തുപോകും.അത്ര തണുപ്പാ. അങ്ങനെ എന്തുണ്ട് വഴി എന്ന് നോക്കിയപ്പോള് അവിടെ ഒരുകെട്ട് മരത്തിലുള്ള ബുദ്ധപ്രതിമകള് അടുക്കി വെച്ചിരിക്കുന്നു. അയാള് എടുത്ത് കത്തിച്ചിട്ട്, തീകാഞ്ഞ് ജീവസദ്ധാരണം ചെയ്തു അയാള്ക്കറിയാം. അത് ബുദ്ധനാണ് അയാള്ക്കറിയാം, അത് ദാരു പ്രതിമയുമാണ്, മരപ്രതിമയുമാണ്. അത് വിറകുമാണ്. അതാണ് പ്രതീകാത്മകത ബോധം. ഒരു യുക്തിവാദി യുക്തിവാദി അല്ലാത്ത ആളെ പരിഹസിക്കുമ്പോഴും യുക്തിവാദിയെ ചുട്ടുകൊല്ലുമ്പോഴും ഒക്കെ ഈ പ്രതീകാത്മകത നഷ്ടപ്പെട്ട ഒരു ജനതയെ ആണ് നാം കണ്ടുകൊണ്ടിരിക്കുന്നത്.അങ്ങനെ പ്രതീകാത്മകത കൂടാതെ മനുഷ്യന് അതിജീവിക്കാന് പറ്റില്ല. പ്രതീകങ്ങള് വേണം, അയാളിങ്ങനെ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത് വേണം, ദൈവംപോലെയുള്ള സാഹിത്യസൃഷ്ടികള് വേണം.

ആദിയില് വചനമുണ്ടായി എന്നാണ് ബൈബിളിന്റെ ആരംഭം. ഈ വചനമാണ് ദൈവത്തെ സൃഷ്ടിക്കാന് സഹായിച്ചത്. ഈ വചനമാണ് ലോകത്തെ സംവിധാനം ചെയ്യാന് സഹായിച്ചത്. ഈ വചനമാണ് മനുഷ്യരെ മറ്റെല്ലാ ജീവികള്ക്കും മീതെ നില്ക്കാന് സഹായിച്ചത്. അല്ലെങ്കില് എക്കോളജിക്കലി സെക്കന്ററി സ്പീഷീസ് മാത്രംആയിരുന്ന മനുഷ്യന് എക്കോളജിക്കലി ഡോമിനന്റ് സപ്ഷീസ് ആയി തീര്ന്നത് ഭാഷ ഒന്നിന്റെ തുണകൊണ്ടാണ്. അതുകൊണ്ട് ലോകത്തിന്റെ കഥ പറയുമ്പോള്, ഭൂമിയുടെ കഥയല്ല- അത് രണ്ടും രണ്ട്- ലോകത്തിന്റെ കഥ പറയുമ്പോള് ആദിയില് വചനമുണ്ടായി എന്നര്ത്ഥം. ഈ വചനം ശക്തമാക്കുക തന്നെയാണ് ഓരോ എഴുത്തുകാരനും ചെയ്യുന്നത്. തന്നെക്കൂടി പൂര്ണമായി കുരുതി കൊടുത്ത് അത് നിര്വഹിക്കുന്നു എന്നര്ത്ഥം.

അപ്പോ അങ്ങനെ, ദസ്തേയവ്സ്കിയെ പോലെ ഒരു എഴുത്തുകാരന്, കസാന്ദ് സാക്കീസിനെ പോലെ ഒരെഴുത്തുകാരന്, കസാന്ദ് സാക്കീസിന് ഇങ്ങനെ രോഗം നിറഞ്ഞിരിക്കും ഒന്നും ആവിഷ്ക്കരിക്കാത്ത കാലത്ത്. ആവിഷ്കരിക്കാന് തുടങ്ങുമ്പാള് അത് മൂര്ധന്യത്തിലെത്തും. എല്ലാം കഴിയുമ്പോള് സൗഖ്യമാകും. ഈ തൊലിപ്പുറത്തുള്ള രോഗമാണ്. തൊലിപ്പുറത്താണ് ആത്മാവ്. ചൊറി വന്നിട്ടുള്ള എല്ലാ ആള്ക്കും അറിയാം അത് വന്ന കാലത്ത് അവര് മാനസികമായി സംഘര്ഷത്തിലായിരുന്നു എന്ന്. തൊലിപ്പുറത്താണ് ആത്മാവ്. തൊലിയുടെ അകത്ത് ഒന്നുമില്ല. മാംസമോ എല്ലോ അതൊന്നും നമ്മളല്ലല്ലോ. അതുകൊണ്ട് ഈ തൊലിപ്പുറത്തുള്ള ഒരു ആത്മാവ് സൃഷ്ടിക്കുകയാണ്. അങ്ങനെ സൃഷ്ടിക്കുന്ന ഈ ലോകത്തില് മതങ്ങള് ശരിയാണ്. സാത്താനും ഉണ്ട്. ദൈവവും ഉണ്ട്. ദൈവം ഉപേക്ഷിച്ചാല് സാത്താന് സഹായിച്ചുവെന്നു വരും.എല്ലാവരിലും ഇരിക്കുന്നു ഇങ്ങനെ പാപത്തിനോടുള്ള ഈ മഹാ ആകര്ഷണം. 'ചെകുത്താന്' എന്ന കഥ നിങ്ങള് ഇനി ശ്രദ്ധിച്ചുവായിക്കുക. കാരൂര് നീലകണ്ഠപ്പിള്ള സശ്രദ്ധം എഴുതിയിട്ടുള്ള ഒരു കഥയാണ്. മിക്ക ചെറുകഥകളും അങ്ങനെയാണ്. മാത്രമല്ല, ചെറുകഥ എന്നു പറഞ്ഞാല് കഥയില് നിന്ന് എന്താണ് വ്യത്യാസം? എഴുതപ്പെടുന്ന കഥയാണ് ചെറുകഥ. പറയപ്പെടുന്ന കഥയാണ് കഥ. എഴുതപ്പെടുന്ന കഥ പല വായനക്കുള്ളതാണ്. എഴുതപ്പെടുന്ന കഥ പറയപ്പെടുന്ന കഥപോലെയല്ല, ഇനി മാറാത്തതാണ്. അക്ഷരങ്ങളില് അനശ്വരങ്ങളില് ആണ് അത് വന്നു ചേര്ന്നിരിക്കുന്നത്. അതുകൊണ്ട് ചെറുകഥ എന്നു പറയുന്നത് എഴുതപ്പെടുന്ന കഥയാണ്. അതിന്റെ സാധ്യതകളൊക്കെ അതുപയോഗിക്കുന്നു. അങ്ങനെയാണ് കഥ.

ഈ ലോകം എന്നു പറയുന്നത് തിന്മകളാണ്. നിങ്ങളില് പാപം ചെയ്യാത്തവര് കല്ലെറിയട്ടെ എന്നു പറഞ്ഞപ്പോള് ചുറ്റുപാടും നില്ക്കുന്ന വ്യക്തി ടി.പത്മനാഭന്മാര് ആയിരുന്നെങ്കില് ആ  മഗ്ദലന മറിയം മരിച്ചു പോകുമായിരുന്നു. പാപികളായതുകൊണ്ട്, അവര്ക്ക് ആത്മബോധം ഉണ്ടായതു കൊണ്ട്, അവരുടെ പാപത്തെക്കുറിച്ചോര്ത്ത്, കരുതിവന്ന കല്ല് താഴോട്ടിട്ട് അവര് മടങ്ങുമ്പോള് പാപികള്ക്കേ ലോകത്തെ രക്ഷിക്കാനാകു എന്നര്ത്ഥം. അവനവന്റെ ഡെവിളിനെ ആവിഷ്കരിക്കണം എഴുത്തുകാരന്. എന്നിട്ടു വേണ്ടേ! അവനവന്റെ ഈ ചെകുത്താനെ, കാരൂര് പറയുന്ന ചെകുത്താനെ ആവിഷ്കരിക്കണം മനുഷ്യന്. എന്നിട്ടുവേണം ആത്മാഭിമുഖമായി നിങ്ങളെ നിര്ത്താന്. രാമന് രാമായണം വായിച്ചു കേട്ടപ്പോഴാണ് താന് സീതയോട് ചെയ്തത് എത്ര നീചം, താന് പലരോടും ചെയ്തത് എത്ര നീചം എന്ന് തിരിച്ചറിയുന്നത്. തന്റെ ഡെവിളിനെ ആദ്യമായിട്ടാണ് അദ്ദേഹം അഭിമുഖീകരിക്കുന്നത്. ഉടനെ പറഞ്ഞയച്ചു സീതയെ തിരികെ കൊണ്ടുവരാന്.

ആ അറബിക്കഥയിലെ നൂറ്റിപ്പത്താമത്തെ കഥയിലാണ്. അതും സുല്ത്താന്റെ കഥയാണ്. ആരാ എഴുതിയത്, അറിയാലോ നിങ്ങള്ക്ക്, ഈ സുല്ത്താന് അടുത്ത ദിവസം അവളെ കൊന്നു കളയും ഷഹറാസാദിനെ. പിറ്റേന്നത്തെ മരണത്തെ നീട്ടിവെക്കാന് വേണ്ടിയാണ്, ആയിരത്തൊന്ന് നാളുകളില് അവര് കഥകള് പറഞ്ഞത്. ആയിരത്തൊന്നു നാളുകള്ക്കപ്പുറമുള്ള, അകലെയുള്ള ഒരു പിറ്റേന്നിനെ സൃഷ്ടിക്കാന് വേണ്ടിയിട്ട്, അത്ര വ്യാപ്തിയുള്ള അടുത്ത ദിവസത്തെ സൃഷ്ടിക്കാന് വേണ്ടിയിട്ടാണ്. അങ്ങനെ ഈ അടുത്തനാള് സൃഷ്ടിക്കപ്പെടുന്നതിനിടയില് ഒാരോരോ കഥകള് പറയുന്നു. അതിലൊരു കഥ ഈ സുല്ത്താന്റെ കഥയായിരുന്നു. ഇതുവരെ പറഞ്ഞിട്ടില്ല അത്. അവള്ക്ക് പറയാന് ശക്തി കിട്ടിത്തുടങ്ങിയപ്പോള് അവള് അതു പറഞ്ഞു. സുല്ത്താന് നായാട്ടിനു പോയതും മടങ്ങിവന്നപ്പോള് ഭാര്യയെ അടിമയോടൊത്ത് കണ്ടതും, ആകെ ദുഖിതനായി തീര്ന്നതും, ഇന്നുവരെ വഞ്ചിച്ചിട്ടില്ല അവളെ, അത്ര സ്നേഹിച്ചതുമാണ്, സഹോദരനോടു പറഞ്ഞപ്പോള് സഹോദരന് ഇതേ കഥ എന്റെ വീട്ടിലും നടന്നിട്ടുണ്ട്, ഒരു സ്ത്രീയേയും വിശ്വസിച്ചുകൂടാ എന്നു സുല്ത്താനോടു പറഞ്ഞതും, അന്നുമുതല് അദ്ദേഹം ഇനി, ഒരു സ്ത്രീക്ക് ഒരു രാത്രിയാണ് എന്റെ ജീവിതത്തില്. പിറ്റേന്ന് ഞാന് അവളെ കൊല്ലും എന്നു തീരുമാനിക്കുകയും ചെയ്തു.

രണ്ടുപേരുടെ അഭിപ്രായമെടുത്ത്, അതും ഒരേ പോലെയുള്ള രണ്ടു സുല്ത്താന്മാരുടെ അഭിപ്രായമെടുത്ത് സ്ത്രീകളെയൊന്നും വിലയിരുത്തിക്കൂടാ, അല്ലേ? ഷഹറാസാദ് അയാളെ ഒരു പാഠം പഠിപ്പിക്കാന് കൂടിയാണ് അങ്ങോട്ടേക്ക് വന്നിരിക്കുന്നത്. കഥകളിലൂടെയല്ലാതെ വലിയ പാഠങ്ങള് നമ്മള് എങ്ങനെ പഠിക്കുന്നു അല്ലേ! കണ്ടോ, ആദ്യ ദിവസം തൊട്ട കഥ പറഞ്ഞു, നീട്ടിനീട്ടിനീട്ടിവെച്ച്, അടുത്ത ദിവസം കേട്ട്  കഥയങ്ങനെ നീണ്ടു, ഒരു ദിവസം പറഞ്ഞ കഥ ശക്തിയാര്ജ്ജിച്ചു കഴിഞ്ഞപ്പോള്, അയാള് കയ്യിലായി എന്നു തോന്നിയപ്പോള്, തന്റെ കൗശലത്തില് അയാള് വീണുപോയി എന്നു മനസിലായപ്പോള് അവള് പറഞ്ഞ കഥ സുല്ത്താന്റെതാണ്. നമ്മള് ഇപ്പോള് പറഞ്ഞ കഥ. അയാള് അന്നാണ് ആദ്യമായിട്ട് തന്നെ അഭിമുഖീകരിക്കുന്നത്. മനുഷ്യന് മനുഷ്യനെ അഭിമുഖീകരിക്കാനാണ് കഥയും കവിതയും. അത് ആസകലമായ തിന്മയോടു കൂടി വേണം എന്ന് ഞാന് വിചാരിക്കുന്നു. അതുകൊണ്ട് ആദിയില് പാപമുണ്ടായി എന്ന് ഞാന് വിശ്വസിക്കുന്നു.

( സദസ്സ് സാഹിത്യവേദി തൃശൂരില് സംഘടിപ്പിച്ച കാരൂര് അനുസ്മരണ പ്രഭാഷണം)