ഈ നോവലിന് ഒരു നായകനില്ല. നായകന്മാരായി കുറെ ചട്ടമ്പിമാരാണുള്ളത്. എലിസൺ തന്റെ മകൻ പീലിപ്പോസിന് പറഞ്ഞു കൊടുക്കുന്ന കഥകളായാണ് ഓരോ കഥയും ഇതൾ വിരിയുന്നത്. മകൻ വളർന്ന് പോലീസാവണം എന്നാണ് അച്ചന്റെ ആശ. കാലം പീലിപ്പോസിനെ പോലീസാക്കി മാറ്റുന്നു. പോലീസായിട്ടും രഹസ്യമായി ആളുകൾ പെലപ്പോലീസ് എന്ന് വിളിക്കുന്നു. പിന്നീട് എസ് ഐ ആയപ്പോഴും പെല എസ് ഐ തന്നെ. നാട്ടിലെ സമപ്രായക്കാരനും പ്രമാണിയുമായ തമ്പിയങ്ങുന്ന് പീലിപ്പോസ് എസ് ഐ യുടെ കീഴിൽ അതേ സ്റ്റേഷനിൽ എ എസ് ഐ ആണ്. തമ്പിക്ക് എസ് ഐ യെ വണങ്ങാൻ കഴിയുന്നില്ല. ജാതി വ്യവസ്ഥ നമ്മുടെ സമൂഹത്തെ എന്നും ശക്തമായി ഗ്രസിക്കുന്നുണ്ട്.\r\nകുണുക്കത്തി രായമ്മയും പാത്തുമ്മയും കലംകാരി കൗസുവും സാവിത്രിയുമടങ്ങുന്ന സ്ത്രീ കഥാപാത്രങ്ങളൊക്കെ അവരുടേതായ മിഴിവോട് കൂടി നോവലിൽ പ്രത്യക്ഷപ്പെടുന്നു. ഓരോ ചട്ടമ്പിമാർക്കും അവരുടേതായ സവിശേഷതയുണ്ട്.\r\nമൂന്ന് ഭാഗങ്ങളായി നോവലിനെ തരം തിരിച്ചിട്ടുണ്ട്. വ്യത്യസ്ത ശീർഷകങ്ങളിൽ ഓരോരുത്തരുടെയും കഥകൾ പറയുന്നു. ചട്ടമ്പിമാർക്ക് വലിയ ജീവിത നിരീക്ഷണങ്ങളൊന്നും രേഖപ്പെടുത്താനില്ല. എന്നാൽ അവരുടെ കഥകളിലൂടെ നമ്മുടെ മുമ്പിൽ ജീവിതം ആടുന്നു.\r\nദേശീയ നേതാക്കളുൾപ്പെടെ പലരും നോവലിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. നെഹ്റു പ്രസംഗിച്ച ശേഷം കാമരാജ് നാടാർ സംസാരിക്കുന്നു. ” കാമരാജ് നാടാർക്കും കൂടെ വന്ന മേത്തനുക്കും” ജനം സിന്ദാബാദ് വിളിക്കുന്നു. തൊപ്പിയിട്ട നെഹ്റുവിനെ ജനം മേത്തനായി ധരിക്കുന്നു.\r\nഈ എം എസും ഏ കെ ജിയും ഒക്കെ നോവലിൽ പല ഇടങ്ങളിൽ പ്രത്യക്ഷപ്പെടുന്നു. സി പി എം എന്ന പാർട്ടിയും അതിന്റെ ലോക്കൽ ഭാരവാഹികളുമൊക്കെ അസൽ ഭാവഹാദികളോടെ നോവലിൽ പ്രത്യക്ഷപ്പെടുന്നു. ഈ നോവൽ അതിര് വൽക്കപ്പെട്ടവരുടെ കഥയുടെ രേഖപ്പെടുത്തൽ എന്ന നിലയിൽ സവിശേഷ ശ്രദ്ധ അർഹിക്കുന്നു. വരാനിരിക്കുന്ന വലിയ ക്യാൻവാസിലെ നോവലിന്റെ തുടക്കമായി ഇതിനെ കാണാം.\r\n\r\n Rating: [4 of 5 Stars!] |