Book Name in English : Daiveeka Sambatheeka Sasthram
‘ദൈവീക സാമ്പത്തികശാസ്ത്രം’ എന്ന് ഈ പുസ്തകത്തിന് പേരിട്ടിരിക്കുന്നത് ദൈവജനത്തിൻ്റെ സാമ്പത്തിക ശാസ്ത്രം ഇതിൽ വിശകലനം ചെയ്യുന്നതിനാലാണ്. ദൈവജനത്തിൻ്റെ ഇഹലോക വ്യാപാരത്തിൻറെ യഥാർത്ഥ പന്ഥാവ് ലോകത്തിന് വെളുപ്പെടുത്തി തന്നിരിക്കുന്നതിൽ അതുല്യസ്ഥാനം യേശുക്രിസ്തുവിനാണ്. ആകയാൽ സമ്പത്തിനോടുള്ള ക്രിസ്തുവിൻറെ സമീപനമാണ് ദൈവീക സാമ്പത്തിക ശാസ്ത്രത്തിന് ആധാരം. പ്രധാനമായും ഈ വസ്തുതകളാണ് പുസ്തകത്തിൽ കൂടുതലും ഉൾക്കൊള്ളിച്ചിരിക്കുന്നത്. ക്രിസ്തുവിലൂടെ ആദിമസഭ സ്വീകരിച്ച സാമ്പത്തികശാസ്ത്രം അധികനാൾ നീണ്ടുനിന്നതായി കാണുന്നില്ല. ഇതിന് മുഖാന്തിരമായത് കുസ്തന്തിനോസ് ചക്രവർത്തിയുടെ കാലത്തു ക്രിസ്തുമതത്തിന് ലഭിച്ച അംഗീകാരവും സ്ഥാനവുമാണ്. വിശുദ്ധ സ്ലീബായെ കുസ്തന്തിനോസ് രാജാവ് ആകാശത്തു കാണുകയും അത് അടയാളമായി സ്വീകരിച്ചു യുദ്ധത്തിൽ വിജയം വരിക്കുകയും ചെയ്ത പ്രകാരം ക്രിസ്തുമതം രാജകീയ മതമായി പ്രഖ്യാപിച്ചു. ഈ വിളംബരം ദൈവജനത്തിൻ്റെ സാമ്പത്തികശാസ്ത്രത്തിന് പുതിയ വഴിത്തിരിവായി. ക്രിസ്ത്യാനികളുടെ സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തുവാൻ അത്യാവശ്യങ്ങൾക്കായി സമ്പത്തു കരുതിവയ്ക്കുവാൻ അനുവാദം നൽകപ്പെട്ടു. ഈ അത്യാവശ്യമാണ് വളർന്ന് പന്തലിച്ചു പിൻകാലത്തു അത്യാഗ്രഹമായി ദൈവജനത്തിൻ്റെ ഇടയിലും പരിണമിച്ചത്. ഈ അത്യാഗ്രഹം ദൈവനീതിക്ക് എതിരായി ജീവിക്കുവാൻ സകലരേയും വീണ്ടും പ്രേരിപ്പിച്ചു. ഫലമോ സമൂഹത്തിൽ നന്മയേക്കാൾ തിന്മയ്ക്കു മുൻതൂക്കവും മാന്യതയും ലഭിക്കുന്ന വ്യവസ്ഥിതി വീണ്ടും സംജാതമായി.
ദൈവീക സാമ്പത്തികശാസ്ത്രത്തിന്റെ പ്രാധാന്യം നിഴലിക്കുന്നത് ആത്മീയമായ ജീവിത പന്ഥാവിലാണ്. മനുഷ്യന്റെ നിത്യതയുടെ പിന്നിൽ ആത്മീയതയ്ക്ക് ഭൗതികതയേക്കാൾ പ്രാധാന്യമുള്ളതിനാലും സൃഷ്ടാവായ ദൈവത്തെ ആത്മീയത സന്തോഷിപ്പിക്കുന്നതിനാലും സാമ്പത്തികശാസ്ത്രത്തിലെ ദൈവീകത സകലരും മനസിലാക്കിയിരിക്കേണ്ടതുണ്ട്. ഇത് എല്ലാവരേയും ആത്മീയതലത്തിൽ വിജയശ്രീലാളിതരാക്കി ദൈവം ഒരുക്കിയിരിക്കുന്ന ദൈവാരാജ്യത്തിലേക്ക് കൂട്ടിക്കൊണ്ടു പോകും. ഈ ദൈവേഷ്ടം മനസിലാക്കിക്കൊണ്ട് ശ്രീ. പി. എം. ജോസഫ് എഴുതിയിരിക്കുന്ന ചിന്താശകലങ്ങളാണ് ‘ദൈവീക സാമ്പത്തികശാസ്ത്രം’.Write a review on this book!. Write Your Review about ദൈവീക സാമ്പത്തികശാസ്ത്രം Other InformationThis book has been viewed by users 998 times