Book Name in English : K T N Kottoor Ezhuthum Jeevithavum
ടി പി രാജീവന്റെ “കെ ടി എന്‍ കോട്ടൂര്‍: എഴുത്തും ജീവിതവും’ എന്ന നോവലിനെ ആസ്പദമാക്കി രഞ്ജിത് സംവിധാനം ചെയ്ത സിനിമയാണ് “ ഞാന്‍’ -
മദ്രാസ് പ്രവിശ്യയില്പെട്ട മലബാറില്‍ ചെങ്ങോട് മലയുടെ അടിവാരത്തില്‍ സ്ഥിതി ചെയ്യുന്ന കോട്ടൂര്‍ ഗ്രാമത്തില്‍ ഒരു മഹാപ്രസ്ഥാനത്തിന്റെ അലയടികള്‍ ഉണര്‍ത്തിയ ചരിത്രമാണ് ’കെ ടി എന്‍ കോട്ടൂര്‍ എഴുത്തും ജീവിതവും’ എന്ന നോവല്‍. ’മാജിക്കല്‍ ഹിസ്റ്റ്റി’ എന്നു വിശേഷിപ്പിക്കാവുന്ന ഈ നോവലില്‍ ഇന്ത്യയുടെ, കേരളത്തിന്റെ , സ്വാതന്ത്ര്യസമരപ്രസ്ഥഅനത്തിന്റെ എപ്പിക് ക്യാന്‍വാസാണ് വിടരുന്നത്.ഇതു റിയലാണോ,അണ്‍റിയലാണോ എന്നു അന്ദേഹിക്കുംവിധം ബോധാബോധങ്ങളെ ഈ കൃതി സൂക്ഷ്മവിശകലനം ചെയ്യുന്നു.
ആമുഖത്തില്‍ നിന്ന് :-
കോട്ടൂര്‍ക്കാര്‍ അവരുടെ ജീവിതത്തില്‍ കേട്ട ആദ്യത്തെ പ്രസംഗമായിരുന്നു അത്.പിന്നീട് എത്രയോപേര്‍,രാഷട്രീയ നേതാക്കന്മാര്‍,സാംസ്‌കാരിക രംഗത്തും സാമൂഹ്യരംഗത്തും പ്രവര്‍ത്തിക്കുന്നവര്‍,എഴുത്തുകാര്‍,കലാകാര്‍ന്മാര്‍,കോട്ടൂരിന്റെ മണ്ണില്‍ വന്ന് പ്രസംഗിച്ചിട്ടുണ്ട്.അതെല്ലാം ജനങ്ങള്‍ അപ്പപ്പോള്‍ മറക്കുകയും ചെയ്തിട്ടുണ്ട്.പക്ഷേ,കൊയിലോത്തു താഴെ കുഞ്ഞപ്പന്‍ നായര്‍ അന്നു നടത്തിയ പ്രസംഗം കോട്ടൂരിന്റെ അന്തരീക്ഷത്തില്‍ ഇന്നും മുഴങ്ങുന്നു.ഒന്നു ശ്രദ്ധിച്ച്, സൂക്ഷിച്ച് കാതോര്‍ത്താല്‍ അത് കേള്‍ക്കാം:
പ്രീയപ്പെട്ട നാട്ടുകാരേ,നമുക്ക് സ്വാതന്ത്ര്യം കിട്ടണം.നമ്മള്‍ അധ്വാനിക്കുന്നതിനനുസരിച്ച് ജീവിക്കാനും വളരാനുമുള്ള സ്വാതന്ത്ര്യം അത് നമുക്കുണ്ട്.ആര്‍ക്കും നമ്മള്‍ അത് തീറെഴുതിക്കൂട.
ഈ സ്വാതന്ത്ര്യം നമുക്ക് നല്‍കാത്ത ഭരണകൂടങ്ങളെ തകര്‍ക്കണം.പകരം നമ്മുടേതായ പുതിയ ഭരണകൂടം സ്ഥാപിക്കണം.അതിനും നമുക്ക് അവകാശമുണ്ട്.
ബ്രട്ടീഷുകാര്‍ നമ്മുടെ ഈ സ്വാതന്ത്ര്യം തകര്‍ക്കുകയാണ് ചെയ്യുന്നത്.അതു മാത്രമല്ല ,നമ്മളെ ചൂഷണം ചെയ്താണ് അവര്‍ വളരുന്നത്.ബ്രട്ടീഷുകാര്‍ നമ്മെ സാമ്പത്തികമായും സാംസ്‌കാരികമായും ആത്മീയമായും ചൂഷണം ചെയ്ത്,ചൂഷണം ചെയ്ത് നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്.ബ്രിട്ടനുമായുള്ള ബന്ധം നമ്മള്‍ വേര്‍പ്പെടുത്തണം.നമുക്ക് പൂര്‍ണസ്വാതന്ത്ര്യം വേണം.നമ്മള്‍ അതു നേടണം.പൂര്‍ണസ്വാതന്ത്ര്യം എന്ന ലക്ഷ്യത്തിനുവേണ്ടി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് മുന്നോട്ടുവെക്കുന്ന നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കാമെന്ന്,അതുകൊണ്ട് ഈ അവസരത്തില്‍ നമുക്ക്ക് പ്രതിജ്ഞ ചെയ്യാം.
വാക്കുകള്‍ ശാന്തമായും ശക്തമായും ഒഴുകി.ഓരോ വാചകവും പൂര്‍ത്തിയാക്കി,ഒന്നു നിര്‍ത്തി,കുഞ്ഞപ്പനായര്‍ കേട്ടിരിക്കുന്നവരില്‍ ഓരോരുത്തരുടേയും മുഖത്തിനോക്കി.അയാളോടുള്ള ഒരു സ്വകാര്യ സംഭാഷണമാണ് താന്‍ നടത്തുന്നത് എന്ന രീതിയില്‍.
സ്വാതന്ത്ര്യം,ബ്രട്ടീഷ് ഭരണം,സാംസ്‌കാരം, ആത്മീയത,സാമ്പത്തികം എന്നിങ്ങനെയുള്ള വാക്കുകള്‍കൊണ്ട് എന്താണ് കുഞ്ഞപ്പനായര്‍ ഉദ്ദേശിച്ചത് എന്നു മനസ്സിലായില്ലെങ്കിലും എല്ലാവരും തലയാട്ടി.പറയുന്നത് അവരുടെ കുഞ്ഞപ്പനായരല്ലേ !
’എങ്കില്‍ വരൂ’
കുഞ്ഞപ്പനായര്‍ വീണ്ടും നടന്നുതുടങ്ങി.
കൊടിയേന്തി നാരായണന്‍ മുന്നില്‍ തന്നെ.
വേയപ്പാറയ്ക്കു മുകളിലേക്കാണ് കുഞ്ഞപ്പനായര്‍ തങ്ങളെ കൊണ്ടുപോകുന്നത് എന്ന് മനസിലായപ്പോള്‍ ആളുകള്‍ ഒന്നമ്പരന്നു.മാറ്റാന്‍ കഴിയാതെ,ഇരുണ്ടറച്ചുപോയ വിധിപോലെ മുന്നില്‍ ആ ഭീമാകാരന്‍ പാറ എന്നും കാണാറുണ്ടെങ്കിലും അതിന്റെ മുകളില്‍ അവരാരും അന്നോളം കയറിയിട്ടുണ്ടായിരുന്നില്ല.
കോട്ടൂരിന്റെ ഏത് ഭാഗത്തുനിന്ന് നോക്കിയാലും മദം പൊട്ടി ഓടുന്ന ഒരു ആനയുടെ നില്പാണ് വേയപ്പാറയ്ക്ക്.നിലാവുള്ള രാത്രികളില്‍ അതിന്റെ മസ്തകം ചെറുതായി ഇളകുന്നുണ്ട് എന്നുപോലും തോന്നും.എന്നു മാത്രമല്ല ഒറ്റമുലച്ചി,കാളഭൈരവന്‍,പൊട്ടിച്ചൂട്ട്,ആളില്ലാ നിലവിളിയുമായി രാത്രിയെന്നോ പകലെന്നോ ഇല്ലാതെ കോട്ടൂരുന്റെ സിരകളില്‍ ചോര തണുപ്പിക്കുന്നതും കണ്‍കെട്ടുന്നതുമായ നിരവധി ഭൂതപ്രേതങ്ങള്‍,എല്ലാം താമസിക്കുന്നത് അതിന്റെ മുകളിലാണ്.സന്ധ്യ കഴിഞ്ഞാല്‍ ആ പരിസരത്തുകൂടെ ആരും പോകില്ല.പോയവര്‍ ചോരതുപ്പി.എല്ലും തോലുമായി താഴോട്ടു പതിച്ചു.
കുഞ്ഞപ്പനായര്‍ കയറാന്‍ തുടങ്ങി.അന്നോളം മനുഷ്യസ്പര്ശമേല്ക്കാത്ത പരുപരുത്ത പ്രതലങ്ങളില്‍ ആളുകളും അള്ളിപ്പിടിച്ചു കയറി.അകലെ നിന്നുമാത്രം കാണുകയും സങ്കല്‍പ്പിച്ചെടുക്കുകയും ചെയ്ത.ആ കറുത്ത പരുപരുപ്പില്‍, കാലവും പ്രകൃതിയും ലോകാരംഭം മുതല്‍ കാത്തുസൂക്ഷിച്ച വിടവുകളില്‍ കാല്‍തൊട്ടപ്പോള്‍,ഭയമോ അത്ഭുതമോ എന്നറിയില്ല,പലര്‍ക്കും ഇക്കിളിയായി വന്യവും പറഞ്ഞറിയിക്കാന്‍ കഴിയാത്തതുമായ ഒരു തരിപ്പ്.
കുഞ്ഞപ്പനായരാകട്ടെ,തിരിഞ്ഞുനോക്കാതെ കയറിക്കൊണ്ടിരുന്നു.അച്ഛനെ പിന്നിലാക്കുന്ന വേഗത്തില്‍,പതാക പാറിച്ച് നാരായണന്‍ മുന്നില്‍ തന്നെ.കാറ്റില്‍ പറക്കുന്ന പതാകയ്‌ക്കൊപ്പം അവനും പാറിപ്പോകുമോ എന്നു തോന്നി.പക്ഷേ,ഒരു തുമ്പിയുടെ വൈദഗ്ധ്യത്തോടെ മുനമ്പുകളില്‍ നിന്നു മുനമ്പുകളിലേക്ക് അവന്‍ പറന്നു.പല പല വഴികളില്‍ വെള്ളമൊലിച്ച്, പല പല വേനലുകളില്‍ ഉണങ്ങിവരണ്ട്,പൊറ്റകെട്ടിക്കിടന്ന പാടകളും പൂപ്പലുകളും അടര്‍ന്നുവീണു.പാറയുടെ യഥാര്‍ഥനിറം പുറത്തുവന്നു.മെരുങ്ങിയ ഒരു വന്യ മൃഗമാണ് അതെന്നപോലെ,ചിലര്‍ പാറയുടെ പുറത്തു തലോടി.
ജാഥ പാറയ്ക്കു മുകളിലെത്തി.ഞങ്ങള്‍ ഭൂമിയിലല്ലെന്ന തോന്നലായിരുന്നു പലര്‍ക്കും.കുറച്ചുകൂടി ഉയരുമുണ്ടായിരുന്നെങ്കില്‍ മേഘങ്ങളെ തൊടാം.ചിലര്‍ കൈ പൊക്കി.
കുഞ്ഞപ്പനായര്‍ കിതച്ചു.ഇങ്ങനെ കിതച്ച് കുഞ്ഞപ്പനായരെ അന്നോളം കണ്ടിട്ടില്ല.
’എത്ര ഉയരത്തിലായാലും,നമ്മള്‍ ഭൂമിയില്‍ തന്നെയാണ്.നമ്മള്‍ നില്‍ക്കുന്ന ഇടമാണ് നമ്മുടെ ഭൂമിയും ആകാശവും.ആകാശം എത്തിപ്പിടിക്കാന്‍ മാത്രമല്ല നമ്മള്‍ ഇങ്ങോട്ടുവന്നത്.ഇവിടെനിന്ന് നമ്മള്‍ താഴോട്ടു നോക്കണം.നമ്മള്‍ വന്ന ഇടത്തേക്ക്.അപ്പോഴേ എന്താണ് സ്വാതന്ത്ര്യം എന്ന് നമുക്ക് മനസിലാകൂ.’ കിതച്ചുകൊണ്ട് കുഞ്ഞപ്പനായര്‍ പറഞ്ഞു.ഇടയ്ക്കിടെ ചുമയ്ക്കാനും തുടങ്ങിയിരുന്നു.
ആളുകള്‍ താഴോട്ടുനോക്കി.നാലുപാടും തിരിഞ്ഞു.കൂടുതല്‍ കൂടുതല്‍ ആഴത്തിലേക്ക്.അകലേക്ക്.കുന്നുകളുടേയും പുഴകളുടേയും താഴ്വരകളുടേയും വയലുകളുടേയും ഒരു ഉത്സവം.അതു നോക്കി നില്‍ക്കുന്നു.കിഴക്ക് വയനാടന്‍ മലനിരകളും പടിഞ്ഞാറ് അറബിക്കടലും.
’അതിനപ്പുറവും ലോകമുണ്ട്.നമ്മളെപ്പോലെ ജീവിക്കുന്ന ജനങ്ങളുണ്ട്….’ കുഞ്ഞപ്പനായര്‍ക്ക് വാചകം മുഴുമിപ്പിക്കാനായില്ല.കിതപ്പും ചുമയും കൂടി.
’നമ്മളുടെ കോട്ടൂര്‍ കണ്ടോ?’
കിതപ്പിനും ചുമയ്ക്കുമിടയില്‍ കുഞ്ഞപ്പന്നായര്‍ താഴോട്ടു കൈ ചൂണ്ടി.
കാണാത്ത വഴികള്‍ക്കപ്പുറം ചതഞ്ഞ ഒരു തകരപ്പാത്രം പോലെ കോട്ടൂര്‍.ഇത്ര ആഴത്തിലുള്ള ഒരു ഗര്‍ത്തത്തിലായിരുന്നോ തങ്ങളിത്രയും കാലം ജീവിച്ചത്? തലയുയര്‍ത്തി,നെഞ്ചുവിരിച്ച് നടന്നത് ?
കോട്ടൂരിന്റെ നിസ്സാരത ജനങ്ങളെ ദു:ഖിപ്പിച്ചു.
അപ്പോഴേക്കും പാറയുടെ നടുവില്‍,കല്ലുകള്‍ ചേര്‍ത്തുവെച്ച് ഒരു പതാകത്തറ ഒരുക്കിക്കഴിഞ്ഞിരുന്നു കുഞ്ഞപ്പനായര്‍.ആളുകള്‍ അതിനുചുറ്റും വട്ടമിട്ടു നിന്നു.
തറയുടെ മധ്യഭാഗത്ത്,നാരായണന്‍ പതാക കെട്ടിയ മുളവടി നാട്ടി.എല്ലാവരേയും നോക്കി.പതാകയെ വന്ദിച്ച്,അച്ചടക്കത്തോടെ,മധുരമായ ശബ്ദത്തില്‍ പാടി.
ഝംഡാ ഊംചാ രഹേ ഹമാര
വിജയി വിശ്വതിരംഗാപ്യാരാ
സദാശക്തി സര്‍സാനേ വാലാ
പ്രേമസുധാ ബര്‍സാനേ വാലാ
വീരോം കോ ഹര്‍ഷാനേവാലാ
മാതൃഭൂമി കാ തന്‍മന്‍ സാരാ
ഝംഡാ ഊംചാ രഹേ ഹമാരാWrite a review on this book!. Write Your Review about കെ ടി എന്‍ കോട്ടൂര്‍ എഴുത്തും ജീവിതവും Other InformationThis book has been viewed by users 4590 times