reviewed by null Date Added: Monday 11 Oct 2021

ശിഖണ്ഡിനി എന്ന\r\nമഹാഭാരത സ്ത്രീ\r\n - എൻ.ശ്രീകുമാർ\r\n\r\n[ഷീജ വക്കം എഴുതിയ ശിഖണ്ഡിനി എന്ന കൃതിയെക്കുറിച്ച് ]\r\n\r\nനേർവര പോലെ, തികച്ചും ഋജുവായ അവതരണ ഭംഗി, നാടകീയത നിറഞ്ഞ ആവിഷ്ക്കാരം, സൗരഭ്യം പരത്തുന്ന ഭാഷ, വിമർശന വായനയുടെ യുക്തിബോധം, വർത്തമാന സാമൂഹിക ജീവിതത്തെ ദർപ്പണത്തിലെന്നപോലെ പ്രതിബിംബിപ്പിക്കൽ, ഇത്തരത്തിൽ ശിഖണ്ഡിനി എന്ന കാവ്യ നോവൽ വ്യത്യസ്തമായൊരു വായനാനുഭവത്തിന്റെ ഉള്ളു നീറുന്ന സുഖവും തിരിച്ചറിവും പകരുന്നു. മഹാഭാരത കാലവും കഥാപാത്രങ്ങളും സംഭവങ്ങളും ഇന്നിന്റെ യുക്തിബോധത്തിൽ പുനർവായനക്ക് വിധേയമാക്കുകയാണ് ഈ കാവ്യോപഹാരം. ഒരു പക്ഷേ ഏറ്റവും അനിവാര്യമായൊരന്വേഷണമാണ് ഈ കവിതയെന്ന് വായിച്ചു കഴിയുമ്പോൾ ബോധ്യമാകും. കുട്ടികൃഷ്ണമാരാരുടെ ഭാരതപര്യടനത്തിന്റെയും എം.ടി.യുടെ രണ്ടാമൂഴത്തിന്റെയും ഭ്രമണ പാത തന്നെയാണ് കവിതയുടേതെന്ന് വേണമെങ്കിൽ നിരീക്ഷിക്കാം. എന്നാൽ, തികച്ചും സാംഗത്യമുള്ള ആവിഷ്കാരത്തിലൂടെ ഈ കവിത മലയാളത്തിന് വായനയുടെ നവ്യമായൊരനുഭൂതി കരുതി വെച്ചിട്ടുണ്ടെന്ന് നിശ്ചയം .\r\n \r\n\r\nചാരം മൂടിയ കനൽ \r\n\r\n മഹാഭാരതമെന്ന ഇതിഹാസ കാവ്യത്തിന് എത്രയോ അധികം പുനർവായനകൾ ഉണ്ടായിട്ടുണ്ട്. എന്നാൽ, ശിഖണ്ഡിനി എന്ന, ഭീഷ്മ നിഗ്രഹത്തിലൂടെ കുരുക്ഷേത്ര യുദ്ധത്തിന് അന്തിമഫലം നിർണ്ണയിച്ച സുപ്രധാന ഇതിഹാസ സംഭവത്തിന് കാരണഭൂതമായ കഥാപാത്രത്തെ തിരച്ചറിഞ്ഞുള്ള ഒരു വായന മലയാളത്തിലെങ്കിലും തീർത്തും അപൂർവ്വമാണ്. ആണും പെണ്ണും കെട്ടവളെന്ന് വിധിയെഴുതിയ കഥാപാത്രത്തെക്കുറിച്ചാരാണ് അന്വേഷിക്കാനുണ്ടാവുക?! ആധുനിക നിയമനിർമ്മാണങ്ങളുടെ പിൻബലമുള്ള കാലത്തും മൂന്നാം ലിംഗക്കാർ നേരിടുന്ന അസ്തിത്വ പ്രതിസന്ധികൾ , അവരുടെ വേദനയായി മാത്രം അവശേഷിക്കുകയാണല്ലോ. യഥാർഥത്തിൽ ആൺ വേഷം കെട്ടിമറയ്ക്കേണ്ടി വന്ന പച്ചയായ പെണ്ണായിരുന്നു ശിഖണ്ഡിനി എന്നത് വേറെ കാര്യം. എന്നാൽ, മഹാഭാരത കഥയിലെ നിർണായക സാന്നിധ്യമാണ് ശിഖണ്ഡിനി എന്ന് തിരിച്ചറിയുകയും, അപരിമേയമായ സ്ത്രീത്വത്തിന്റെ ശക്തിയാണവളെന്ന് ബോധ്യപ്പെടുത്തുകയും ചെയ്തതിലൂടെ ഇതിഹാസത്തിലെ മഹാസംഭവ പരമ്പരകളിലൂടെ ചാരം മൂടിക്കിടന്ന കഥാപാത്രം അഗ്നി നാളമായി പുനർജനിക്കുകയാണ് , ഈ കവിതയിലൂടെ. ആൺ ആധിപത്യം കെട്ടിക്കൊടുത്ത പുറംമോടികൾക്കു മേലാണ് നെഞ്ചു പിളരുന്ന ഒരു ദിവ്യാസ്ത്രം പോലെ ഈ വിമർശന വായനയുടെ തിരിച്ചറിവ് വന്നു പതിക്കുന്നത്.\r\n\r\nമഹാഭാരതത്തിൽ, ഭീഷ്മർ എന്ന മഹാനായ ശസ്ത്രപാരംഗതൻ , ഒരു ശിഖണ്ഡിയോട് എതിർക്കാനില്ലെന്ന് തീരുമാനിച്ച് തന്റെ ആയുധം താഴെ വെച്ചെന്ന സാമാന്യ വായനയിൽ, പ്രകീർത്തിക്കപ്പെടുകയാണ്. ആ സാമ്പ്രദായിക കഴ്ചപ്പാടിനും വായനയ്ക്കുമപ്പുറം ചില സത്യങ്ങളുണ്ടെന്ന് കാവ്യം വിളംബരം ചെയ്യുന്നു. തന്റെ പ്രാണപ്രിയനായ സാല്വനെന്ന രാജകുമാരനെ സ്വയം വരിക്കാൻ തീരുമാനിച്ചുറപ്പിച്ചിടത്തു നിന്നാണ് അംബയെ ബലാൽക്കാരമായി , തന്റെ സഹോദരൻ വിചിത്രവീര്യനു വേണ്ടി , ഭീഷ്മർ നിഷ്ക്കരുണം പിടിച്ചു കൊണ്ടുപോയത്. ആ നടപടി അവളെ ജീവിതത്തിൽ നിന്നു തന്നെ പരിത്യക്തയാക്കി. അവമതിക്കപ്പെട്ട ഒരു സ്ത്രീ ജന്മത്തിന്റെ പകയുടെ മൂർത്തീ രൂപമാണ് തന്നെ രക്ഷപ്പെടാൻ അനുവദിക്കില്ലെന്ന് തീരുമാനിച്ച് മുന്നിൽ ധീരയായി നിൽക്കുന്നതെന്ന് ബോധ്യമായപ്പോഴായിരിക്കണം , ആണും പെണ്ണും അല്ലാത്തവരോടുള്ള പോരാട്ടത്തിനില്ലെന്ന വിപരീത ബുദ്ധിയിലേക്ക് അദ്ദേഹത്തെ ചിന്തിപ്പിച്ചിരിക്കാനിടയുള്ളതെന്ന വായന പക്ഷേ, എന്തേ, ഇതുവരെ നടന്നില്ല എന്നറിയുമ്പോൾ അദ്ഭുതം തോന്നാം. ഭീഷ്മരെ ഇന്നു ലോകർ വായിച്ചറിഞ്ഞ ഭീഷ്മരായി വാഴിക്കാൻ, കുരുക്ഷേത്രത്തിൽ കൗരവരുടെ സർവ്വ സൈന്യാധിപനായ അദ്ദേഹത്തിന്റെ ശസ്ത്രങ്ങൾ ദുർബ്ബലപ്പെടുത്തിയ ആളെ വ്യക്തിത്വമില്ലാതാക്കുന്നതാകും നല്ലതെന്ന് ഇതിഹാസകാരനും കരുതിയിരിക്കുമോ? ഏതായാലും മഹാഭാരത വ്യാഖ്യാനത്തിൽ തീരെ സ്ഥാനമാർജിക്കാനാവാതെ പോയ ഒരു കഥാപാത്രത്തെ, മജ്ജയും മാംസവുമുള്ള സ്ത്രീ ശക്തിയുടെ സമസ്ത സൗന്ദര്യങ്ങളിലൂടെയും പുനർസൃഷ്ടിക്കാനുള്ള ഉദ്യമം വായനക്കാരിൽ നല്ല പ്രതീക്ഷയും ഊർജവും പകരുന്നതാണ്.\r\n\r\nശിഖണ്ഡിനിയെ പുനർവായിക്കുമ്പോൾ\r\n\r\nഅംബയുടെ പുനർജന്മമാണ് ദ്രുപദപുത്രിയായ ശിഖണ്ഡിനിയെന്ന് മഹാഭാരതത്തിൽ പറയുന്നത് ഈ കവിതയിലും സർവ സ്വീകര്യമായി നിലനിൽക്കുന്നു. എന്നാൽ, കുരുവംശസ്ഥനായ ഭീഷ്മരെ വെല്ലുന്ന ഒരാൺകുഞ്ഞിനായി ശിവ വരം നേടി കാത്തിരുന്ന ദ്രുപദനെന്ന പിതാവിന് ഒരു പെൺകുഞ്ഞാണ് പിറന്നതെന്ന് ലോകർക്കു മുമ്പിൽ പറയാൻ ശക്തിയുണ്ടായില്ല. ശിവന്റെ വരദാനമായി ഒരാൺകുഞ്ഞ് ജനിക്കുന്നത് അത്രമാത്രം അദ്ദേഹം ആഘോഷിച്ചിരുന്നു. അതുകൊണ്ട്, ജാള്യത മറയ്ക്കാൻ അവളെ ആൺ വേഷം കെട്ടിക്കേണ്ട ഗതികേടു സംഭവിച്ചു. ആണത്തം ലോകരിൽ ഉറപ്പിക്കാൻ ഒരു രാജപുത്രിയെക്കൊണ്ട് വിവാഹം ചെയ്യിക്കേണ്ടതായും വന്നു. എന്നാൽ, തന്റെ നിർബന്ധിത വേഷം കെട്ടൽ ശിഖണ്ഡിനി തുറന്നു പറഞ്ഞതോടെ, വധുവായ ദശാർണ്ണ രാജാവിന്റെ മകൾ സ്വന്തം രാജ്യത്ത് വിവരം അറിയിച്ചു. ഈ മഹാനാടകത്തിന്റെ ഫലമായി സംഭവിക്കാനിടയുള്ള മാനഹാനിയും ആപത്തുകളും ഒഴിവാക്കാൻ ശിഖണ്ഡിനി വനത്തിലേക്ക് രക്ഷപ്പെടുകയാണ്. അവിടെ അവൾ സന്ധിച്ച യക്ഷരാജാവ് കുബേരൻ അവൾക്ക് ആത്മ വിശ്വാസമേകുക മാത്രമല്ല, പുരുഷ വേഷം കെട്ടിച്ച് മകളെ വിവാഹം ചെയ്തതിന്റെ പ്രതികാരമായി പാഞ്ചാലരാജ്യത്തോട് യുദ്ധം പ്രഖ്യാപിച്ച ദശാർണ്ണ രാജാവിന്റെ സൈന്യത്തെ ഭയപ്പെടുത്തി അകറ്റാനും സഹായിച്ചു. കൊടും ക്രൂരമായ യക്ഷ രാക്ഷസരുടെ വനത്തിൽ നിന്ന് ഒരു പോറൽ പോലും ഏൽക്കാതെ രാജ്യത്തെ രക്ഷിച്ച് തിരികെയെത്തിയവളെന്ന ഖ്യാതിയും ശിഖണ്ഡിനിക്കു കൈവന്നു. യക്ഷ രാജാവ് കടം കൊടുത്ത പുരുഷത്വമേന്തി വിവാഹ ജീവിതം തുടർന്ന ശിഖണ്ഡിനിയാണ് ഇതിഹാസത്തിലുള്ളതെങ്കിൽ, അത്തരമൊരു വേഷ പകർച്ചക്ക് തയ്യാറാക്കാതെ ശിഖണ്ഡിനിയെ പെണ്ണായി നിലനിർത്താനാണ് ഈ കൃതി ഔചിത്യത്തോടെ നിലപാടെടുത്തിട്ടുള്ളത്. പാഞ്ചാലരാജ്യത്തോടുള്ള തന്റെ പക തീർക്കാൻ, ദ്രോണാചാര്യർ അർജുനന്റെ നേതൃത്വത്തിൽ സൈന്യത്തെ നയിച്ചെത്തിയ വേളയിൽ, അർജുനനോട് ശിഖണ്ഡിനിക്കും തിരിച്ചും ഉള്ളിലുദിച്ച പ്രണയ സ്ഫുലിംഗങ്ങൾ അഗ്നിയായി സിരകളെ ആവാഹിച്ചതും ഇതിഹാസത്തിൽ നിന്നു വേറിട്ട ആവിഷ്കാര ഭംഗിയായി കവിത പുലർത്തുന്നു. യാഗാഗ്നിയിൽ നിന്ന് ദ്രുപദന് ജനിച്ച മകൾ ദ്രൗപദിയുടെ സ്വയംവരവും തുടർന്ന് പാഞ്ചാലരാജ കൊട്ടാരത്തിൽ തങ്ങി ആയുധാഭ്യസനം നടത്തുന്ന തിനുമിടെ കൂടുതൽ അർജുനനുമായി ഇണങ്ങാനും ഇടപഴകാനും അവൾക്ക് അവസരം വന്നു. വിരഹ വേദനയോടെ പാണ്ഡവർക്കൊപ്പം അർജുനൻ ഖാണ്ഡവ പ്രസ്ഥത്തിലേക്ക് പിരിഞ്ഞെങ്കിലും വനത്തിലെ യക്ഷരാജ മന്ദിരത്തിൽ വെച്ച് അർജുനനുമായി വീണ്ടും സന്ധിക്കാനും ആ സമാഗമത്തിൽ ഒരു പുത്ര ഭാഗ്യം നേടാനും ശിഖണ്ഡിനിക്ക് സാധിച്ചു. മാതൃ ഭാഗ്യം ഏത് സ്ത്രീയാണാഗ്രഹിക്കാത്തത്. പുറമേ പുരുഷ വേഷം ധരിച്ചവളെന്നതിനാൽ, സൗഭാഗ്യമായി ലഭിച്ച പുത്രനെ അളകാപുരിയിലെ യക്ഷ ഗണത്തെ ഏൽപ്പിച്ച് മാതൃത്വം വേദനയോടെ വേർപെടുത്തി പഞ്ചാലത്തിലേക്ക് തിരിക്കേണ്ടി വന്നു, അവൾക്ക് . കുരുക്ഷേത്ര യുദ്ധത്തിൽ പാണ്ഡവരുടെ ഏഴ് അക്ഷൗഹിണി പടകളിലൊന്നിനെ നയിച്ച് ഭീഷ്മ പിതാമഹനെ ആയുധം കൊണ്ടും മനസ്സുകൊണ്ടും അവൾ നിർവീര്യനാക്കി. യുദ്ധാവസാനം തന്റെ പാതി ജീവനായ മകനടക്കമുള്ള സ്വന്തക്കാരെ അഗ്നിക്കിരയാക്കിയ അശ്വത്ഥാമാവിനോട് യുദ്ധം ചെയ്ത് വീരോചിതമായി മരണം ഏറ്റുവാങ്ങിയവളുമാണ് ശിഖണ്ഡിനിയിലെ കഥാനായിക. ഇത്ര തീവ്രതയുള്ള അനുഭവങ്ങളിലൂടെ സഞ്ചരിച്ച ഒരു സ്ത്രീ, ഇതിഹാസ കവിതയുടെ വരികളിൽ വ്യക്തിത്വമില്ലാത്തവളായി, മറക്കപ്പെട്ടതെന്തുകൊണ്ടാകാം?!\r\n\r\nഭീഷ്മരുടെ പതനമാണ് കുരുക്ഷേത്ര യുദ്ധത്തിന്റെ നിർണായക ഗതി നിർണയിക്കുന്നത്. ശ്രീകൃഷ്ണന് അത് നല്ല നിശ്ചയമുണ്ടായിരുന്നു. പാണ്ഡവർ അതിനായുള്ള തുറുപ്പ് ചീട്ടായി കരുതിയ നായികയായിരുന്നു , ശിഖണ്ഡിനി. നിർണ്ണായക ഘട്ടത്തിൽ ശ്രീകൃഷ്ണൻ അത് ഉപയോഗിക്കുകയും ചെയ്തു. ഒരു പക്ഷേ, പാണ്ഡവപക്ഷത്തിന് ഏറ്റവും വിശ്വസ്തമായി ചങ്കുറപ്പോടെ പടനയിച്ച ഈ സ്ത്രീ പോരാളിയിലൂടെ !. പോരിൽ, കുരുക്ഷേത്ര ഭൂമിയിൽ അർജുനന് പോലും മന:ചാഞ്ചല്യമാണ്ടപ്പൊഴും തന്റെ ജന്മലക്ഷ്യത്തിലേക്ക് ഉത്തരവാദിത്ത ബോധത്തോടെ ചുവടു വെക്കുന്ന സ്ത്രീയെയാണ് ശിഖണ്ഡിനിയിൽ കാണാനാകുന്നത്. അവൾ നയിക്കുകയും വിജയിക്കുകയും ചെയ്തു. അവൾ എയ്ത അസ്ത്ര സഹസ്രങ്ങളേറ്റ് ഭീഷ്മർ രക്തത്തിൽ മുങ്ങി യുദ്ധം അവസാനിപ്പിച്ച ദൃശ്യമാണ് കവിത വിളംബരം ചെയ്യുന്നത്. ഉന്മാദിനിയെപ്പോലെ അലറികൊണ്ട് ഭീഷ്മരെ വീഴ്ത്തിയ അവൾ മഹാഭാരത കഥയിലെ ഏത് ആൺ പോരിമയെപ്പോലെയും എടുത്തു പറയാവുന്ന സ്ത്രീ അടയാളപ്പെടുത്തലായി മാറുന്നുണ്ട്, ശിഖണ്ഡി നിയിൽ.\r\n\r\nഇതിഹാസത്തിന്റെ വിമർശന പക്ഷം\r\n\r\nമഹാഭാരതത്തിലെ ഉത്തുംഗ ശ്രേണിയിൽ പെടുന്നതുപോയിട്ട് , വെറും സ്ത്രീ കഥാപാത്ര പരിഗണനയിൽ പോലും ശിഖണ്ഡിനി ഉൾപ്പെടുന്നില്ല. എന്നാൽ, സാധാരണഗതിയിൽ , ഭാവശുദ്ധിയുള്ള ഭാരതസ്ത്രീകളെ നിർവചിക്കുന്ന എല്ലാ മാനദണ്ഡങ്ങളും അനുസരിക്കുന്നവളായി, സഹനത്തിന്റെയും ത്യാഗത്തിന്റെയും ഉത്തമ മാതൃകയായി ശിഖണ്ഡിനി തിളങ്ങി നിൽക്കുന്നവളാണ്. ഏതൊരു ഉത്തമ സ്ത്രീയെയും പോലെ തന്നെ പ്രണയവും സ്നേഹവും മാതൃത്വവും അവൾ നിലനിർത്തുന്നു. സ്ത്രീത്വത്തെ വിലകൽപ്പിക്കാത്തവരോടുള്ള അടങ്ങാത്ത പകയും അവൾ അന്ത്യം വരെ കെടാതെ സൂക്ഷിച്ചതാണ് കവിതയ്ക്ക് വർത്തമാന സാമൂഹിക ജീവതത്തിൽ ഊർജം പകരുന്നത്. പുരുഷപക്ഷത്തിന്റെ സങ്കുചിത താൽപര്യങ്ങൾക്കു വിധേയമായാണ് അവൾക്ക് ജീവിതം ഹോമിക്കേണ്ട അവസ്ഥ വന്നു ചേർന്നതെന്ന് , കാവ്യം പ്രത്യേകം ഓർമ്മിപ്പിക്കുന്നുണ്ട്. പുത്രനു വേണ്ടി ദാഹിച്ച അച്ഛനു പിറന്നു പോയ പുത്രി, ആണായി വേഷം കെട്ടാനും , മറ്റൊരു പെണ്ണിനെ വിവാഹം കഴിക്കാനും വരെ വിധിക്കപ്പെട്ടു. സ്ത്രീകൾ പ്രസവിക്കുമ്പോൾ, കുട്ടി പെണ്ണ് എന്ന് കേൾക്കുമ്പോൾ ഇച്ഛാഭംഗം തോന്നുന്ന എല്ലാ പുരുഷന്മാരുടെയും പ്രതിനിധി കൂടിയാണോ , പിതാവായ ദ്രുപദർ എന്ന് സംശയിക്കണം. അവളുടെ പ്രണയ സൂര്യനായി ജ്വലിച്ച അർജുനൻ, പിതാവിന്റെ യഥാർഥ പുത്രിയായ തന്റെ കൺമുന്നിൽ വെച്ചു തന്നെ പിതാവിന്റെ പുത്രിയെന്ന മേൽവിലാസമുള്ള മറ്റൊരു പുത്രിയെ - ദ്രൗപതിയെ - വരണമാല്യം ചാർത്തുന്നതിന് മൂക സാക്ഷിയായി നിൽക്കേണ്ടതായും വരുന്നു. പ്രണയാതുരനിൽ നിന്ന് സ്വന്തം രക്തത്തിൽ പിറന്ന കുഞ്ഞിനെപ്പോലും , സ്ത്രീത്വം മറയ്ക്കേണ്ടതിനാൽ, കൊതി തീരെ കാണാൻ പോലുമാകാതെ, വേർപിരിഞ്ഞു ജീവിക്കാനേ അമ്മയായ അവൾക്കു കഴിഞ്ഞുള്ളു.\r\nഒരർഥത്തിൽ, അഞ്ചു പുരുഷന്മാർക്കു മുന്നിൽ ഭാര്യാ പദം പങ്കിടേണ്ടി വന്ന പാഞ്ചാലിയും, സ്വന്തം മകളുടെ നെടുവീർപ്പുകൾ കണ്ട് വേദനിച്ച ദ്രുപദ പത്നി പാർഷതിയും സ്ത്രീയെന്ന നിലയിൽ ഒട്ടും വ്യത്യസ്തമായ പരിഗണനയോ, അംഗീകാരമോ നേടാനാവാതെ പോയ കഥാപാത്രങ്ങളാണെന്ന് കവിത പറയാതെ പറയുന്നുണ്ട്. ഇതിഹാസത്തിലെ ഏറെക്കുറെ എല്ലാ സ്ത്രീ കഥാപാത്രങ്ങളും , ഇതുപോലെ വ്യക്തിത്വം സൂക്ഷിക്കാനാവാതെ കണ്ണീർ പ്രളയത്തിൽ ഒഴുകിപ്പോയവരായിരിക്കണം.\r\n\r\nസ്ത്രീ പക്ഷത്തിന്റെ ഹൃദ്യമായ കാവ്യാവിഷ്ക്കാരം\r\n\r\nമഹാഭാരത കഥയിലെ ഒട്ടേറെ സങ്കീർണ്ണ കാവ്യ മുഹൂർത്തങ്ങളും സംഭവങ്ങളും ലളിതമായി, ഒറ്റവായനയിൽ ആസ്വാദനം സാധ്യമാക്കും വിധം , ഹൃദ്യമായി അവതരിപ്പിക്കാൻ കവയിത്രിക്കാകുന്നുണ്ട്. കവിതയെന്ന സാഹിത്യരൂപത്തിന്, ഗദ്യസാഹിത്യരൂപത്തിന്റെ കൂടി ശക്തി പകരുന്ന കൃതിയാണിതെന്ന് പറയാം. കാവ്യ നോവൽ എന്ന സംജ്ഞ തന്നെ ഈ കൃതിക്ക് അന്വർഥമായിട്ടുണ്ട്. ആശയഗ്രഹണത്തിന് താളാത്മക ഭാഷ കഥാസന്ദർഭങ്ങൾക്കനുസരണമായി ഭാവ വ്യത്യാസ മാർജിക്കുന്നുമുണ്ട്. ഇതിഹാസകാലത്തിന്റെ ആഭിജാത്യമുള്ള പശ്ചാത്തലവും, പരിസ്ഥിതിയും കവിതയിൽ ആദ്യന്തം നിലനിർത്തുന്നു. കഥാപാത്രങ്ങളുടെ പുനരാവിഷ്ക്കാരം മാത്രമല്ല, വർത്തമാന കാല സ്ത്രീപക്ഷത്തു നിന്നുള്ള ഇതിഹാസ കാവ്യത്തിന്റെ അപനിർമ്മാണമാണ് ഈ കൃതിയെന്ന് നിസ്സംശയം പറയാം

Rating: 5 of 5 Stars! [5 of 5 Stars!]