reviewed by null Date Added: Tuesday 3 Nov 2020

തീ പിടിച്ച മനസ്സിൻ്റെ എഴുത്തുകൾസജിത് കെ. കൊടക്കാട്ട്സ്വതന്ത്രമായ ആവിഷ്കരണ ശൈലിയിലൂടെ ശരിയുടെ പക്ഷത്തു നിന്നും തൻ്റെ കവിതകളിലൂടെ, സ്വേച്ഛാധിപത്യ ഭരണകൂടങ്ങൾക്കെതിരെ, പതിറ്റാണ്ടുകളായി മുഖം നോക്കാതെ അപ്രിയ സത്യങ്ങൾ വിളിച്ചു പറഞ്ഞു കൊണ്ടിരിക്കുന്ന ഇറാഖി കവിയാണ് അഹമ്മദ് മത്വർ .അദ്ദേഹത്തിൻ്റെ വളരേ പ്രശസ്തമായ ഒരു കവിതയുണ്ട്: 'കാണാതായ വസ്തുക്കൾ 'ഇത് മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്തിരിക്കുന്നത് ഡോക്ടർ അബ്ദുൾ ഗഫൂറാണ്‌.കവിത ഇങ്ങനെയാണ്:മഹാരാജാവ് ഗ്രാമ സന്ദർശനത്തിനിറങ്ങി / ഞങ്ങളുടെ ഗ്രാമത്തിലെത്തിയപ്പോൾ രാജാവ് പറഞ്ഞു / നിങ്ങളുടെ വേവലാതികൾ തുറന്നു പറയൂ / ആരേയും ഭയക്കേണ്ടതില്ല / ആ കാലം കഴിഞ്ഞിരിക്കുന്നു/ എൻ്റെ സുഹൃത്ത് ഹസ്സൻ പറഞ്ഞു തുടങ്ങി / പ്രഭോ എവിടെ പാലും റൊട്ടിയും / എവിടെ സുരക്ഷിത പാർപ്പിടം/ എവിടെ തൊഴിലവസരങ്ങൾ/പാവപ്പെട്ട രോഗികൾക്കുള്ള സൗജന്യ മരുന്നവിടെ / ഒന്നും ഞങ്ങൾക്കെത്തിയില്ലല്ലോ പ്രഭോ / രാജാവ് ഖേദത്തോടെ പറഞ്ഞു / എൻ്റെ തലയിൽ ഇടിത്തീ വീഴട്ടെ / ഇതെല്ലാം എൻ്റെ രാജ്യത്ത് നടക്കുന്നതാണോ / നന്ദിയുണ്ട് മകനേ, നമ്മെ ഉണർത്തിയതിന് / ഉടൻ തന്നെ എല്ലാം നേരെയാകും / അടുത്ത വർഷം വീണ്ടും ഞങ്ങളുടെ ഗ്രാമത്തിലെത്തിയ / മഹാരാജൻ പറഞ്ഞു / നിങ്ങളുടെ വേവലാതികൾ തുറന്നു പറയൂ / ആരെയും ഭയപ്പെടേണ്ടതില്ല / ആ കാലം കഴിഞ്ഞിരിക്കുന്നു/പക്ഷേ ആരും പരാതിയുമായി എഴുന്നേറ്റില്ല/ അവസാനം ഞാൻ എണീറ്റു പറഞ്ഞു / എവിടെ പാലും റൊട്ടിയും / എവിടെ സുരക്ഷിത പാർപ്പിടം/ എവിടെ തൊഴിലവസരങ്ങൾ/ ക്ഷമിക്കണം പ്രഭോ / എൻ്റെ കൂട്ടുകാരൻ ഹസ്സൻ എവിടെ?/ എൻ്റെ കൂട്ടുകാരൻ ഹസ്സനെ വിടെ?/സലിം കുരിക്കളകത്തിൻ്റെ ആദ്യ കഥാ സമാഹാരം' മെസപ്പൊട്ടേമിയ 'വായിച്ചപ്പോൾ ആദ്യം ഓർമ്മയിൽ തെളിഞ്ഞു വന്നത് 'കാണാതായ വസ്തുക്കൾ ' എന്ന ഈ കവിതയാണ്.ഇതിലെ 'ഞാനും' മുമ്പ് മഹാരാജാവിനു മുന്നിൽ പരാതികൾ - വേവലാതികൾ നിരത്തിയ ഹസ്സനും 'മെസപ്പൊട്ടേമിയ 'യുടെ ചരിത്രകാരൻ സലിം കുരിക്കളകത്തും ഒരേ തൂവൽപ്പക്ഷികളാണെന്ന് തോന്നിപ്പോവുന്ന ഹൃദയ സാന്നിധ്യം സലീമിൻ്റെ എല്ലാ കഥകളിലുമുണ്ടെന്നുള്ളത് ഒട്ടേറെ അത്ഭുതങ്ങൾക്കിടയാക്കി.പത്തു കഥകൾ അടങ്ങിയ ഈ പുസ്തകത്തിലൂടെ എന്താണ് കഥാകാരൻ പറയാൻ ശ്രമിക്കുന്നതെന്ന് അവതാരികയിൽ ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് ചോദിക്കുന്നുണ്ട്. സർവ്വലൗകികമായി കാരുണ്യം ഭൂമിയിൽ നിലകൊള്ളണം എന്ന സ്വപ്നമാണത്-ജാതി മത രാജ്യാതിർത്തികൾക്കപ്പുറം നൂറ മീരയെ കുറിച്ച് ആലോചിച്ച് വേദനിക്കുന്ന ഒരു ലോകം' നഗരച്ചൂടി'ൽ സ്പന്ദിക്കുന്നു. സ്നേഹത്തിൻ്റെ മൂർത്തരൂപങ്ങളാണ് 'കടൽ മുറ്റ 'ത്തിലെ മരക്കാരും പ്രിയതമ ആമിനയും 'ചൂട്ടു വെളിച്ച 'ത്തിലെയും ' അഖ്ലാക്കി'ലെയും വല്യുമ്മയും എല്ലാം.സാംസ്കാരിക മനുഷ്യൻ എന്ന ഒരു സ്വപ്നം ഈ കഥകളുടെ ഉപബോധമാണ്. ലൈബ്രറിയും പുസ്തകങ്ങളും പുതിയ കാലത്തെ തിരോധാന സങ്കടങ്ങളും എല്ലാം സലീമിൻ്റെ മിക്ക കഥകളിലും നിറഞ്ഞു നില്ക്കുന്നതായും പൊയ്ത്തുംകടവ് നിരീക്ഷിക്കുന്നു.മറ്റുള്ളവർ അഗണ്യമായി കരുതുന്ന ജീവിതത്തിൻ്റെ സാധാരണ കാഴ്ചകളും അസാധാരണ വിശകലനങ്ങളും ചുംബിച്ചു നില്ക്കുന്ന സലീമിൻ്റെ 'മെസപ്പൊട്ടേമിയ 'വായനക്കാരനെ സംബന്ധിച്ച് വേറിട്ടൊരു അനുഭവമാവാതെ തരമില്ല.'അനുഭവങ്ങളേയും ചുറ്റുപാടുകളേയും വസ്തുക്കളേയും തൻ്റെ പ്രത്യേകമായ നിരീക്ഷണത്തിലൂടെ അപൂർവ്വതയുള്ള വാങ്ങ്മയങ്ങളാക്കുന്നതാണ് ഈ കഥാകാരൻ്റെ ആഖ്യാന സവിശേഷത എന്നും എടുത്തു പറയേണ്ടതുണ്ട്.പ്രമേയത്തിലും ഭാഷയിലും പ്രസരിച്ചു നില്ക്കുന്ന ഭാവാത്മകത' ഒലീവ് കായയി'ലും 'ബി- പോസിറ്റീവി'ലും 'മീ ടൂ'വിലും തെളിയുന്നുണ്ട്.വായനയിൽ ആനന്ദവും ജീവിത പാഠവും നല്കുന്ന കഥകളാണിവയെങ്കിൽ എഴുത്തിൻ്റെ തെന്നപോലെ ഭാഷയുടേയും അതീവ സൗന്ദര്യം അവതരിപ്പിക്കുന്ന കഥകളാണ് 'മെസപ്പൊട്ടേമിയ 'യും 'സെയ്തുമുഹമ്മദ് സ്മാരക ഗ്രന്ഥശാല 'യും.ചരിത്രത്തെ വിസ്മരിച്ചു കൊണ്ട് ഒരെഴുത്തുകാരനും മുന്നോട്ടു പോവാനാവില്ലെന്നിരിക്കെ, ദേശത്തെ അടയാളപ്പെടുത്തുന്ന കഥകളുടെ കൂടി സൂക്ഷിപ്പുകാരനാവുന്നു സലിം കുരിക്കളകത്ത്.നാട്ടുഭാഷകളുടെ സമൃദ്ധി, നാടൻ കഥാപാത്രങ്ങളാവുന്ന ഉണ്ണി, ചക്കി, അസൈനാർ, പെരവൻ, കണ്ടൻ, മരക്കാർ, വാസു, കഥാകാരൻ്റെ മനസ്സ് പകർന്നു തരുന്ന സ്നേഹനിധിയായ വല്യുമ്മ ഇങ്ങനെ കുരിക്കളകത്തിൻ്റെ കഥാപ്രപഞ്ചം വ്യത്യസ്തവും ആഴമുള്ളതുമാണ്‌.വർത്തമാന ഇന്ത്യയുടെ പൊള്ളുന്ന മുഖം അടയാളപ്പെടുത്തുന്ന ഒരു കഥയുണ്ട് പൂർണ്ണ പബ്ലിക്കേഷൻ സ് പ്രസാധനം നിർവ്വഹിച്ച ഈ പുസ്തകത്തിൽ. സാംസ്കാരിക വകുപ്പിൻ്റെ തകഴി ചെറുകഥ (2016) പ്രത്യേക പുരസ്ക്കാരം നേടിയ 'അഖ്'ലാക്കിൻ്റെ മുഖം'. ബീഫ് കൈവശം വെച്ചതിൻ്റെ പേരിൽ ഉത്തരേന്ത്യയിലെ ദാദ്രിയിൽ കൊല്ലപ്പെട്ട അഖ്ലാക്കിനെ ഓർത്തു കൊണ്ടുള്ള ജാവേദിൻ്റേയും കുടുംബത്തിൻ്റേയും പേടിയാണ് ഈ കഥ.നൂറ കൊടുത്തയച്ച ഒരു ഇറച്ചിക്കേക്കാണ് ജാവേദിനെ ഭീതിയുടെ മുൾമുനയിൽ നിർത്തുന്നത്.പശു പാലകരെന്ന് പറയപ്പെടുന്ന ഗോ സംരക്ഷകരാണ് ചുറ്റിലുമെന്ന് ജാവേദ് ഭയപ്പെടുന്നു.എന്നാലിത് ജാവേദിൻ്റെ മാത്രം പ്രശ്നമല്ല. ഇന്ത്യയിലെ നൂറു കണക്കിന് ജാവേദുമാർ അനുഭവിച്ചുകൊണ്ടിരിക്കുന്ന പേടിയാണിത്.കൽബുർഗിയേയും പൻസാരയേയും ധബോൽക്കറേയും ഗൗരിലങ്കേഷിനേയും കൊന്നു തള്ളിയവർക്കുണ്ടോ ജാവേദ്മാരേയും ഫരീദാബാനുമാരേയും തീർക്കാൻ പ്രയാസം ? പക്ഷേ എത്ര കൊയ്താലും മുളച്ചു വരുന്ന നാവുകളാണ് സ്വാതന്ത്ര്യത്തിൻ്റെ തെന്ന് അവർ അറിയുന്നില്ല. സ്വാതന്ത്ര്യത്തിനു വേണ്ടി ത്യാഗങ്ങൾ ചെയ്തവർക്കേ അതിൻ്റെ വിലയറിയൂ. സമഗ്രാധിപത്യത്തിൻ്റെ അകത്തളങ്ങൾ ഇരുൾത്തളങ്ങളാണ്.വിവേകത്തിൻ്റെ വെളിച്ചം വീശാത്ത അന്ധ കൂപങ്ങളാണ്. അവിടെ മുളയ്ക്കുന്നത് ഭയത്തിൻ്റേയും ഭയപ്പെടുത്തലിൻ്റെയും രാഷ്ടീയമാണ്. അതാണ് സലീമിനെ പോലുള്ള എഴുത്തുകാർ തിരിച്ചറിഞ്ഞ് പ്രതിരോധിക്കേണ്ടത്.ജനാധിപത്യത്തിൻ്റേയും സ്വാതന്ത്ര്യത്തിൻ്റെയും ബഹുസ്വരതയുടേയും ലോകത്തെ ഭയപ്പെടുന്ന ഫാസിസ്റ്റുകൾ കാണിക്കുന്ന ഭ്രാന്തൻ ചെയ്തികൾ നിഷ്ഠൂരമായ കൊലകളായി മാറുന്ന കിരാത കാലത്ത് അക്ഷരങ്ങൾ എഴുതുന്ന സലീമിനെ പോലുള്ളവരെ നിശ്ശബ്ദരാക്കുവാൻ ആർക്കു കഴിയും?തീ പിടിച്ച മനസ്സിൻ്റെ എഴുത്തുകളുമായി ഈ കഥാകാരൻ ഇനിയും ബഹുദൂരം മുന്നോട്ടു പോവട്ടെ. സമാധാനത്തിനും സ്നേഹത്തിനും വേണ്ടി നിലകൊള്ളുന്ന മനസ്സുകൾക്ക് കുളിർമ്മ പ്രധാനം ചെയ്യുന്ന കഥകൾ ആ തൂലികയിൽ നിന്നും ഇനിയും ഉറവ യെടുക്കട്ടെ. ആശംസകൾ.

Rating: 5 of 5 Stars! [5 of 5 Stars!]