reviewed by null Date Added: Thursday 3 Dec 2020

'ബാവുൾ'"അവർ ഉറക്കം കളഞ്ഞ്പഠിക്കുമ്പോൾഞാൻ ഉണർന്നിരുന്ന്പുസ്തകം വായിക്കുംകാരണം ഞാൻ ഒരു ബാവുളാണ്ബാവുൾ എന്നതിന്വേരുകൾ ഇല്ലാത്തവൻഎന്നുകൂടി അർത്ഥമുണ്ട്"ഇവിടെ രണ്ടു പേരും വായിക്കുന്നത് പുസ്തകമാണ്. പക്ഷേ ബാവുളിൻ്റേത് അനന്തമായി നീളുന്ന സർഗ്ഗവായനയാണ്. അവൻ വേരുകളില്ലാതെ പ്രണയിക്കുകയാണ് .ബാവുൾ അവധൂത ഗായകനാണ്.നിർമ്മമനായ പ്രണയഗായകൻ - വേരുകളില്ലാത്തവൻ- ഒട്ടും ഗ്രാവിറ്റി ഇല്ലാത്തവൻ. അയാൾ അപ്പൂപ്പൻ താടി പോലെ പറക്കുകയാണ്. ഭാവനയുടെ ചിറകേറി അന്തമില്ലാത്ത യാത്ര. ഇവിടെ കവിയായ ബ്രദർ.ജിബു കൊച്ചു ചിറയും പറക്കുകയാണ് വേരുകളില്ലാതെ പ്രണയിച്ചുകൊണ്ട്‌. അങ്ങനെ കവി ബാബുളായി പരിണമിക്കുകയാണ്.കവി കുരീപ്പുഴ ശ്രീകുമാർ പറയും "കവിതയെന്നസ്വസ്ഥത, കവിതയെൻ സ്വസ്ഥത."അസ്വസ്ഥത അനിവാര്യമാക്കുന്ന, സ്വസ്ഥത അനിവാര്യമാക്കുന്ന കവിതായനം. Poetry indispensable - ഇതാണ് ബ്ര.ജിബുവിൻ്റെ കവിതായാത്ര. പരിണതപ്രജ്ഞരായ നിരൂപക ശിരോമണികൾ പറയും പോലെ എഴുത്താണിത്തുമ്പിൽ മുറിയപ്പെടുന്ന ചങ്കിലെ ചോരകൊണ്ടെഴുതിയ കവിതകൾ. അത്രമാത്രം ആത്മസംഘർഷങ്ങളിൽ കുളിർമഴയായി, പേമാരിയായി പെയ്തിറങ്ങുന്ന കവിതകൾ.'നാടകാന്തം കവിത്വം' - കവിയുടെ പൂർണത വിളംബരം ചെയ്യുന്നത് നാടകത്തിലാണ്.ഇവിടെ നാടകക്കാരനായ ആൾ കവിതാകാരനാകുന്നു. കവിത്വത്തിൻ്റെ പൂർണതയിൽ ഉരുവാക്കപ്പെടുന്ന കവിതാ സഞ്ചയം - അതാണ് 'ബാവുൾ വേരുകളില്ലാതെ പ്രണയിക്കുന്നവർ.'ഭ്രാന്ത് മുതൽ കൂട്ട് വരെയുള്ള 58 ചെറിയ, കുറുങ്കൻ കവിതകൾ ഒറ്റയിരുപ്പിൽ വായിച്ചു തീരും. അത്ര ഭാവനാതീക്ഷ്ണവും സംവേദനക്ഷമവുമാണ് ഈ കവിതകൾ.ചുറ്റുപാടുകളോട് സംവദിക്കുന്ന മനസ്സിൻ്റെ നിലയ്ക്കാത്ത പെയ്ത്താണീ കവിതകൾ."നിൻ്റെ മെലിഞ്ഞൊട്ടിയകവിളുകളെയും നിൻ്റെ കരുവാളിച്ചമുഖത്തെയുംനിൻ്റെ എല്ലുന്തിയ നെഞ്ചകത്തെയുംനിൻ്റെ വാടി ഉണങ്ങിയമാറിടത്തെയുംഞാൻ പ്രണയിക്കുന്നു"എന്ന് അട്ടഹസിക്കുന്ന ഭ്രാന്തൻ ജീവിതാവസ്ഥകളോട് സമരസപ്പെടുകയാണ്. വന്ന വഴി മറക്കാത്ത നൻമനസ്സിനെ ഭ്രാന്തനെന്നു വിളിക്കുന്ന സമകാലത്തിൻ്റെ ചെകിട്ടത്തുള്ള പ്രഹരമാണ് ഈ കവിത.'"വിരിഞ്ഞ പൂവ് പറഞ്ഞാണ് മഴ വെയിലിനെ അറിഞ്ഞത്.നനഞ്ഞ പെണ്ണിൻ്റെ ഉടുപ്പിൽ നിന്നാണ്വെയില് മഴയെ അറിഞ്ഞത്.പെണ്ണിനെ നനയ്ക്കാൻ അവൻഎത്തുമ്പോൾകണ്ടുമുട്ടാം എന്ന് വെയിലുംപൂവിനെ വിടർത്താൻ അവൾവരുമ്പോൾ കണ്ടുമുട്ടാംഎന്ന് മഴയും തീരുമാനിച്ചുറച്ചു."ഇവർക്കിടയിലെ ദൂത് പറയുന്നത് കാറ്റാണ്.മഴയും വെയിലും തമ്മിൽ കണ്ടുമുട്ടുന്നുണ്ട് കവിതയിൽ .പക്ഷേ പൂവു തേടിയിറങ്ങിയ നനഞ്ഞ പെണ്ണുമാത്രം തിരിച്ചെത്തുന്നില്ല. അവളെ കഴുകുകൾ കൊത്തിപ്പറിക്കുന്നത് കാണുന്നത് മഴയും വെയിലും കൊണ്ടിരിക്കുന്ന കാക്കയാണ്. ഭൗമീയർക്കായി പരലോകത്തേയ്ക്ക് ദൂത് പറയുന്നത് കാക്കകളാണല്ലോ .'' ഉദരത്തിൽ നിന്ന്ഒരു മീൻ കുഞ്ഞിൻ്റെ ചോദ്യംവേരിറക്കാൻഅൽപ്പം മണ്ണു തരുമോ? - മണ്ണ്മീൻ കുഞ്ഞിന് വേരോ? സമന്വയിക്കുന്ന പ്രകൃതിരൂപങ്ങൾ.കവിക്ക് ആത്മവിമർശനത്തിൻ്റെ ആയുധം കൂടിയാണ് കവിത അതിനാലാണ് 'ചിതലരിക്കുന്ന ദൈവങ്ങൾ 'എന്ന കവിതയിലെ ക്രിസ്തു തന്നെ ഗൗനിക്കാതെ കുർബ്ബാന ചൊല്ലുന്ന അച്ചനോട് ചോദിക്കുകയാണ്"ഒന്നീല്ലെങ്കിലും നിൻ്റെ ഒക്കെദൈവമല്ലേടോ ഞാൻ"അവസാനം അടിച്ചുതളിക്കാരി മറിയയ്ക്കൊപ്പം പോകുന്നു ദൈവം .പതിതരിലേക്ക് കൂടുമാറുന്ന ദൈവം.'കുഞ്ഞു ദൈവം' എന്ന കവിതയും ഇതിനോട് ചേർത്ത് വായിക്കണം. പ്രാർത്ഥന വെറും പ്രഹസനമായി മാറുന്നതിൻ്റെ നിദർശനമാണ് ഒന്നിച്ചിരുന്ന് പ്രാർത്ഥിച്ച് പെയ്ത മഴ കോൺക്രീറ്റിൽ തലതല്ലി മരിച്ചതിനു ശേഷമുള്ള ഒപ്പീസ് (ഒപ്പീസ്)അചേതനങ്ങളിൽ പോലും ജീവചൈതന്യം ആരോപിക്കുന്ന ഭാവനാ സുഭഗതയാണ് തേഞ്ഞു തീരാറായ ചെരുപ്പിൻ്റെ പര്യമ്പുറക്കാഴ്ച്ചയേ ഇണ തേടലെന്ന് നിരൂപിക്കുന്നത്. (ചെരുപ്പ് ). 'പെട്ടി' യും ഇതുപോലെ പെഴ്സോണി ഫൈ ചെയ്യപ്പെടുകയാണ്.വരിഞ്ഞുമുറുകലുകളിൽ മരണം തേടുന്നവൻ്റെ പ്രതിനിധിയാണ് മഴുവിനെ പ്രണയിക്കുന്ന മരം (മഴു).പണ്ടെല്ലാം തന്ന മൂവാണ്ടൻ മാവിന് ചിതയൊരുക്കാൻ കരുതി വച്ചിരിക്കുന്ന" എൻ്റെ കട്ടിപിടിച്ച ചോരയും മരവിച്ച മാംസവും ". (ചിത) മൂവാണ്ടൻ മാവിൻ്റെ ചിതയിൽ ഇന്ധനമാകുന്ന കവി ശരീരം. എന്തൊരു കടം വീട്ടലാണ്.കവിതായനം കവിക്ക് ആത്മവിമലീകരണത്തിൻ്റെ സഞ്ചാര പഥമാണ്.'കറുത്തവരികൾ ' എന്ന കവിതയിൽ കറുത്തതിനെ വെളുപ്പിക്കാനള്ള തന്ത്രമന്വേഷിക്കുകയാണ് കവി.പ്രണയിനിയുടെ കൈപ്പടം വാങ്ങി തൻ്റെ സ്വപ്നങ്ങൾ അതിൽ മറഞ്ഞിരിപ്പുണ്ടോയെന്ന സൂക്ഷ്മദർശനം നടത്തുന്ന കാമുകൻ (അസ്ഥിയുടെ അസ്ഥി) നവയുഗ കാമുകൻ്റെ പ്രതിരൂപമാണ്.മുത്തശ്ശിയുടെ കറിയുടെയത്ര സ്വാദില്ലാത്ത അമ്മയുടെ കറി, അമ്മ അരങ്ങൊഴിഞ്ഞപ്പോൾ, അമ്മയുടെ കറിയുടെയത്ര സ്വാദില്ലാത്ത വേലക്കാരിയുടെ കറി (അടുക്കള). എത്ര മനോഹരമായാണ് നൊസ്റ്റാൾജിയ പറഞ്ഞുവയ്ക്കന്നത്.കാലത്തിൻ്റെ ദശാസന്ധിയിൽ നിൽക്കുമ്പോൾ അവൾ പരിതപിക്കുകയാണ് "അവളുടെ ചുണ്ടുകൾ ഇത്രമേൽ കറുത്തിരുന്നില്ല, അവളുടെ മുടികളിൽ ഇത്രമേൽ നരകയറിയിരുന്നില്ല, അവൾ അത്രമേൽ മെലിഞ്ഞൊട്ടിയിരുന്നില്ല, അവളിതല്ല" (അവൾ )നഷ്ടസ്വപ്നങ്ങളുടെ ചിതയ്ക്കരുകിൽ നിൽക്കുന്നവൾ ഗൃഹാതുരയാകുകയാണ്. അവൾ തിരിച്ചു നടക്കുമ്പോൾ കവി വല്ലാത്തൊരു അസ്തിത്വ പ്രതിസന്ധി നേരിടുകയാണ്."നീ മരിച്ചതറിയാതെ " (അവളുടെ മറുപടി) ജീവിക്കുന്ന അവളും പഴയ കാലം സ്വപ്നം കാണുകയാണ് - കാത്തിരിക്കുകയാണ്. കാത്തിരിപ്പുകളുടേതാണല്ലോ ജീവിതം.നിത്യമായി നഷ്ടപ്പെടുമ്പോൾ തിരിച്ചറിയുന്ന കരുതലിൻ്റെ കൈപ്പടമാണ് 'താക്കോൽ' എന്ന കവിത.ബാല്യത്തോട് സംവദിക്കുമ്പോൾ നിൻ്റെ ദു:ഖങ്ങളുടെ മറ്റൊരു ശേഷിപ്പെന്നാണ് കവി സ്വയംവിശേഷിപ്പിക്കുക (ഒരേ നോവ്). ഇവിടെപഴയ വടുക്കളിൽ കവിതയുടെ ബീജം തേടുകയാണ് കവി."വലതുവശം" എന്ന കവിത സ്വർഗ്ഗ- നരകങ്ങളുടെ അനന്യ ഭാവനയാണ്.ദുഷ്ട - ശിഷ്ടരെ ഒരുമിച്ചിരുത്തി അന്നമൂട്ടുന്ന ദൈവം. "അതേ നരകമെന്നൊന്നില്ലഅർഹിക്കാത്തത് നൽകുന്നതാണത്രേ ദൈവത്തിൻ്റെ മധുര പ്രതികാരം"കവിയുടെ" ഒറ്റാൽ" ൽ പോലും ചൂണ്ടയുണ്ട് .അമിതമായ സർവൈലൻസെന്ന ഒറ്റാലിൽ കുരുക്കിലാക്കപ്പെടുന്ന ആധുനിക മനുഷ്യൻ്റെ നേർച്ചിത്രമാണത്.കടമകളുടെ പുതപ്പിനുള്ളിൽ മറയുന്ന "സ്ത്രീ" യിൽ നിന്ന് 'അമ്മയുറങ്ങാത്ത വീട് ' 'അണയുമ്പോൾ "മുണ്ടു മടക്കാതെ, പുക തുപ്പാതെ" നട്ടെല്ലുയർത്തുന്ന സ്ത്രീയായി അവൾ പരിണമിക്കുമ്പോൾ കവി സ്ത്രീ പക്ഷം ചേരുകയാണ്. 'രാത്രികൾ പനിക്കുമ്പോൾ 'എന്ന കവിതയും ഇതിനോട് ചേർത്ത് വായിക്കണം.കവി ഇങ്ങനെയാണ് സ്വയം അടയാളപ്പെടുത്തുന്നത്- "ഉള്ളിലുള്ളവനും കൂടെയുള്ളവനും ഇടയിലാണു ഞാൻ.ഉള്ളിലുള്ളവനാണ് കവി. കൂടെയുള്ളവനുറങ്ങുമ്പോൾ ഉള്ളിലുള്ളവനുണരുന്നു." എല്ലാം പരിത്യജിക്കുമ്പോൾ - സ്വയംശൂന്യവൽക്കരണത്തിൻ്റെ പര കോടിയിൽ ഉണരുന്നതാണ് കവിതയെന്ന ഉദാത്ത ദർശനമാണ് 'കവി' എന്ന കവിത. ബോധമനസ്സും അബോധമനസ്സും നടത്തുന്ന ദ്വന്ദ യുദ്ധത്തിൽ ബോധമനുഷ്യൻ അപ്രസക്തനാകുമ്പോൾ തന്നിലുണരുന്ന അബോധതലമാണ് കവിതയെന്ന തിരിച്ചറിവ് "Poetry is the Sponteneouട flow of powerful feelings" എന്ന സുവിദിത സിദ്ധാന്തത്തെ സാധൂകരിക്കുന്നു.എട്ടുകാലി വലയിൽ ശയിക്കാൻ വെമ്പിയ ഉണക്കില (ഇല)ജീവിതത്തിൻ്റെ നിശ്ചയമില്ലായ്മയുടെ നേർച്ചിത്രമാണ്. എട്ടുകാലി വലയുടെ നിസ്സാരതയെ മഴ പൊട്ടിച്ചെറിയുമ്പോൾ ഇവയെ " കാമുകനായ ഭൂമി"കയ്യേറ്റുകയാണ്. വല്ലാത്തൊരു നിർവൃതിയിൽ വിലയം കൊള്ളുകയാണില .കരിയിലയെ കാമിനിയാക്കുന്ന ഭൂമിയുടെ കാമുക ഭാവം അന്യാദൃശ്യമായ ഭാവനക്കരുത്താണ്. അതിനൊരു മെറ്റഫിസിക്കൽ തലം കൂടിയുണ്ട്."ജീവിതം" എന്ന കവിത പുറംതോലുപോലും ഉപേക്ഷിച്ച് വേരറുക്കുന്നവൻ്റെതാണ്.'ഇന്നലെ 'അതുപോലെ തുടരുമ്പോഴും ഇന്നലെയില്ലാത്തവനായി ആചാദചൂഢം മാറുന്ന മെറ്റമോർഫോസിസ്.സമാഹാരത്തിലെ 58 കവിതകളും കാമ്പുള്ളവയാണ്. അവ ഭാവന കൊണ്ടും കവന ചാതുരി കൊണ്ടും ഇമേജറികൾ കൊണ്ടും സമ്പുഷ്ടമാണ്." നിൻ്റെ നിശ്ശബ്ദതകൾഎന്നിൽ മരണവീട് കെട്ടുമ്പോൾഅറിയാതെപ്പഴോ മോഹിച്ചയാത്ര" ( യാത്ര) പുഴയെ നിർവ്വചിക്കുന്നത്"വെയിലേറ്റ ഉടലിൽപറ്റി നിന്ന തുണിയുടെകണ്ണുനീരായിരുന്നു" (ഒളിച്ചോട്ടം) " കുടത്തിൽ വായു തിന്നു മരിച്ചിരിക്കുന്ന വരാൽ " (ഉറക്കമുണരുമ്പോൾ )"മറുപടിയില്ലാത്ത മൗനങ്ങൾഫോൺ കോളുകളായിനിലവിളിച്ചു കൊണ്ടിരിക്കും " ( ഒടുക്കം )"ഒരേ മോഹത്തിൻ്റെ ശേഷിപ്പുകൾ" ( നന്ദിത )"ഉപ്പിലിട്ട സ്വപ്നങ്ങൾ ""ഒറ്റമാവിൻ കൊമ്പിൽഒറ്റയ്ക്കായിപ്പോയി ചില മാങ്ങകൾഒറ്റയാനായി ഏറുകൾ കൊണ്ടവൻമൂക്കാതെ നിലത്തു വീണുനമ്മുടെ ചില വീടുകളിലെഒറ്റക്കഞ്ഞുങ്ങളെപ്പോലെ" ( ഒന്ന് )" ചെ 'യുടെ വായ്ക്കുള്ളിലെ പുക പോലെ എളുപ്പമല്ല സ്വാതന്ത്ര്യം "(പുകയുന്ന സ്വാതന്ത്ര്യം ) എന്തൊരാക്ഷേപഹാസ്യം.വേരില്ലാതെ പ്രണയിക്കുന്ന ഈ ജൈവമനുഷ്യൻ മലരായും മധുവായും മാനായും പുനർജ്ജനിക്കണമെന്ന് കാംക്ഷിക്കമ്പോൾ ( പുനർജ്ജനി )ഒരു ഒപ്ടിമിസ്റ്റിൻ്റെ ജനനം കൂടിയാണ് കവിതകളിൽ സംഭവിക്കുന്നത്. കവി നൽകുന്നത് അപാരമായ മനുഷ്യസ്നേഹമാണ്" പറിച്ചു നട്ടാൽമുളയ്ക്കാത്ത ചില കൂട്ടുകൾഅതിൻ്റെ വേരിറങ്ങിയത്മണ്ണിലല്ലഹൃദയത്തിലാണ്" (അതിജീവനത്തിനൊടുവിൽ )ബ്ര.ജിബു പിറന്നത് എടത്വയിലാണെന്നത് എൻ്റെ നാടിൻ്റെ പുണ്യം. വിധി നിയോഗം കൊണ്ട് കവിയുടെ അധ്യാപകനാകാൻ കഴിഞ്ഞത് ഭാഗ്യം.ഇത് ആദ്യസമാഹാരമോയെന്ന് കവിതയെ ഗൗരവമായി സമീപിക്കുന്ന ഏതൊരാൾക്കും സന്ദേഹമുണ്ടാകാം. അത്ര സ്ഫുടം ചെയ്തെടുത്ത കവിതകൾ. ഹൃദയത്തിൽ കവിതയുടെ ദൈവസ്പർശമുള്ളൊരാൾ. ബ്ര.ജിബുവിൻ്റെ മനസ്സിൽ കവിതയുടെ കനലെരിയട്ടെ, ഇനിയും ഉയരങ്ങൾ താണ്ടട്ടെ....... 'ഗൗളി' യിലെ പെൺകുട്ടി ഭ്രാന്തിയാണ്. സർഗ്ഗ ശക്തിയുടെ തിരത്തള്ളലിൽ സാമാന്യജനം ഭ്രാന്തിയെന്നു വിളിച്ചവൾ .അവൾ ചിത്രകാരിയാണ്."ജീവനുള്ള ചിത്രശലഭങ്ങൾ പോലും അവൾ വരച്ച ചിത്രശലഭങ്ങളോട് ഇണ ചേരാൻ വന്നിരുന്നു.വൈകിട്ട് അങ്ങനവാടി വിട്ട് വരുമ്പോൾ ഞങ്ങളുടെ വാട്ടർ തോക്കുകൾ അവളുടെ ചിത്രശലഭങ്ങളെ കൊന്നു തിന്നും. ഞങ്ങൾ ഒരു നുണ പറയും നിൻ്റെ ചിത്രശലഭങ്ങളെ ഗൗളി പിടിച്ചു .ഗൗളി പിടിച്ചത് അവളുടെ ചിത്രശലഭങ്ങളെയല്ല അവളുടെ നിറങ്ങളേയാണ്".കവിയുടെ നിറങ്ങളെ, ഒന്നും കവരാതിരിക്കട്ടെ.ടോം.ജെ.കൂട്ടക്കര

Rating: 5 of 5 Stars! [5 of 5 Stars!]